ട്വിറ്ററിന് ഇനി ഇന്ത്യയില്‍ നിയമ പരിരക്ഷയില്ല; ആദ്യ കേസ് മുസ്ലിം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍
ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ നഷ്ടമായി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഇനി ട്വിറ്ററില്‍ വരുന്ന ട്വീറ്റുകള്‍ക്കെതിരെ കേസ് വന്നാല്‍ ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം കമ്പനിക്കായിരിക്കും. ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവികളെ ചോദ്യം ചെയ്യാനും മറ്റു നടപടികള്‍ സ്വീകരിക്കാനും പൊലീസിന് കഴിയും. ‘ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ അവര്‍ക്കുള്ള സംരക്ഷണം നഷ്ടപ്പെട്ടു. ഏതൊരു പ്രസാധകനെയും […]
15 Jun 2021 11:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ നഷ്ടമായി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഇനി ട്വിറ്ററില്‍ വരുന്ന ട്വീറ്റുകള്‍ക്കെതിരെ കേസ് വന്നാല്‍ ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം കമ്പനിക്കായിരിക്കും. ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവികളെ ചോദ്യം ചെയ്യാനും മറ്റു നടപടികള്‍ സ്വീകരിക്കാനും പൊലീസിന് കഴിയും.
‘ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ അവര്‍ക്കുള്ള സംരക്ഷണം നഷ്ടപ്പെട്ടു. ഏതൊരു പ്രസാധകനെയും പോലെ ഇനി ഇന്ത്യന്‍ നിയമത്തിലെ ശിക്ഷാ നടപടികളില്‍ ട്വിറ്ററും ബാധ്യസ്ഥരാണ്,’ ഐടി മന്ത്രാലയ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ട്വിറ്ററിനെതിരെ സാമുദായിക സംഘര്‍ഷം ഉണ്ടക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം. ഗാസിയാബാദില്‍ ജയ് ശ്രീരാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം വയോധികനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചെന്ന ട്വീറ്റ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ഈ ട്വീറ്റ് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പറഞ്ഞാണ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് തന്നെ ഒരു കൂട്ടമാളുകള്‍ ആക്രമിച്ചെന്നാണ് സൂഫി അബ്ദുള്‍ സമദ് എന്ന വയോധികന് പറഞ്ഞത്. എന്നാല്‍ ഇതൊരു വര്‍ഗീയ ആക്രമണമല്ലെന്നും ഈ വൃദ്ധന് വിറ്റ തകിടുകളുടെ പേരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്‍പ്പെട്ട സംഘമാണ് ഇയാളെ ആക്രമിച്ചതെന്ന് യുപി പൊലീസ് പറയുന്നു. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടും ഈ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തില്ലെന്ന് പൊലീസ് പറയുന്നു.
സമൂഹ മാധ്യമങ്ങള്‍ക്കായി കൊണ്ടു വന്ന ഐടി ചട്ടം പാലിക്കാന്‍ ട്വിറ്ററിന് അധിക സമയം അനുവദിച്ചിട്ടും നടപ്പാക്കിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം ചട്ടങ്ങളോട് ആദ്യ ഘട്ടത്തില്‍ മടി കാണിച്ച ട്വിറ്റര്‍ പിന്നീട് ഇവ പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതി പരിഹാര ഓഫീസറെ കമ്പനി നിയമിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ കേന്ദ്ര ഐടി മന്ത്രാലയത്തിന് നല്‍കുമെന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു.
- TAGS: