വിഴിഞ്ഞം തുറമുഖം; രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ ശ്രമം തുടരുന്നു

കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാൽ വൻ സാമ്പത്തിക ബാധ്യതയാണ് ഓരോ ദിവസവും നിർമ്മാണ കമ്പനിക്ക് ഉണ്ടാകുന്നത്

dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കേണ്ട രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ ശ്രമം തുടരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കുന്നത് ശനിയാഴ്ച തടസ്സപ്പെട്ടിരുന്നു. കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാൽ വൻ സാമ്പത്തിക ബാധ്യതയാണ് ഓരോ ദിവസവും നിർമ്മാണ കമ്പനിക്ക് ഉണ്ടാകുന്നത്.

ശനിയാഴ്ച ക്രെയിൻ ഇറക്കാനുള്ള ശ്രമം രണ്ടുതവണയാണ് പരാജയപ്പെട്ടത്. ബർത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതാണ് തടസ്സം. കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ രാവിലെ ശ്രമം തുടങ്ങി. ഇത് കൂടാതെ നൂറ് മീറ്ററോളം നീളമുള്ള ഷിപ്പ് ടു ഷോർ ക്രയിനാണ് ഇനി ഇറക്കാനുള്ളത്. കടൽ ശാന്തമായാൽ നാല് ദിവസം കൊണ്ട് ക്രയിനുകൾ യാഡിൽ സ്ഥാപിക്കാനാകുമെന്നാണ് വിലയിരുത്തൽ.

ക്രയിനുകൾ ഇറക്കി ഷെൻഹുവ 15 കപ്പൽ ഇന്നലെ ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു കരാർ. സമയക്രമം തെറ്റിയതോടെ ദിനംപ്രതി 20ലക്ഷം രൂപ ചൈനീസ് കമ്പനിക്ക് അദാനി പോർട്സ് പിഴ നൽകേണ്ടി വരും. അതേസമയം, ക്രയിനുകളും കപ്പലും കാണാൻ തുറമുഖത്തിന്റെ പരിസരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആണിപ്പോൾ. ടൺകണക്കിന് ഭാരമുള്ള കൂറ്റൻ ക്രെയിനുകൾ ഇറക്കുന്നത് അത്യന്തം സങ്കീർണവും ദുഷ്കരവുമാണ്. ചെറിയ കാറ്റുപോലും പ്രവർത്തനത്തെ ബാധിക്കുമെന്നിരിക്കെ ക്രെയിനുകൾ ഇറക്കി തീർക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് അദാനി പോർട്ട് നൽകുന്ന വിവരം.

dot image
To advertise here,contact us
dot image