കാളിദാസന്റെ ചരിത്ര പ്രണയകാവ്യം; സാമന്ത- ദേവ് മോഹൻ ചിത്രം 'ശാകുന്തളം', ട്രെയ്ലർ
ഫെബ്രുവരി 17 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക
9 Jan 2023 8:08 AM GMT
ഫിൽമി റിപ്പോർട്ടർ

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. സാമന്ത- ദേവ് മോഹൻ ഒന്നിക്കുന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം 3ഡി ദൃശ്യ ഭംഗിയോടെയും റിലീസ് ചെയ്യും. ഫെബ്രുവരി 17 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. കാഴ്ചക്കാർക്ക് പുതിയ ഒരു അനുഭവം ഉറപ്പാക്കാനായാണ് നിർമ്മാതാക്കൾ ശാകുന്തളം 3ഡിയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.
മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി ആർ ഓ ശബരി.
Story Highlights: Samantha-Deva Mohan Movie Shaakuntalam trailer Released