
''ജയിലിലെത്തുമ്പോള് എന്റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാല് ഇന്നെനിക്ക് നടക്കാനോ സ്വന്തമായി കുളിക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. എന്റെ രണ്ട് ചെവിയുടെയും കേള്വി ശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയിലാണ്. ജയിലിലെ ചികിത്സയെക്കാള് ഭേദം മരണമാണ്. ഞാന് പ്രവര്ത്തിച്ച നാട്ടില്, റാഞ്ചിയില് എന്റെ സുഹൃത്തുക്കള്ക്കിടയില് വെച്ച് എനിക്ക് മരിക്കണം. എനിക്ക് ജാമ്യം തരൂ...''
ഇന്ത്യയുടെ സാമൂഹ്യ ശ്രേണിയില് അങ്ങേയറ്റം പിന്നോക്കാവസ്ഥയിലുള്ള ഝാര്ഖണ്ഡിലെ ആദിവാസി വിഭാഗങ്ങള്ക്കിടയില് പ്രവര്ത്തിച്ച സാമൂഹ്യ പ്രവര്ത്തകനും വൈദികനുമായ ഫാ. സ്റ്റാന് സ്വാമി ജയിലിലിരിക്കെ, ഇന്ത്യന് ഭരണകൂടത്തോട് നടത്തിയ യാചനയാണിത്. പക്ഷേ ഫലമുണ്ടായില്ല. ആഗ്രഹിച്ച മരണം പോലും അദ്ദേഹത്തിന് ലഭിച്ചില്ല. രണ്ട് വര്ഷങ്ങള്ക്ക് മുമ്പ് ഈ ദിവസമാണ് ഫാദര് സ്റ്റാന് സ്വാമി പൊലീസ് കസ്റ്റഡിയില് മരണപ്പെട്ടത്.
ഭീമ കൊറേഗാവ് കേസില് സ്റ്റാന് സ്വാമിക്കൊപ്പം കുറ്റാരോപിതരായി ജയിലലടയ്ക്കപ്പെട്ട, അറിയപ്പെടുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അക്കാദമിക്കുകളുമായ 11 പേര് ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്മുവിന് എഴുതിയ കത്ത് ദേശീയതലത്തില് ചര്ച്ചയാവുകയാണ്. ദ്രൗപതി മുര്മുവിന്റെ രാഷ്ട്രപതി സ്ഥാനത്തിലൂടെ ആദിവാസികളെ തങ്ങള്ക്കൊപ്പം നിര്ത്തുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്ര ഭരണകൂടം, ഝാര്ഖണ്ഡിലെ ആദിവാസികള്ക്ക് വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവന് നിലകൊണ്ട സ്റ്റാന് സ്വാമിയോട് എന്താണ് ചെയ്തതെന്ന് ഈ കത്തിലൂടെ അവര് ഓര്മപ്പെടുത്തുന്നു. അങ്ങേയറ്റം ക്രൂരമായ ഭരണകൂട നീക്കങ്ങളിലൂടെ നമ്മുടെ ഭരണസംവിധാനം സ്റ്റാന് സ്വാമിയെ കൊന്നുകളയുകയായിരുന്നുവെന്നും കത്തില് കുറ്റപ്പെടുത്തുന്നു.
ദ്രൗപതി മുര്മു ഝാര്ഖണ്ഡ് ഗവര്ണരായിരിക്കെയാണ് പൂനെ പൊലീസും എന്ഐഎയും സ്റ്റാന് സ്വാമിയുടെ വീട് റെയിഡ് ചെയ്ത് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെതിരെ ഝാര്ഖണ്ഡ് സര്ക്കാര് പ്രതികരിച്ചപ്പോഴും ദ്രൗപതി മുര്മു തുടര്ന്ന മൗനത്തെക്കുറിച്ച് കത്തില് പരാമര്ശിക്കുന്നുണ്ട്.
രാജ്യത്തെ ഭരണകക്ഷിയുടെ തണലില് വര്ഗീയ വിഭജനവും ന്യൂനപക്ഷവേട്ടയും വിദ്വേഷപ്രചരണങ്ങളുമെല്ലാം നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ദ്രൗപതി മുര്മു തന്റെ യഥാര്ത്ഥ വേരുകള്ക്ക് വേണ്ടി എന്ത് ചെയ്തു എന്നത് കാലം വിചാരണ ചെയ്യുമെന്നും കത്തില് സൂചിപ്പിക്കുന്നുണ്ട്.
ഭീമ കൊറേഗാവ് കേസില് കുറ്റാരോപിതരായി ജയില് കഴിയുന്ന സുധീര് ധവാലെ, റോണ വില്സണ്, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്, മഹേഷ് റൗത്ത്, വെര്നോണ് ഗോണ്സാല്വസ്, അരുണ് ഫെറേറിയ, ഹനി ബാബു, രമേശ് ഗായിചോര്, സാഗര് ഗോര്ഖെ, ജ്യോതി ജഗ്തപ് എന്നിവര് ചേര്ന്നാണ് ജയിലില് നിന്ന് സംയുക്തമായ കത്തെഴുതിയത്. സ്റ്റാന് സ്വാമിയുടെ ഓര്മയില് ഈ ദിവസം എല്ലാവരും പ്രതീകാത്മക നിരാഹാരമിരിക്കുമെന്നും അവര് അറിയിച്ചു.
തമിഴ്നാട്ടില് ജനിച്ച് ഫിലിപ്പൈന്സില് നിന്നും ദൈവശാസ്ത്രം പഠിക്കുകയും, വിമോചന ദൈവശാസ്ത്രത്തില് ആകൃഷ്ടനായി അടിച്ചമര്ത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളുടെ പോരാട്ടങ്ങളോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത സ്റ്റാന്സ്വാമി തന്റെ കര്മമണ്ഡലമായി തെരഞ്ഞെടുത്തത് ഝാര്ഖണ്ഡിലെ ആദിവാസി മേഖലയായിരുന്നു.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ജാര്ഖണ്ഡിലെ ആദിവാസി അവകാശ സമരങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു അദ്ദേഹം. 1996ല് യുറേനിയം കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ജാര്ഖണ്ഡിലെ ആദിവാസികള് നടത്തിയ സമരത്തിലൂടെയാണ് ഫാ. സ്റ്റാന് സ്വാമി എന്ന പേര് പുറംലോകം അറിയുന്നത്. കുടിയൊഴിപ്പിക്കലിനെതിരായി നടന്ന ഈ പ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് ആദിവാസികളുടെ ആവാസഭൂമി അന്ന് സംരക്ഷിക്കപ്പെട്ടു. പിന്നീട്, ചൈബാസ് ഡാമിന്റെ നിര്മാണം തടയുന്നതിന് വേണ്ടിയും ആദിവാസികളുടെ നിയമപരമായ അവകാശങ്ങള് സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുമെല്ലാം നടന്ന അനേകം സമരങ്ങളില് അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ജാര്ഖണ്ഡിലെ പൊലീസ് അതിക്രമത്തിനെതിരെ ശബ്ദമുയര്ത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. സാധാരണക്കാരായ ആദിവാസികളെ മാവോയിസ്റ്റുകള് എന്ന് മുദ്രകുത്തി ജയിലിലടച്ച്, വിചാരണ പോലുമില്ലാതെ വര്ഷങ്ങളായി തടവിലിടുന്നതിനെതിരെയും അദ്ദേഹം ശക്തമായി രംഗത്ത് വന്നിരുന്നു. 2010ല് ദ ട്രൂത്ത് ഓഫ് അണ്ടര് ട്രയല്സ് എന്ന പേരില് അദ്ദേഹം ഒരു പുസ്തകവും എഴുതി.