
കൊച്ചി: വടുതലയിൽ അയൽവാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫർ(52) മരിച്ചു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ക്രിസ്റ്റഫർ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. വടുതല പൂവത്തിങ്കൽ വില്ല്യംസ് (52) ആണ് വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്റ്റഫർ (ക്രിസ്‌റ്റി), ഭാര്യ മേരി (46) എന്നിവർക്കുനേരെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ക്രിസ്റ്റഫറും വില്ല്യംസും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്ല്യംസ് മാലിന്യം എറിയുന്നതും തര്‍ക്കം രൂക്ഷമാക്കി. പിന്നാലെ ക്രിസ്റ്റഫര്‍ ക്യാമറ സ്ഥാപിച്ചതും പൊലീസില്‍ പരാതിപ്പെട്ടതും വില്ല്യംസിന്റെ പക കൂട്ടിയെന്നാണ് വിവരം. മാലിന്യം എറിഞ്ഞ സംഭവത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു.
ഇനി ഇങ്ങനെ ചെയ്യില്ലെന്ന് വില്ല്യംസ് പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ് കരുതിയത്. എന്നാല്‍ പക വീട്ടാനായി വില്ല്യംസ് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങി വരികയായിരുന്ന ക്രിസ്റ്റഫറിനേയും മേരിയേയും വില്യംസ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വില്ല്യംസിന്റെ സഹോദരങ്ങളും നേരത്തെ പരിസര പ്രദേശത്ത് തന്നെയായിരുന്നു താമസിച്ചിരുന്നതെന്നും എന്നാല്‍ വല്ല്യംസിനെ സഹിക്കവയ്യാതെ നാടുവിട്ടുവെന്നുമാണ് വിവരം. സഹോദരന്റെ മകന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ച കേസും വില്ല്യംസിനെതിരെ നിലനില്‍ക്കുന്നുണ്ട്. അതില്‍ നിയമനടപടി ഇപ്പോഴും തുടരുകയാണ്.
Content Highlights: Christopher died after being treated for burns after a neighbor set fire on him