‘കേരളത്തില്‍ ലവ് ജിഹാദ് ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയം’; പരസ്പരം ഇഷ്ടപ്പെടുന്നവര്‍ ഒരുമിച്ച് ജീവിക്കട്ടെയെന്ന്‌ തൃശ്ശൂര്‍ ബിഷപ്പ്

തിരുവന്തപുരം: കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദം തീര്‍ത്തും അപ്രസക്തമെന്ന് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ഇവിടെയ്ക്ക് ലവ് ജിഹാദ് കൊണ്ടുവരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും ബിഷപ്പ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുപി മോഡല്‍ ലവ് ജിഹാദ് നിയമ നിര്‍മ്മാണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വാസ്തവത്തില്‍ അപ്രസക്തമായ ഒരു വിഷയമായിട്ടാണ് ഞാന്‍ ലവ് ജിഹാദിനെ കാണുന്നത്. ലോകം മാറി വരുകയാണ്. ഇവിടെ സ്ത്രീയ്ക്കും പുരുഷനും പരസ്പരം കാണുവാനും സംസാരിക്കുവാനും അവസരമുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ അവര്‍ പരസ്പരം സ്‌നേഹിക്കുന്നും വിഹാഹം ചെയ്യുന്നതും സ്വാഭാവികമാണ്. കേരളത്തില്‍ ലവ് ജിഹാദ് ആരോപിക്കുന്നതിന് പിന്നില്‍ നൂറു ശതമാനവും രാഷ്ട്രീയമാണ്.

ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്

പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം കാണട്ടെ. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഒരുമിച്ച് ജീവിക്കട്ടെ. കേരളത്തില്‍ മത സാഹചര്യം പരിശോധിച്ചാല് കാണാന്‍ സാധിക്കും വിവാഹത്തിന് ശേഷം അവര്‍ ആണ്‍ക്കുട്ടിയുടേയോ പെണ്‍കുട്ടിയുടേയോ മതത്തിലേക്ക് മാറും മാറാതെയും ഇരിക്കും അതിനെ ലവ് ജിഹാദെന്ന് വിളിക്കാനാവില്ല.

കാലക്രമേണ കേരളത്തില്‍ മതം മാറാതെ തന്നെ വിവാഹം ചെയ്യുന്നതിനുള്ള സാഹചര്യം വന്നുചേരും. വിദേശ രാജ്യങ്ങളില്‍ രണ്ട് മതസ്തര്‍ തമ്മിലുള്ള വിവാഹം സഭ തന്നെ നടത്തികൊടുക്കുന്നുണ്ട്. ആ സാഹചര്യം ഇവിടെയും വന്നെത്തണമെന്നാണ് തന്റെ ആഗ്രഹമമെന്നും ബിഷപ്പ് പറഞ്ഞു. ഇതിന് മുമ്പ് രണ്ട് പേരോട് രണ്ട് മതസ്തരായി തന്നെ ജീവിച്ചോളു എന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് സഭയുടേതല്ല തന്റെ അഭിപ്രായം മാത്രമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

Latest News