ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്നു: മാത്യു കുഴൽനാടൻ

'ഈ അഡ്മിറ്റഡ് ട്രാൻസാക്ഷനിൽ നികുതി ലഭിച്ചോ എന്നതിന് എന്തുകൊണ്ട് മറുപടി പറയുന്നില്ല. വീണ വിജയന്റെ വ്യക്തിവിവരങ്ങൾ അല്ല ചോദിച്ചത്'

dot image

തിരുവനന്തപുരം: സിഎംആർഎൽ വിഷയത്തിൽ ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് സർക്കാരിന്റെ എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്ന അവസ്ഥയാണുള്ളതെന്ന് കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ വേട്ടയാടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

'സിഎംആർഎൽ എന്ന കമ്പനി എക്സാലോജിക്കിനും വീണ വിജയനും നൽകിയ 1.72 കോടി എന്നത് അഡ്മിറ്റഡ് ട്രാൻസാക്ഷനാണ്. അത് സിപിഐഎമ്മോ വീണ വിജയനോ നിഷേധിച്ചിട്ടില്ല. അതിന് നികുതി അടച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞുവെങ്കിലും തെളിവ് കാണിക്കാൻ കഴിഞ്ഞില്ല. ജിഎസ്ടി അടച്ചാൽ പ്രശ്നം തീരുമല്ലോ എന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ അത് അവസാനിക്കില്ല,' മാത്യു കുഴൽനാടൻ പറഞ്ഞു.

'മുൻകാല പ്രാബല്യത്തോടെ അമൻഡ് ചെയ്ത് ജിഎസ്ടി അടക്കാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. അവർ കമ്പനിയും ജിഎസ്ടി നമ്പറും ക്ലോസ് ചെയ്തത് മൂലമാണ് അതിന് സാധിക്കാത്തത്. അതിന് പെർമിഷനൊക്കെ വാങ്ങിയാൽ സാധിക്കുമായിരിക്കും. അതിനാലാണ് നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് വരാൻ വൈകുന്നത്. ഇതിന് പിന്നിലെ കൗശലം എന്തെന്നാൽ നികുതി അടച്ചുവെന്ന റിപ്പോർട്ട് നികുതി സെക്രട്ടറിയിൽ നിന്ന് വന്നാൽ എല്ലാ മാധ്യമങ്ങളും വീണ വിജയൻ നികുതി അടച്ചിരുന്നു എന്ന് പറയില്ലേ. അതാണ് അവർ ചെയ്യാൻ ഉദ്ദേശിക്കുന്നത്,' മാത്യു കുഴൽനാടൻ പറഞ്ഞു.

വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് എന്തുകൊണ്ട് മറുപടി നൽകുന്നില്ല. ഈ അഡ്മിറ്റഡ് ട്രാൻസാക്ഷനിൽ നികുതി ലഭിച്ചോ എന്നതിന് എന്തുകൊണ്ട് മറുപടി പറയുന്നില്ല. വീണ വിജയന്റെ വ്യക്തിവിവരങ്ങൾ അല്ല ചോദിച്ചത്. അവിടെ അങ്ങേയറ്റം വികൃതമായ സർക്കാരിന്റെ മുഖമാണ് വ്യക്തമാക്കുന്നത്. എന്തിന് അഴിമതിക്കാരെ സംരക്ഷിക്കാൻ ഇത്രയേറെ തരം താഴുന്നു എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

dot image
To advertise here,contact us
dot image