
കൊച്ചി: നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കറിവെച്ച് തിന്നാനുള്ള അവകാശം നാട്ടുകാര്‍ക്ക് നല്‍കണമെന്ന് റോജി എം ജോണ്‍ എംഎല്‍എ. കൃഷിക്കാര്‍ക്ക് വെടിവെക്കാനുള്ള അവകാശം നല്‍കണം. മൃഗത്തിന് വേദനയെടുത്താന്‍ നാട്ടിലേക്കിറങ്ങില്ലെന്നും റോജി എം ജോണ്‍ പറഞ്ഞു.
'നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകളയണം എന്നാണ് പറയുന്നത്. എന്തിനാണ് കത്തിച്ചു കളയുന്നത്. ആളുകള്‍ കാട്ടുപന്നിയെ വെടിവെച്ചാല്‍ അതിനെ കറിവെക്കാനുള്ള അവകാശം നാട്ടുകാര്‍ക്ക് കൊടുക്കണം. കാട്ടില്‍ പോയല്ല വെടിവെക്കുന്നത്. കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിവെക്കണം. ഏത് മൃഗമായാലും നാട്ടിലേക്ക് ഇറങ്ങിയാല്‍ ശരീരത്തിന് വേദനയെടുക്കണം. ആനയായാലും പുലിയായാലും ശരി ഏത് വന്യമൃഗമായാലും വേദനയെടുക്കണം. ദേഹത്ത് വേദനയെടുക്കുമെന്ന് മൃഗത്തിന് ബോധ്യപ്പെട്ടാല്‍ മൃഗം വരില്ല', റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന മലയോര സമര യാത്രയെ മലയാറ്റൂരില്‍ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റോജി എം ജോണ്‍.
കഴിഞ്ഞദിവസം സണ്ണി ജോസഫ് എംഎല്‍എയും സമാനകാര്യം പറഞ്ഞിരുന്നു. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു.
'കാട്ടുപന്നിയെ വെടിവെക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ലൈസന്‍സ് തോക്ക് ഉള്ളത്. കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ്. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണം. പരസ്യമായി പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും യുഡിഎഫ് കണ്‍വീനറയുടെയും കക്ഷി നേതാക്കളുടെയും എഐസിസി സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പറയുകയാണ്, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണം' എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം.
Content Highlights: give right to shoot and eat the wild animals said roji m john