Top

‘പ്രതിഷേധങ്ങള്‍ നേതൃത്വത്തിന്റെ അറിവോടെയല്ല’; പെരുന്നാള്‍ പ്രമാണിച്ച് കട തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ നടത്തിയ പ്രതിഷേധത്തെ തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. ഇന്ന് നടന്ന പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം വലിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ വ്യാപാരികള്‍ക്ക് ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ടി നസറുദ്ദീന്‍ ആവശ്യപ്പെട്ടു. മന്ത്രി എംവി ഗോവിന്ദന്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയുണ്ട്. എട്ട് ദിവസം കഴിഞ്ഞാല്‍ പെരുന്നാളാണ്. അത് ലക്ഷ്യമിട്ട് ഒരുപാട് സാധനങ്ങള്‍ വ്യാപാരികള്‍ സംഭരിച്ചിട്ടുണ്ട്. ഈ […]

12 July 2021 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രതിഷേധങ്ങള്‍ നേതൃത്വത്തിന്റെ അറിവോടെയല്ല’; പെരുന്നാള്‍ പ്രമാണിച്ച് കട തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
X

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ നടത്തിയ പ്രതിഷേധത്തെ തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. ഇന്ന് നടന്ന പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം വലിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ വ്യാപാരികള്‍ക്ക് ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ടി നസറുദ്ദീന്‍ ആവശ്യപ്പെട്ടു.

മന്ത്രി എംവി ഗോവിന്ദന്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയുണ്ട്. എട്ട് ദിവസം കഴിഞ്ഞാല്‍ പെരുന്നാളാണ്. അത് ലക്ഷ്യമിട്ട് ഒരുപാട് സാധനങ്ങള്‍ വ്യാപാരികള്‍ സംഭരിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് വരുന്ന ദിവസങ്ങളിലെങ്കിലും കട തുറക്കാന്‍ അനുവദിക്കണം. അത് കഴിഞ്ഞ് വേണമെങ്കില്‍ കുറച്ച് ദിവസം അടച്ചിടുന്നത് പരിശോധിക്കാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നാള്‍ വരെ ശനിയും ഞായറുമുള്‍പ്പെടെ അനുമതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

നേതൃത്വം പറയുന്നത് കേള്‍ക്കാത്ത അനുയായികളാണ് സമരത്തിന് പിന്നില്‍ എന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ വരെ കെഎസ്‌യുവിനും എസ്എഫ്‌ഐക്കും വേണ്ടി സിന്ദാബാദ് വിളിച്ച് ഒരു ജോലിയും കിട്ടാതെ ഞങ്ങളുടെ പീടികയില്‍ വന്നിരിക്കുകയായിരുന്നു. അങ്ങനെയുള്ളവര്‍ ആ പഴയ സ്വഭാവമല്ലേ കാണിക്കുക. അവര്‍ക്ക് പഴയ കച്ചവടക്കാരന്റെ സ്വഭാവമുണ്ടാവില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.

ടിപിആര്‍ അടിസ്ഥാനമാക്കി കടകള്‍ തുറക്കാന്‍ അനുവദിക്കുന്ന നടപടി അശാസ്ത്രീയമാണെന്നാണ് വ്യാപാരികളുടെ നിലപാട്. ആഴ്ചയില്‍ അഞ്ച് ദിവസം എങ്കിലും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം അനുഭാവ പൂര്‍വം പരിഗണിക്കുമെന്നാണ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ്.

Next Story