'ഭാര്യയും സുഹൃത്തും'; ദുല്‍ഖറിന്റെ 'ഹേയ് സിനാമിക' ട്രെയ്ലര്
ചിത്രം മാര്‍ച്ച് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും
16 Feb 2022 1:11 PM GMT
ഫിൽമി റിപ്പോർട്ടർ

ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'ഹേയ് സിനാമിക'യുടെ ട്രെയ്ലര് പുറത്തുവിട്ടു. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്ലര് റിലീസ് ചെയ്തത്. പ്രണയും സൗഹൃദവും നിറഞ്ഞ ചിത്രമായിരിക്കും ഹേയ് സിനാമിക. ദുല്‍ഖറിന്റെ കഥാപാത്രം യാഴനും അദിതി റാവുവിന്റെ മൗനയും തമ്മില്‍ വിവാഹിതരാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ഒപ്പം കാജലും ഉണ്ട് ട്രെയ്ലറില്. ചിത്രം മാര്‍ച്ച് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും.
'കുറുപ്പി'ന് ശേഷം എത്തുന്ന ദുല്‍ഖര്‍ ചിത്രം തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. കാജല്‍ അഗര്‍വാളും അദിതി റാവുവുമാണ് ചിത്രത്തിലെ നായികമാര്‍. ദുല്‍ഖറും അദിതിയും ഒന്നിച്ചെത്തിയ 'മേഘം' എന്ന ഗാനത്തിന്റെ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഗോവിന്ദ് വസന്ത സംഗീതം നല്കി ആലപിച്ച ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങിലാണ്.
കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. വാരണം ആയിരം, മാന്‍ കരാട്ടെ, തെരി ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്കായി കൊറിയോഗ്രാഫറായി ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്.
മണിരത്നം ചിത്രം ഓകെ കണ്മണിയിലെ ഒരു ഗാനത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് കടം കൊണ്ടിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവര്‍ ചേര്‍ന്നാണ് ഹേയ് സിനാമിക നിര്‍മ്മിച്ചിരിക്കുന്നത്.
Story highlights; Mammootty shared Hey Sinamika Trailer