സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം; മരംമുറി വിവരങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥയേയും മാറ്റി
മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് വിവരാവകാശ രേഖകളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ശാലിനിയാണ് മറുപടി നല്‍കിയിരുന്നത്.
7 July 2021 1:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സെക്രട്ടറിയേറ്റ് റവന്യൂവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശനിയമപ്രകാരം നല്കിയ അണ്ടര്‍സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് സ്ഥലംമാറ്റത്തിനുള്ള ഉത്തരവിട്ടത്. അഞ്ചുപേരെയാണ് സ്ഥലം മാറ്റിയത്. റവന്യൂവകുപ്പില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥലംമാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന് പ്രസിഡന്റ് ജെ ബെന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്ക് മാറ്റി. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റുകയാണ്. മരംമുറി സംബന്ധിച്ച വിവരങ്ങള്‍ നല്കിയ ഈ ഉദ്യോഗസ്ഥയെ രണ്ടുമാസത്തെ അവധിയില്‍ വിട്ടതിന് പിന്നാലെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കം നടക്കുന്നതായി മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റവന്യൂ എ,എല്‍,യു സെക്ഷനുകളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയായ ശാലിനിയെ സി,ഡി സെക്ഷന്‍ ചുമതലയിലേക്ക് മാറ്റാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.
മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് വിവരാവകാശ രേഖകളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ശാലിനിയാണ് മറുപടി നല്‍കിയിരുന്നത്. ഇതിന്റെ പേരില്‍ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശാലിനിയെ വിളിച്ചുവരുത്തി ശകാരിക്കുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് അധിക്ഷേപിക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. കൃത്യമായി ജോലി ചെയ്തതതിന്റെ പേരില്‍ റവന്യൂ വകുപ്പിലെ ചില ഉന്നതര്‍ ഈ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശാലിനിക്കെതിരായ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ കേരള സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.