Top

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; അവാർഡ് ജേതാക്കളുടെ സമ്പൂ‍ർണ പട്ടിക

പ്രാഥമിക വിധിനിര്‍ണയ സമിതിയുടെ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കു ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധിനിര്‍ണയ സമിതിയ്ക്ക് മുന്നിലെത്തിയത്

16 Oct 2021 11:59 AM GMT
ഫിൽമി റിപ്പോർട്ടർ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; അവാർഡ് ജേതാക്കളുടെ സമ്പൂ‍ർണ പട്ടിക
X

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. പ്രാഥമിക വിധിനിര്‍ണയ സമിതിയുടെ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കു ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധിനിര്‍ണയ സമിതിയ്ക്ക് മുന്നിലെത്തിയത്. ഇതുകൂടാതെ, വിവിധ വിഭാഗം പുരസ്‌കാരങ്ങളുടെ പരിഗണനയ്ക്കായി 10 ചിത്രങ്ങള്‍കൂടി അന്തിമ വിധിനിര്‍ണയ സമിതി കണ്ടു. 38 ഓളം വരുന്ന നവാഗത സംവിധായകരുടെ ശക്തമായ സാന്നിധ്യവും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്‌കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതില്‍ സംശയമില്ല.

മികച്ച ചിത്രം-ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, സംവിധായകന്‍-ജിയോ ബേബ, നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ്. പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത, നിശ്ശബ്ദമായ ആണ്‍കോയ്മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രം.

മികച്ച രണ്ടാമത്തെ ചിത്രം-തിങ്കളാഴ്ച നിശ്ചയം, സംവിധായകന്‍-സെന്ന ഹഗ്‌ഡേ, നിര്‍മ്മാതാവ് പുഷ്‌കര മല്ലികാര്‍ജുനയ്യ. തികച്ചും സാധാരണമായ ജീവിതമുഹൂര്‍ത്തങ്ങളുടെ രസകരമായ ആവിഷ്‌കരണത്തിലൂടെ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ജനാധിപത്യവത്കരണത്തിനും സ്ത്രീകളുടെ സ്വയംനിര്‍ണയാവകാശത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന ചിത്രം.

മികച്ച സംവിധായകന്‍- സിദ്ധാര്‍ത്ഥ ശിവ, ചിത്രം-എന്നിവര്‍. ജീവിതത്തിലെ നിര്‍ണായകമായ ഒരു പരീക്ഷണഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്പഭദ്രതയോടെ അയത്‌നലളിതമായി ആവിഷ്‌കരിച്ച സംവിധാനമികവിന്.

മികച്ച നടന്‍-ജയസൂര്യ, ചിത്രം-വെള്ളം, ദി എസന്‍ഷ്യല്‍ ഡ്രിങ്ക്. മദ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാവാന്‍ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിന്.

മികച്ച നടി-അന്ന ബെന്‍, ചിത്രം-കപ്പേള. ജീവിതത്തില്‍ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ച പ്രകടന മികവിന്.

മികച്ച സ്വഭാവനടന്‍-സുധീഷ്, ചിത്രങ്ങള്‍-എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം. ദയാരഹിതവും ഹിംസാത്മകവുമായ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വേഷം 'എന്നിവരി'ലും തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രം 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്ന ചിത്രത്തിലും അതിഭാവുകത്വമില്ലാതെ സ്വാഭാവികമായി അവതരിപ്പിച്ച പ്രകടന മികവിന്.

മികച്ച സ്വഭാവനടി-ശ്രീരേഖ, ചിത്രം-വെയില്‍. വിധവയായ ഒരു സ്ത്രീയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ആത്മസമരങ്ങളും ജീവിതദൈന്യതകളും നിസ്സഹായതയും ഹര്‍ഷസംഘര്‍ഷങ്ങളും തന്മയത്വത്തോടെ ആവിഷ്‌കരിച്ച അഭിനയ മികവിന്.

മികച്ച കഥാകൃത്ത്-സെന്ന ഹെഗ്‌ഡെ, ചിത്രം-തിങ്കളാഴ്ച നിശ്ചയം. ജനാധിപത്യം എന്നത് ഒരു രാഷ്ടീയ സംവിധാനം മാത്രമല്ലെന്നും അത് കുടുംബത്തിലും സ്ത്രീപുരുഷബന്ധങ്ങളിലും പ്രാവര്‍ത്തികമാക്കേണ്ട വിശാലമായ ഒരു ജീവിതാദര്‍ശമാണെന്നുമുള്ള നിലപാടിനെ ഹൃദ്യമായ ഒരു കഥയായി പരിവര്‍ത്തിപ്പിച്ച രചനാ മികവിന്.

മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- എം. ജയചന്ദ്രന്‍, ചിത്രം- സൂഫിയും സുജാതയും, ഗാനം- വാതുക്കല് വെള്ളരിപ്രാവ്.ഗസലുകളുടെയും സൂഫി സംഗീതത്തിന്റെയും മനോഹരമായ മിശ്രണത്തിലൂടെ പ്രണയത്തിന്റെ ആത്മീയവും മായികവുമായ ഭാവങ്ങള്‍ അനുഭവിപ്പിച്ച സംഗീത മികവിന്.

മികച്ച പിന്നണി ഗായകന്‍- ഷഹബാസ് അമന്‍, ഗാനങ്ങള്‍ സുന്ദരനായവനേ(ഹലാല്‍ ലവ് സ്റ്റോറി), ആകാശമായവളേ (വെള്ളം)ചലച്ചിത്ര ഗാനാലാപന ശൈലിയുടെ പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി കാല്‍പ്പനികേതരവും സാര്‍വ്വലൗകികവുമായ ഭാവാവിഷ്‌കാരങ്ങള്‍ അനുഭവിപ്പിക്കുന്ന ആലാപന ചാരുതയ്ക്ക്.

മികച്ച പിന്നണി ഗായിക-നിത്യ മാമ്മന്‍, ചിത്രം-സൂഫിയും സുജാതയും, ഗാനം- വാതുക്കല് വെള്ളരിപ്രാവ്. ശബ്ദമില്ലാത്ത കേന്ദ്രകഥാപാത്രത്തിന്റെ ആന്തരികലോകം അതിമധുരമായ ആലാപനശൈലിയിലൂടെ ആവിഷ്‌കരിച്ചതിന്.

മികച്ച തിരക്കഥാകൃത്ത്- ജിയോ ബേബി, ചിത്രം-ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ആണധികാര വ്യവസ്ഥയില്‍ അടുക്കള എന്ന ഇടം എത്രമാത്രം സ്ത്രീവിരുദ്ധമായി മാറുന്നുവെന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ മിതമായ സംഭാഷണങ്ങളിലൂടെയും വാചാലമായ ദൃശ്യങ്ങളിലൂടെയും അവതരിപ്പിച്ച രചനാ മികവിന്.

മികച്ച നവാഗത സംവിധായകന്‍- മുഹമ്മദ് മുസ്തഫ ടി.ടി., ചിത്രം- കപ്പേള. പ്രണയത്തിന്റെയും വഞ്ചനയുടെയും അനുഭവതലങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം, അതിഭാവുകത്വമില്ലാതെ കൈയൊതുക്കത്തോടെ ആവിഷ്‌കരിച്ച സംവിധാന മികവിന്.

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- എ.കെ.അയ്യപ്പനും കോശിയും, നിര്‍മ്മാതാവ്- ഗോള്‍ഡ് കോയിന്‍ മോഷന്‍, പിക്ച്ചര്‍ കമ്പനി, സംവിധായകന്‍- സച്ചിദാനന്ദന്‍ കെ.ആര്‍. ഉയര്‍ന്ന സാമൂഹിക പദവിയുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന പ്രബലരും സാധാരണ മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെ കലാമൂല്യവും ജനപ്രിയ ഘടകങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ചിത്രം.

മികച്ച ഗാനരചയിതാവ്- അന്‍വര്‍ അലി, ഗാനങ്ങള്‍- സ്മരണകള്‍ കാടായ് (ഭൂമിയിലെ മനോഹര സ്വകാര്യം), തീരമേ... തീരമേ.. (മാലിക്). ചലച്ചിത്ര ഗാനരചനയുടെ ചരിത്രപാരമ്പര്യത്തില്‍ നിന്നുള്ള പ്രകടമായ വിച്ഛേദം എന്ന നിലയില്‍, കാല്‍പ്പനികമായ ഭാവുകത്വത്തിന് അപ്പുറം നിന്നുകൊണ്ട് കവിതയുടെ ബിംബകല്‍പ്പനകളും മൊഴിവഴക്കങ്ങളും പരീക്ഷിക്കുന്ന രചനാ മികവിന്.

മികച്ച കുട്ടികളുടെ ചിത്രം- ബൊണാമി, നിര്‍മ്മാതാവ്- സിന്‍സീര്‍, സംവിധായകന്‍ - ടോണി സുകുമാര്‍. ഒരു കുട്ടിയും നായ്ക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവികമായ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്ന ചിത്രം.

മികച്ച നൃത്തസംവിധാനം -ലളിത സോബി, ബാബു സേവ്യര്‍, ചിത്രം- സൂഫിയും സുജാതയും. പ്രണയത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആത്മീയതയുടെയും പ്രമേയ പശ്ചാത്തലത്തിന് അനുയോജ്യമായ ചുവടുകള്‍ ഒരുക്കിയ നൃത്തസംവിധാന മികവിന്.

രചനാ വിഭാഗം അവാര്‍ഡുകള്‍

മികച്ച ചലച്ചിത്ര ഗ്രന്ഥം- ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍, ഗ്രന്ഥകര്‍ത്താവ്-പി.കെ.സുരേന്ദ്രന്‍. ലോക സിനിമയെയും സമകാലിക മലയാള സിനിമയെയും കുറിച്ചുള്ള ലേഖനങ്ങളിലൂടെ മൗലികവും അപഗ്രഥനാത്മകവുമായ ചലച്ചിത്ര നിരൂപണരീതിയുടെ പ്രയോഗത്തിന്.

മികച്ച ചലച്ചിത്ര ലേഖനം- അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍(സമകാലിക മലയാളം വാരിക), ലേഖകന്‍-ജോണ്‍ സാമുവല്‍മലയാള സിനിമയിലെ ആധുനികതയ്ക്ക് മഹത്തായ സംഭാവന നല്‍കിയ അടൂര്‍ ഗോപാലകൃഷ്ണന്റെ അഞ്ചു സിനിമകളിലെ നായക കഥാപാത്രസൃഷ്ടിയുടെ ലാവണ്യപരവും സാമൂഹികവും ദൃശ്യപരവുമായ സവിശേഷതകള്‍ മൗലികമായി വിശകലനം ചെയ്തതിന്.

Next Story