Top

ദേവദാരു പൂത്തു നിൽക്കുന്ന മണാലിയിലേക്കൊരു ട്രിപ്പടിക്കാം; സന്ദർശിച്ചിരിക്കേണ്ട എട്ട് പ്രധാന സ്ഥലങ്ങൾ

ഹിമാലയത്തിനോട് ചേര്‍ന്നു കിടക്കുന്ന ഈ വിസ്മയം കാണാന്‍ ലോകത്തിന്റെ പല കോണുക്കളില്‍ നിന്നാണ് സഞ്ചാരികൾ എത്തുന്നത്.

10 Aug 2022 9:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേവദാരു പൂത്തു നിൽക്കുന്ന മണാലിയിലേക്കൊരു ട്രിപ്പടിക്കാം; സന്ദർശിച്ചിരിക്കേണ്ട എട്ട് പ്രധാന സ്ഥലങ്ങൾ
X

മഞ്ഞു മൂടിയ ഹിമാലയത്തിലേക്കുളള ട്രിപ്പ് എല്ലാ യാത്രാ പ്രേമികളുടേയും മോഹമാണ്. ഹിമാലയൻ ട്രിപ്പിന്റെ പ്രധാന ആകർഷണം മണാലിയാണ്. താഴ്വരയിൽ ശാന്ത സുന്ദരമായി കിടക്കുന്ന മടക്ക യാത്രയ്ക്ക് പ്രേരിപ്പിക്കാത്ത ഇടം അതാണ് മണാലി. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും ആഗ്രഹിക്കുന്നവരെ ഈ സുന്ദരഭൂമി ഒരിക്കലും നിരാശപ്പെടുത്താറില്ല. വഴി നീളെ തലപൊക്കി നിൽക്കുന്ന പൈൻ മരങ്ങളും ബിയാസ് നദിയും യാത്രക്കാരുടെ മനം കവരുന്നതാണ്. ഇതിനൊക്കെ പുറമെ ഒരുപാട് ക്ഷേത്രങ്ങളും, ചെറിയ അരുവികളും പഴയ പട്ടണങ്ങളും മണാലിയുടെ മനോഹാരിത കൂട്ടുന്നു.

ഹിമാലയത്തിനോട് ചേര്‍ന്നു കിടക്കുന്ന ഈ വിസ്മയം കാണാന്‍ ലോകത്തിന്റെ പല കോണുക്കളില്‍ നിന്നാണ് സഞ്ചാരികൾ എത്തുന്നത്. സാഹസിക പ്രിയര്‍ക്ക് നിരവധി ആക്ടിവിറ്റികളാണ് മണാലിയിലുള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ്, തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയിലുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലി സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട എട്ട് സ്ഥലങ്ങൾ പരിചയപ്പെടാം.

ഹിഡിംബ ക്ഷേത്രം


മണാലിയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഹിഡിംബ ക്ഷേത്രം. ഭീമന്റെ ഭാര്യ ഹിഡിംബ ദേവിക്കാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. 1553-ല്‍ രാജാ ബഹദൂര്‍ സിംഗ് പണികഴിപ്പിച്ച ഈ ക്ഷേത്രം നിബിഡ വനപ്രദേശമായ വാന്‍ വിഹാറിലാണ് സ്ഥിതി ചെയ്യുന്നത്.

നാല് നിലകളുള്ള ഒരു ഘടനയാണ് ക്ഷേത്രത്തിന്റേത്. വാസ്തുവിദ്യയാണ് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ഹിഡിംബയെ വ്യത്യസ്തമാക്കുന്നത്. ഇതിനോട് അടുത്ത് തന്നെ ഭീമന്റേയും ഹിഡിംബയുടെയും പുത്രനായ ഘടോത്കച്ചിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ആരാധനാലയവും സ്ഥിതി ചെയ്യുന്നുണ്ട്.

റോഹ്താങ് പാസ്


ഹിമാലയന്‍ നിരകളേയും മണാലിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക മാര്‍ഗമായ റോഹ്താങ് പാസ് ആണ് മറ്റൊരു ആകർഷണം. മണാലിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം മഞ്ഞിനാല്‍ ചുറ്റപ്പെട്ടതാണ്. ഈ വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ വണ്ടര്‍ലാന്‍ഡിലാണെന്ന് തോന്നിപ്പിച്ചേക്കാം. മഞ്ഞിനാല്‍ ചുറ്റപ്പെട്ടതുകൊണ്ട് സ്‌നോ ബോര്‍ഡിംഗ്, സൈക്കിള്‍ സവാരി തുടങ്ങിയ രസകരമായ വിനോദങ്ങള്‍ ഈ മേഖലയിലുണ്ട്.

സോളാങ് വാലി


മണാലിയിലെ മറ്റൊരു ആകര്‍ഷണീയമായ സ്ഥലമാണ് സോളാങ് വാലി. ബിയാസ് നദിക്കും സോളാങ് വില്ലേജിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളുടേയും പച്ചപ്പിന്റേയും അതിമനോഹരമായ കാഴ്ചകളാണ് സോളാങ് വാലി സമ്മാനിക്കുന്നത്. ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഈ സ്ഥലം മികച്ചതാണ്. മണാലിയിലേക്കുള്ള നിങ്ങളുടെ യാത്ര വെറുതെയാവില്ലെന്ന് ചുരുക്കം. ഒപ്പം വിലമതിക്കാനാവാത്തതുമാവും.

മനു ക്ഷേത്രം

മണാലിയില്‍ ഒഴിച്ചുക്കൂടാനാവാത്ത മറ്റൊരു സ്ഥലമാണ് മനു ക്ഷേത്രം. മണാലിയിലെ പ്രധാന മാര്‍ക്കറ്റില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മനു എന്ന മഹര്‍ഷിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. മനസിനു ശാന്തതയും സമാധാനവും ഈ ക്ഷേത്ര പരിസരത്ത് പ്രവേശിക്കുമ്പോള്‍ അനുഭവപ്പെടുമെന്നാണ് ഐതിഹ്യം. ശാന്തമായ ചുറ്റുപാടുകള്‍, അതിശയിപ്പിക്കുന്ന കാഴ്ചകള്‍, എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണിത്.

ജോഗിനി വെള്ളചാട്ടം


ജോഗിനി വെളളച്ചാട്ടമാണ് മണാലി യാത്രയിലെ മറ്റൊരു പ്രധാന ആകർഷണം. പ്രശസ്തമായ വസിഷഠ് ക്ഷേത്രത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗിലൂടെ മാത്രമെ ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിക്കുകയൊളളു. ജോഗിനി വെളളച്ചാട്ടം 150 അടി ഉയരത്തിൽ നിന്നാണ് പതിക്കുന്നത്. ഈ സ്ഥലം നിങ്ങളെ പ്രകൃതിയുമായി സമന്വയിപ്പിക്കാന്‍ സഹായിക്കുകയും ഒപ്പം ശാന്തതയും സമാധാനവും സമ്മാനിക്കും എന്നതൊരു സവിശേഷതയാണ്. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സന്ദർശിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

മണാലി വന്യജീവിസങ്കേതം


മണാലി വന്യജീവിസങ്കേതമാണ് യാത്രികരുടെ മറ്റൊരു പ്രധാന ആകർഷണം. 3,000 ഹെക്ടറില്‍ പരന്നു കിടക്കുന്ന ഈ സ്ഥലം വിവിധ സസ്യ-ജന്തു ജാലങ്ങളുടെയും, വന്യമൃഗങ്ങളുടേയും, വിവിധയിനം പക്ഷികളുടേയും ആവാസ കേന്ദ്രമാണ്. സമൃദ്ധമായ താഴ്വരകളും അതിമനോഹരമായ മഞ്ഞുമൂടിയ പര്‍വതങ്ങളും ഉള്ളതിനാല്‍ വന്യജീവി സങ്കേതം അതിശയകരമായ ഒരു സ്ഥലമായി തീരുന്നു.

ഓള്‍ഡ് മണാലി

മരങ്ങൾ നിറഞ്ഞ പർവത പാതകൾ, ആപ്പിൾ തോട്ടങ്ങൾ, മനാസ്ലു നദിക്കരയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ എന്നിവയ്ക്ക് പേരുകേട്ട മണാലിയിലെ ആകര്‍ഷകമായ സ്ഥലമാണ് പഴയ മണാലി. ഗ്രിൽഡ് ട്രൗട്ട്, പാൻകേക്ക് ബ്രേക്ക്ഫാസ്റ്റുകൾ എന്നിവ നൽകുന്ന ബൊഹീമിയൻ കഫേകളും കൈകൊണ്ട് നെയ്ത കമ്പിളികളും ഡ്രീംകാച്ചറുകളും വിൽക്കുന്ന ഷോപ്പുകളും നമ്മുക്ക് പഴയ മണാലിയിൽ കാണാം.

വസിഷ്ഠ ക്ഷേത്രം


മണാലിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ബിയാസ് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വസിഷ്ഠ്. അവിടെ സന്ദർശിച്ചിരിക്കേണ്ട പ്രധാന ഇടമാണ് വസിഷ്ഠ ക്ഷേത്രം. 4,000 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണിത്. തടിയിൽ അലങ്കരിച്ച കൊത്തുപണികളും, പുരാതന പെയിന്റിംഗുകളും രൂപങ്ങളുമുള്ള അതിശയകരമായ ഘടനയാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. വസിഷ്ഠ മഹർഷിയുടെ പേരാണ് ക്ഷേത്രത്തിന് നൽകിയിരിക്കുന്നത്. ഗുരു വിശ്വകര്‍മ്മയുടെ കൈകളാല്‍ തന്റെ മക്കള്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ വസിഷ്ഠ മഹർഷി വിഷാദത്തിലായി. പിന്നീട് വസിഷ്ഠ മഹർഷി ഒരു പുതിയ ജീവിതം ആരംഭിച്ച സ്ഥലമാണ് വസിഷ്ഠ ഗ്രാമമെന്നാണ് ഐതിഹ്യം.

Story Highlights: Eight must-visit places at Manali

Next Story

Popular Stories