Top

കെവി സുധീഷിന്റെ ശരീരത്തില്‍ 37 മുറിവുകള്‍, കുടിപ്പക അവസാനിച്ചത് ഒരു ക്ലാസ് മുറിയില്‍; കണ്ണൂരിനെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍

വടിവാളെടുത്ത് വെട്ടിയാല്‍ ഒഴിഞ്ഞുമാറി, ചവിട്ടി നിലത്തിടാന്‍ ആദ്യ പാഠങ്ങള്‍ തന്നെ ധാരാളം. അക്രമിക്കാനല്ല, പ്രതിരോധിക്കാനാണ് ഗുരുവിന്റെ ഉപദേശം.

20 Jun 2021 11:45 AM GMT
അൻഷിഫ് ആസ്യ മജീദ്

കെവി സുധീഷിന്റെ ശരീരത്തില്‍ 37 മുറിവുകള്‍, കുടിപ്പക അവസാനിച്ചത് ഒരു ക്ലാസ് മുറിയില്‍; കണ്ണൂരിനെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍
X

നിറഞ്ഞാടുന്ന തെയ്യത്തിന്റെ ചുവടുകള്‍ക്ക് പോലും കളരിപ്പയറ്റിന്റെ ചടുലതയുള്ള നാടാണ് കണ്ണൂര്‍. കേരളാ രാഷ്ട്രീയത്തില്‍ പകവീട്ടലിന്റെ ചോരപ്പാടുകള്‍ ഉറങ്ങുന്ന നാട്. പാനൂരില്‍ നിന്ന് ഉത്ഭവിച്ച് കണ്ണൂരിന്റെ ഹൃദയത്തിലേക്ക് പടര്‍ന്നിറങ്ങിയ രാഷ്ട്രീയ കുടിപ്പകയ്ക്ക് ദീര്‍ഘകാലത്തെ രക്ത കലുഷിതമായ ചരിത്രം തന്നെ പറയാനുണ്ട്. പി. ആര്‍ കുറുപ്പിന്റെ രാഷ്ട്രീയ രീതികളെ പ്രതിരോധത്തിനായി സ്വീകരിച്ച സിപിഐമ്മിനോ അക്രമത്തിന്റെ വേരുകളിലൂടെ പാര്‍ട്ടിയെ വളര്‍ത്തിയ ആര്‍എസ്എസിനോ മാറിനില്‍ക്കാനാവാത്ത ചരിത്രം.

മുത്തപ്പന്റെ നിറഞ്ഞാട്ടത്തില്‍ തുടങ്ങി അക്രമാസക്തമായ മിത്തുകളും കണ്ണൂരിന്റെ മണ്ണിലുണ്ട്. കളരി പഠിക്കാത്തവര്‍ ഒരു കാലഘട്ടത്തില്‍ കുറവാണ്. ഒരാള്‍ ആക്രമിക്കാന്‍ വന്നാല്‍ പ്രതിരോധിക്കാനുള്ള മെയ്‌വഴക്കം വേണം. എന്താടാ ചോദിച്ചാല്‍ ഞാനാടാ എന്ന് മറുപടി പറയാനുള്ള തന്റേടമില്ലാത്തവരായി ആരുമില്ല. ഗുരുക്കളെ തോട്ട് വഴങ്ങി മെയ്പയറ്റിന്റെ ആദ്യ പാഠങ്ങള്‍ സ്വന്തമാക്കാത്താവര്‍ അപൂര്‍വ്വമാണ്.

വടിവാളെടുത്ത് വെട്ടിയാല്‍ ഒഴിഞ്ഞുമാറി, ചവിട്ടി നിലത്തിടാന്‍ ആദ്യ പാഠങ്ങള്‍ തന്നെ ധാരാളം. അക്രമിക്കാനല്ല, പ്രതിരോധിക്കാനാണ് ഗുരുവിന്റെ ഉപദേശം. അഭിമാനം സംരക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ല, കളരിയില്‍ എത്തുന്നവര്‍ക്ക് ആയോധന കല മാത്രമല്ല ഗുരു ഉപദേശിക്കുക, അതിന് പോരിന് മുന്‍പുള്ള യോദ്ധാവിന്റെ തയ്യാറെടുപ്പിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതീതിയുണ്ടാവും.

കേരളം മറക്കാത്ത രണ്ട് കൊലപാതകങ്ങളാണ് കെ.വി സുധീഷിന്റെയും കെടി ജയകൃഷ്ണന്റേതും. മിത്തുകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് കേരളം മാറി കഴിഞ്ഞ 1994 ജനുവരി 26നാണ് കെവി സുധീഷ് എന്ന ഊര്‍ജസ്വലനായ സിപിഐഎം യുവനേതാവ് അതിക്രൂരമായി കൊല്ലപ്പെടുന്നത്. നേതൃത്വം നല്‍കിയതാവട്ടെ ആര്‍എസ്എസിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘവും.

കെവി സുധീഷ്

1994 ജനുവരി 25ന് കണ്ണൂരില്‍ ആര്‍എസ്എസ് നേതാവായിരുന്ന സദാനന്ദന്‍ മാസ്റ്റര്‍ ആക്രമിക്കപ്പെടുന്നു. സദാനന്ദന്‍ മാസ്റ്ററുടെ ഇരു കാലുകളും സിപിഐഎം സംഘം വെട്ടിമാറ്റി. കണ്ണൂരില്‍ നടക്കുന്ന ആര്‍എസ്എസ് ആക്രമണങ്ങള്‍ക്ക് സദാനന്ദന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കുന്നതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി ചില വാദങ്ങളുണ്ട്. ഇതാണ് സദാനന്ദനെ ഹിറ്റ്‌ലിസ്റ്റ് ഉള്‍പ്പെടുത്താന്‍ കാരണമായി ചിലര്‍ പിന്നീട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തിരിച്ചടിയുണ്ടാകുമെന്ന് സിപിഐഎം ഉറപ്പിച്ചിരുന്നു.

പ്രമുഖ നേതാക്കള്‍ക്കൊക്കെ സംരക്ഷണം നല്‍കാന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് ചിലരെ നിയോഗിച്ചു. ആര്‍എസ്എസ് ലിസ്റ്റിലുണ്ടായിരുന്ന പലര്‍ക്കും സംരക്ഷണം നല്‍കിയപ്പോള്‍ കെവി സുധീഷിനെതിരെ ആക്രമണമുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. 1994 ജനുവരി 16ന് ഒരു സംഘം കെവി സുധീഷിന്റെ വീട്ടിലെത്തി. സുധീഷേട്ടായെന്ന് ഡോറില്‍ തട്ടി വിളിച്ചു. ആ വിളി പരിചയക്കാരുടേതല്ലെന്ന് തിരിച്ചറിഞ്ഞ സുധീഷ് വാതില്‍ തുറന്നില്ല. അധികം വൈകാതെ സംഘം വാതില്‍ ചവിട്ടി പൊളിച്ച് അകത്തേക്ക് കുതിച്ചു.

ഇരുട്ടില്‍ തുരുതുരെ വെട്ടി ഓടിവന്നവരെ പേടിപ്പിച്ചും പിടിച്ചുവെച്ചും കൃത്യം പൂര്‍ത്തിയാക്കി അവര്‍ മടങ്ങി. ചലച്ചിത്ര സംവിധായകനായ ദീപേഷാണ് കെവി സുധീഷിന്റെ നുറുങ്ങിയ ശരീരം പൊതിഞ്ഞ് ആശുപത്രിയിലെത്തിക്കുന്നത്. 37 വെട്ടുകളാണ് അന്ന് സുധീഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. പലതും തുന്നിക്കെട്ടാന്‍ പോലും കഴിയാത്തവ. മഴുവും വാളുമായിരുന്നു അക്രമികള്‍ ഉപയോഗിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

"സുധീഷിനെ കോരിയെടുക്കുമ്പോള്‍ കൈകള്‍ക്കിടയിലൂടെ മാംസഭാഗങ്ങള്‍ ഊര്‍ന്നു വീഴുന്നു. അവിടെ തൂങ്ങിക്കിടന്നിരുന്ന കര്‍ട്ടന്‍ പറിച്ചെടുത്തു സുധീഷിനെ വാരിയിട്ട് ആംബുലന്‍സില്‍ കയറ്റി. അപ്പോഴേക്കും നാട്ടുകാരനായ ഒരാള്‍ കൂടിയെത്തി. അയാള്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റില്‍ കയറി. വെട്ടേറ്റ ദേഹവുമായി ഞാന്‍ പുറകില്‍. കാലുകള്‍ക്കിടയിലൂടെ ചോര ഒലിച്ചുപോകുന്നത് അറിയുന്നുണ്ട്. ആംബുലന്‍സില്‍ നിന്നു റോഡിലേക്ക് ഒലിച്ചിറങ്ങിയ ചോര പില്‍ക്കാലത്ത് എന്നെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്." ദീപേഷിന്റെ വാക്കുകള്‍.

പ്രായപൂര്‍ത്തിയാവാത്ത ദീപേഷിനെ അന്ന് വീട്ടിലേക്ക് തിരികെ അയച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. കോടിയേരി തന്നെയാണ് പാര്‍ട്ടി നേതാക്കളില്‍ കെവി സുധീഷിന്റെ ചേതനയറ്റ ശരീരം ആദ്യമായി കണ്ടതും. കൊലപാതകത്തില്‍ പങ്കെടുത്തവരെല്ലാം പൊലീസ് പിടിയിലായി. ശിക്ഷ അനുഭവിക്കുകയാണ്.

കെ.ടി ജയകൃഷ്ണന്‍

ആര്‍എസ്എസിന്റെ പാനൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവായിരുന്നു കെ.ടി ജയകൃഷ്ണന്‍. കെ.വി സുധീഷിന്റെ ഉള്‍പ്പെടെയുള്ള നിരവധി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ജയകൃഷ്ണന്റെ ആസൂത്രണ ബുദ്ധിയാണെന്ന് അക്കാലത്ത് തന്നെ സിപിഐഎമ്മിന് വിവരം ലഭിച്ചിരുന്നു. ജയകൃഷ്ണന്‍ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ടതും അക്കാലഘട്ടങ്ങളില്‍ തന്നെയാണ്. അദ്ധ്യാപകനായ ജയകൃഷ്ണന്‍ സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്. മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് കെ.ടി ജയകൃഷ്ണന്‍ താമസിക്കുന്ന സ്ഥലവും സ്‌കൂളും തമ്മില്‍.

താമസം ആര്‍എസ്എസ് ഗ്രാമത്തിലാണ്, ആദ്യ കിലോമീറ്ററിന് ശേഷം ഇരു പാര്‍ട്ടികള്‍ക്കും മുന്‍തൂക്കമുള്ള ഗ്രാമം പിന്നീട് സിപിഐഎമ്മിന്റെ പാര്‍ട്ടി ഗ്രാമമാണ്. ഇവിടെ വെച്ച് ആക്രമണം ഉണ്ടാവാതിരിക്കാനാണ് ജയകൃഷ്ണന്‍ കുട്ടികളുമായി ഒന്നിച്ച് യാത്ര ചെയ്യുന്നത്. എസ് കത്തിയും ബോംബുമുള്ള തോള്‍ സഞ്ചി അദ്ദേഹം കൈയ്യില്‍ കരുതിയിരുന്നതായും ചില വെളിപ്പെടുത്തലുകളുണ്ട്. ഏത് സമയവും ആക്രമണം പ്രതീക്ഷിച്ചിരുന്നുവെന്ന് ചുരുക്കം.

വിഷം നല്‍കി കൊല്ലുമെന്ന പേടി കാരണം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പോലും കഴിക്കാന്‍ അദ്ദേഹം മടിച്ചിരുന്നു. 1999 ഡിസംബര്‍ ഒന്നിന് പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളില്‍ ക്ലാസ്സെടുക്കുന്നതിനിടെയാണ് കെ.ടി ജയകൃഷ്ണനെ കൊലപ്പെടുത്തുന്നത്. തക്കം പാര്‍ത്തിരുന്ന അക്രമികള്‍ ജയകൃഷ്ണന്‍ ഒരിക്കലും പ്രതീക്ഷിക്കാതെ ചാടി വീണു. യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം അക്കാലത്ത്. മരണം ഉറപ്പിച്ച ശേഷമാണ് അക്രമിസംഘം മടങ്ങിയത്. കെ.വി സുധീഷിന്റെ കൊലപാതകത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം ആസൂത്രിതമായി നടപ്പിലാക്കി ഈ കൊലപാതകം കണ്ണൂരിന്റെ കുടിപ്പകയുടെ ആക്കം വ്യക്തമാക്കുന്നതാണ്.

കേസില്‍ അച്ചാരമ്പത്ത് പ്രദീപന്‍, നല്ലവീട്ടില്‍ ഷാജി, സുന്ദരന്‍, ദിനേഷ് ബാബു, അനില്‍ കുമാര്‍ എന്നീ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് തലശ്ശേരി അതിവേഗ കോടതി വധശിക്ഷ വിധിച്ചിരുന്നു. കേരളാ ഹൈക്കോടതി വധശിക്ഷ ശരി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീംകോടതി പ്രതി അച്ചാരമ്പത്ത് പ്രദീപന്റെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ബാക്കിയുള്ളവരെ വെറുതെവിട്ടു.

കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൊളിളക്കമുണ്ടാക്കിയ കൊലപാതകമായിരുന്നു ഇത്. കെവി സുധീഷിലും കെടി ജയകൃഷ്ണനിലും അവസാനിക്കാതെ അത് അനന്തമായി നീളുകയും ചെയ്യുന്നു.

Next Story

Popular Stories