Top

സ്വിറ്റ്സർലാന്റിലേക്ക് ഒരു ആനവണ്ടി യാത്ര

ഓരോ യാത്രകളിലും മറക്കാനാവാത്ത ചില കാഴ്ചകളുണ്ടാകും... അതുപോലെ തന്നെയാണ് പുതിയ യാത്രകളെ കുറിച്ചുള്ള സ്വപ്‌നങ്ങളും..

7 Sep 2021 5:06 PM GMT
അർജുന്‍ ജോ

സ്വിറ്റ്സർലാന്റിലേക്ക് ഒരു ആനവണ്ടി യാത്ര
X

നമ്മുടെ തൊട്ടയല്പക്കത്തെ കൊച്ചു സ്വിറ്റ്സർലാന്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ..

സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് `കോത്തഗിരി´ എന്ന ഇന്ത്യൻ സ്വിറ്റ്സർലാൻഡ്..


ഒരിക്കലെങ്കിലും സ്വിറ്റ്സർലാന്റ് സന്ദര്‍ശിക്കുക എന്നത് സ്വപ്നമായി കൊണ്ടുനടക്കുന്ന ചിലരെങ്കിലും ഉണ്ടാകും. എന്നാല്‍ കേട്ടോളൂ ഒരു ആനവണ്ടി യാത്രയിൽ എത്തിച്ചേരാൻ സാധിക്കുന്ന ദൂരത്തുണ്ട് നമ്മുടെ കേരളത്തിന്റെ തൊട്ടയല്‍പക്കത്ത് എത്ര കണ്ടാലും മതി വരാത്ത ഒരു കൊച്ചു സ്വിറ്റ്സർലാന്റ്. അതാണ്‌ `കോത്തഗിരി´. ഇന്ത്യൻ സ്വിറ്റ്സർലാന്റ് എന്നുതന്നെയാണ് കോത്തഗിരി അറിയപ്പെടുന്നതും.

ഊട്ടി മലനിരകളുടെ അയൽവാസിയായ കോത്തഗിരി മലനിരകളെ ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് എന്ന് ആദ്യം വിളിച്ചത് വിദേശികളാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഒഴിവുകാല വസതി എന്ന പേരില്‍ പ്രശസ്തമായ കോത്തഗിരിയെ സ്വിറ്റ്‌സർലന്റുമായി സാമ്യമുള്ളതാക്കുന്നത് അവിടുത്തെ മനോഹരമായ കാലാവസ്ഥയാണ്.


സഞ്ചാരികളുടെ പറുദീസയായ ഊട്ടിയുടെ തൊട്ടടുത്ത് മഞ്ഞുപുതച്ച് കിടക്കുന്ന കോത്തഗിരി സത്യത്തില്‍ ഊട്ടിയേക്കാള്‍ മനോഹരിയാണെന്നു പറയണം.

ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം. സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ വയനാടുനിന്നും പാലക്കാടുനിന്നും ഊട്ടിയിലേക്കുള്ള ആനവണ്ടിയില്‍ കോത്തഗിരിയില്‍ നമുക്കെത്തിച്ചേരാം.

സഞ്ചാരികളുടെ തള്ളികയറ്റമില്ലാതെ പ്രശാന്തസുന്ദരമാണ് ഇവിടം. മനോഹരമായ മലനിരകളും വ്യൂ പോയിന്റുകളുമാണ് കോത്തഗിരിയിലേത്. നോക്കെത്താ ദൂരങ്ങളോളം നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങളും ഭംഗിയുള്ള പച്ച ഭൂപ്രകൃതിയാലും ചുറ്റപ്പെട്ട കോത്തഗിരി ട്രക്കിംഗിനും അനുയോജ്യമാണ്.

ഹോട്ടലുകളും താമസ സൗകര്യങ്ങളും കുറവാണെങ്കിലും ഊട്ടിയുമായി താരത്മ്യം ചെയ്തുനോക്കിയാല്‍ കോത്തഗിരിയിലേക്കുള്ള യാത്ര ചെലവ് വളരെ കുറവാണ്. ഇനി അല്പം ആഡംബരം ആവാമെങ്കില്‍ മനോഹരമായ റിസോർട്ടുകളും സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറായി ഉണ്ട്.


കോത്ത എന്ന വിഭാഗത്തിൽപെട്ട ആദിവാസികളുടെ നാടായതിനാലാണ് ഈ പ്രദേശത്തിന് കോത്തഗിരി എന്ന വിളിപ്പേര് വീണത്. കോടനാട് വ്യൂ പോയിന്റും, കാതറിന്‍ വെള്ളച്ചാട്ടവും, രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാന സഞ്ചാരയിടങ്ങള്‍. നീലഗിരി താഴ്‌വരയുടെ 'പനോരമ ഫോട്ടോ'യെന്ന് കോടനാട് വ്യൂ പോയിന്റിനെ വിശേഷിപ്പിക്കാം.

ഏപ്രില്‍ മാസത്തില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നതാണ് കോത്തഗിരിയുടെ മറ്റൊരു സവിശേഷത. ഡിസംബര്‍ മുതല്‍ മെയ്‌ മാസം വരെയാണ് കോത്തഗിരി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

Next Story

Popular Stories