Top

സാബു എം ജേക്കബിന്റെ ഭരണം നടക്കില്ല; ട്വന്റി ട്വന്റി പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ മാറ്റാന്‍ നീക്കം

ഇതിന്റെ ഭാഗമായി ട്വന്റി ട്വന്റി ഭരിക്കുന്ന വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ ഉടന്‍ മാറ്റുമെന്നാണ് സൂചന.

23 Jan 2021 8:22 PM GMT

സാബു എം ജേക്കബിന്റെ ഭരണം നടക്കില്ല; ട്വന്റി ട്വന്റി പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ മാറ്റാന്‍ നീക്കം
X

ഭരണത്തിലിരിക്കുന്ന പഞ്ചായത്തുകളില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ട്വന്റി ട്വന്റിക്ക് തിരിച്ചടി. കമ്പനി എംഡിയായ സാബു എം ജേക്കബിന്റെ ഭരണത്തിന് തടയിടാന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെടുകയാണ്. ട്വന്റി ട്വന്റിക്ക് അനുകൂലമായി നിലപാടെടുക്കുന്ന പഞ്ചായത്ത് സെക്രട്ടറിമാരെ നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ട്വന്റി-ട്വന്റി ഭരിക്കുന്ന വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ ഉടന്‍ നീക്കുമെന്നാണ് സൂചന.

കിഴക്കമ്പലം പഞ്ചായത്ത് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് സംഘടനയാണ്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുലക്ഷം രൂപ ശമ്പളം നല്‍കിയിരുന്നുവെന്നായിരുന്നു കെ വി ജേക്കബിന്റെ ആരോപണം. പ്രസിഡന്റിന് 13,000 രൂപ സര്‍ക്കാര്‍ അലവന്‍സിനുപുറമെ 25,000 രൂപയാണ് ട്വന്റി 20 നല്‍കിയിരുന്ന ശമ്പളം. വൈസ് പ്രസിഡന്റിന് 20,000, വാര്‍ഡ് മെമ്പര്‍ക്ക് 15,000 എന്നിങ്ങനെയും. എല്ലാമാസവും രണ്ടാം തീയതി ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തും.

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ട്വന്റി ട്വന്റി അധികാരത്തിലിരിക്കുന്നത്. കഴിഞ്ഞ തവണ കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രമായിരുന്നു കിറ്റക്സ് ഗ്രൂപ്പിന്റെ ട്വന്റി ട്വന്റി അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ പിന്തള്ളിക്കൊണ്ട് കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളും ട്വന്റി ട്വന്റി പിടിച്ചെടുത്തിരുന്നു.

ഇതില്‍ 19 അംഗങ്ങളുള്ള മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സാബു എം ജേക്കബ് തന്നെയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ബേബി എം ജേക്കബ് ആലപ്പുഴ, ഇടുക്കി ജില്ലാക്കാരായ ട്വന്റി ട്വന്റിക്കാരുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പ്രതിപക്ഷത്തിന്റെ കനത്ത എതിര്‍പ്പിനെ മറികടന്നാണ് ജനാധിപത്യ സംവിധാനത്തിനെ വെല്ലുവിളിച്ച് ആസൂത്രണ സമിതി രൂപീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ പഞ്ചായത്ത് ആസൂത്രണ സമിതി രൂപീകരിക്കുന്നത്.

കിറ്റെക്‌സ് ഗ്രൂപ്പിന്റെ മലിനീകരണ പ്രശ്‌നത്തിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചതോടെ ഇതിനെ മറികടക്കാന്‍ ആരംഭിച്ചതാണ് ട്വന്റി ട്വന്റി കൂട്ടായ്മ. കമ്പനിയുടെ ബ്ലീച്ചിംഗ് ആന്റ് ഡൈയിംഗ് യൂണിറ്റുകളെ കുറിച്ചുള്ള വിവരാവകാശ പ്രകാരമുള്ള അന്വേഷണത്തിന് കൃത്യമായി മറുപടിയും പഞ്ചായത്തില്‍ നിന്നും ലഭിച്ചിരുന്നില്ല. അപേക്ഷയിലെ പത്തു ചോദ്യങ്ങള്‍ക്കും വിവരം ലഭ്യമല്ല എന്ന മറുപടിയാണ് പഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ നല്‍കിയത്.

Next Story