ഉയിഗൂര്‍ സ്ത്രീകള്‍ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനല്ലെന്ന് ചൈനീസ് എംബസി; പൂട്ടിട്ട് ട്വിറ്റര്‍

ഉയിഗുര്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ ചൈനീസ് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു. ഉയിഗൂര്‍ സ്ത്രീകള്‍ ഇനി കുട്ടികളെ ഉണ്ടാക്കുന്ന മെഷീനല്ല എന്നായിരുന്നു യുഎസിലെ ചൈനീസ് എംബസി അക്കൗണ്ടില്‍ നിന്നു വന്ന ട്വീറ്റ്. ഒരു ചൈനീസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ട് ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. ട്വീറ്റിന് പിന്നാലെ ഉടന്‍ തന്നെ ട്വിറ്റര്‍ നടപടിയെടുത്തു.
തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഈ ട്വീറ്റ് ട്വിറ്റര്‍ ലോക്ക് ചെയ്തു.
‘ മതം, ജാതി, വംശം, പ്രായം, ദേശീയത, എന്നിവയെ അടിസ്ഥാനമാക്കി ഒരു വിഭാഗത്തിനോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെ ട്വിറ്റര്‍ അംഗീകരിക്കുന്നില്ല,’ കമ്പനി ഇറക്കിയ വിശദീകരണ പ്രസ്താവനയില്‍ പറയുന്നു.
പത്തു ലക്ഷത്തിലേറെ ഉയിഗൂര്‍ വംശജരാണ് ചൈനയിലെ വിവിധ ക്വാമ്പുകളിലായുള്ളത്. കോണ്സണ്ട്രോഷന് ക്യാമ്പുകള്‍ക്ക് സമാനമായ ഈ ക്യാമ്പുകളില്‍ നിര്‍ബന്ധിത ജോലി, വന്ധ്യം കരണം, മതവിശ്വാസത്തിനെതിരെ ക്ലാസുകള്‍ തുടങ്ങിയ നടത്തുന്നുണ്ടെന്നാണ് ആരോപണം. ചൈനയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങിലെ പ്രത്യേക വംശജരമാണ് ഉയിഗൂര്‍. ഭൂരിഭാഗവും മുസ്ലിം മതസ്ഥാരായ ഇവരില്‍ പലരെയും നിര്‍ബന്ധിതമായി ക്യാമ്പുകളിലടയ്ക്കുകയാണ്. കോട്ടണ്‍ ഉല്പാദനത്തിന്രെ പ്രധാനമേഖലയാണ് സിന്‍ജിയാങ്. ക്യാമ്പകളിലടയ്ക്കുന്ന ഉയിഗൂര്‍ വംശജരെ കൊണ്ട് നിര്‍ബന്ധിതമായി ജോലി ചെയ്യിച്ച് ഉല്പാദനം കൂട്ടി കോട്ടണ്‍ കയറ്റുമതി നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. അടുത്തിടെ സിന്‍ജിയാങ് മേഖലയില്‍ നിന്നുള്ള കോട്ടണ്‍ ഇറക്കുമതി തടയുമെന്ന് അമേരിക്സ പ്രഖ്യാപിച്ചിരുന്നു.