
തിരുവനന്തപുരം: കാലഹരണപ്പെട്ട മരുന്നുകൾ വിൽക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെ വിമർശനവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ അറിയാതെയാണ് പ്രതികരിക്കുന്നത്. പ്രതിപക്ഷ നേതാവിന് ചേരുന്ന തരത്തിൽ അല്ല കാര്യങ്ങൾ പറയുന്നത്. കാലഹരണപ്പെട്ട മരുന്നുകൾ ആശുപത്രികൾ നൽകുന്നില്ല. പ്രതിപക്ഷ നേതാവ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയാൻ പാടില്ല. ആളുകളിൽ ഭയമുണ്ടാക്കുന്നതാണ് ഇത്തരം പ്രസ്താവനകൾ എന്നും വീണാ ജോർജ് പറഞ്ഞു.
കിൻഫ്രയിൽ കെഎംഎസ്സിഎൽ ഗോഡൗണിൽ കത്തിയ മരുന്ന് യുഡിഎഫ് കാലത്ത് വാങ്ങിക്കൂട്ടിയതാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് അക്കാര്യം കൂടി പരിശോധിക്കണം. മരുന്ന് സംഭരണ ശാലകളിലെ തീപിടിത്തത്തിൽ ഇടക്കാല റിപ്പോർട്ട് മാത്രമാണ് കിട്ടിയത്. ഇത് പ്രകാരം ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്. അന്തിമ റിപ്പോർട്ട് വൈകാതെ കിട്ടും. വിവിധ വകുപ്പുകൾ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വൻ അഴിമതി നടന്നെന്ന വി ഡി സതീശന്റെ ആരോപണത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി സിഎജിക്ക് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: പ്രതിപക്ഷ നേതാവ് ഇങ്ങനെ പറയാൻ പാടില്ല, ആളുകളിൽ ഭയമുണ്ടാക്കുന്നതാണ് ഇത്തരം പ്രസ്താവനകൾ; വീണാ ജോര്ജ്
മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വൻ അഴിമതിയാണ് നടക്കുന്നത്. വിതരണം മരവിപ്പിച്ച മരുന്നുകൾ 483 ആശുപത്രികൾക്കു നൽകിയതായി സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. 1610 ബാച്ച് മരുന്നുകൾ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്നങ്ങളും ജീവഹാനിയും ഉണ്ടാക്കിയേക്കും. കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലാണിതെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്. അത് അടിവരയിടുന്നതാണ് സിഎജി റിപ്പോർട്ട്. ഒരു വർഷത്തെ 54049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചത്. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. 'ചാത്തൻ മരുന്ന്' ആണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് ഇതിന് അനുമതി നൽകിയത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
Also Read: 'കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു'; ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്
വീണാ ജോർജ് അറിഞ്ഞു കൊണ്ടാണ് പല അഴിമതികളും നടക്കുന്നതെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണത്തിനും മന്ത്രി മറുപടി നൽകി. ബിജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തിൽ സംസാരിക്കുന്നതിൽ ആശ്ചര്യം ഇല്ലെന്നും കെ സുരേന്ദ്രൻ ആദ്യം യുപിയുടെ കാര്യം പറയട്ടെ എന്നുമായിരുന്നു വീണാ ജോർജിന്റെ മറുപടി.