‘നിങ്ങള്‍ സ്‌നേഹിക്കുന്ന പടങ്ങള്‍ നിര്‍മ്മിക്കും’; പിറന്നാള്‍ ദിനത്തില്‍ ടൊവീനോ തോമസ് പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ച് നടന്‍

പിറന്നാൾ ദിനത്തിൽ സിനിമ നിർമ്മാണകമ്പനി പ്രഖ്യാപിച്ച് യുവ നടൻ ടൊവീനോ തോമസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൊവീനോ നിർമ്മാണകമ്പനിയുടെ പേര് പങ്കുവെച്ചത്. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സ് എന്നാണ് നടന്റെ പുതിയ നിർമ്മാണ കമ്പനിയുടെ പേര്.

കലാ മൂല്യമുള്ളതും നമ്മുടെ ഇൻഡസ്ട്രിയുടെ വില വർധിപ്പിക്കുന്നതുമായ സിനിമകൾ നിർമ്മിക്കുവാനാണ് ഞങ്ങളുടെ ഈ ശ്രമം. ഇതൊരു വലിയ ഉത്തരവാദിത്വമായി ഞാൻ കാണുന്നു. നിങ്ങള്‍ സ്‌നേഹിക്കുന്ന പടങ്ങള്‍ നിര്‍മ്മിക്കും. നിങ്ങൾ നൽകുന്ന സ്നേഹത്തെയും പിന്തുണയേക്കാളും വലിയ ഇന്ധനം മറ്റൊന്നുമില്ല.

ടൊവീനോ തോമസ്

‘ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ ജന്മദിനത്തിൽ ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതിനാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്യാൻ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും പങ്കിടാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപെട്ടവരെ നിംഗ്‌ഫാൾക്ക് മുന്നിലേക്ക് ടോവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്നു’,ടൊവീനോ ഫേസ്ബുക്കിൽ കുറിച്ചു.

പിറന്നാൾ ദിനത്തിൽ നിരവധി ടൊവീനോ ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചചിരിക്കുന്നത്. ടൊവീനോ തോമസ്- രോഹിത്ത് വി എസ് കൂട്ടുകെട്ടിലെ കളയുടെ ടീസർ പുറത്തുവിട്ടിരുന്നു. വളരെ ആകാംഷ സൃഷ്ടിക്കുന്ന തരത്തിലാണ് ടീസർ. ചിത്രത്തിലെ കഥാപാത്രങ്ങളുടെ എക്സ്ട്രീം ക്ലോസപ്പ് ഷോട്ടുകൾ നിറഞ്ഞ ടീസർ അമ്പരിപ്പിക്കുന്ന ശബ്ദങ്ങളുടെ അകമ്പടിയോടെയാണ് ചെയ്തിരിക്കുന്നത്. ടീസറിന് ഇതിനോടകം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ടൊവീനോ നായകനായെത്തുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ്, മഞ്ജു വാര്യർ, അനൂപ് മേനോൻ ഉൾപ്പടെ നിരവധിപേർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. അതുപോലെ തന്നെ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നാരദനാണ്’ ടൊവീനോയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ടൊവിനോയും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.

Latest News