2020 Year Ender Story

2020 ബോക്‌സ് ഓഫീസ് റൗണ്ട് അപ്പ്; കളക്ഷനിൽ മുന്നിൽ ഇവ

ധമാക്കയില്‍ തുടങ്ങി ഹലാല്‍ ലൗ സ്റ്റോറിയിലെത്തി നില്‍ക്കുകയാണ് 2020ലെ മലയാള സിനിമ. മറ്റെല്ലാമേഖലകളെന്ന പോലെ തന്നെ സിനിമയേയും കൊവിഡ് പ്രതിസന്ധി സാരമായി ബാധിച്ചു. ലോക്ക് ഡൗണ്‍ കാരണം മാര്‍ച്ചില്‍ തിയേറ്ററുകള്‍ അടക്കേണ്ടി വന്നു. അങ്ങനെ 2020ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന പല ചിത്രങ്ങളും റിലീസ് മാറ്റിവെച്ചു. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മാലിക്ക് തുടങ്ങിയ ചിത്രങ്ങളും ഈ ലിസ്റ്റില്‍ പെടും.

പൊതുവേ നൂറിലധികം ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന മലയാളത്തില്‍ 2020ല്‍ പുറത്തിറങ്ങിയത് 50ല്‍ താഴെ ചിത്രങ്ങല്‍ മാത്രമാണ്. ഇതില്‍ അഞ്ചോളം ചിത്രങ്ങള്‍ ഒടിടിയിലൂടെയാണ് റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കോടി കിലുക്കങ്ങള്‍ കുറവായിരുന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ഷന്‍ ലഭിച്ച സിനിമകള്‍ ഈ വര്‍ഷവും ഉണ്ടായിരുന്നു.

2020ല്‍ തിയേറ്ററില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ ലഭിച്ച 7 മലയാള സിനിമകള്‍ ഇവയാണ്

അഞ്ചാം പാതിര

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ത്രില്ലര്‍ ചിത്രമാണ് അഞ്ചാം പാതിര. ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി. ജനുവരി മാസത്തില്‍ പുറത്തിറങ്ങിയ ചിത്രം ഈ വര്‍ഷത്തെ ആദ്യ വിജയവും ഏറ്റവും മികച്ച വിജയവുമാണ്. ഏഴ് കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം 50 കോടി കളക്ഷന്‍ നേടി.

ഷൈലോക്ക്

സൂപ്പര്‍ താരം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ഷൈലോക്ക്. ഒരു മാസ്സ് മസാല എന്റര്‍ടൈന്‍മെന്റ് എന്ന ലേബലില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച കളക്ഷന്‍ നേടി. നിരൂപകരില്‍ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ചിത്രം നേടിയത്. എന്നാലും ചിത്രത്തിന്റെ കളക്ഷനെ അത് ബാധിച്ചില്ല. 13 കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം 35 കോടി കളക്ഷന്‍ നേടി.

അയ്യപ്പനും കോശിയും

അന്തരിച്ച സംവിധായകന്‍ സച്ചി പൃഥ്വിരാജിനേയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. തിയേറ്ററിലും ഓണ്‍ലൈനിലും മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കിയത്. പൃഥ്വിരാജ്, ബിജു മേനോന്‍, അനില്‍ നെടുമങ്ങാട്, രഞ്ജിത്ത്, ഗൗരി നന്ദ ഉള്‍പ്പടെയുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഞ്ചു കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം 34 കോടി വരുമാനം നേടി.

വരനെ ആവശ്യമുണ്ട്

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദായമായി ഒരുക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിച്ച ചിത്രം കൂടെയാണ് വരനെ ആവശ്യമുണ്ട്. ചിത്രം 28 കോടി കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്ന് സ്വന്തമാക്കിയത്.

ട്രാന്‍സ്

നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാന്‍സ്. ഫഹദ്, ഫാസില്‍ നസ്രിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിര്‍മിച്ചതും അന്‍വര്‍ റഷീദ് തന്നെ. ചിത്രം തിയേറ്ററുകളില്‍ നിന്ന് 19 കോടിയിലധികം നേടിയെങ്കിലും 35 കോടിയില്‍ നിര്‍മിക്കപ്പെട്ട ചിത്രം ഒരു പരാജയമായി കാണാക്കപ്പെടുന്നു.

ഫോറന്‍സിക്ക്

അഖില്‍ പോള്‍, അനാസ് ഖാന്‍ എന്നിര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് ഫോറന്‍സിക്ക്. ടോവിനോ തോമസ് നായകനായെത്തിയ ചിത്രം റിലീസ് ചെയ്ത അധികം വൈകാതെ തന്നെ തീയേറ്ററുകള്‍ അടക്കേണ്ടി വന്നു. എങ്കില്‍ പോലും മികച്ച കളക്ഷന്‍ കരസ്ഥമാക്കാന്‍ ചിത്രത്തിന് സാധിച്ചു. 14 കോടിയിലധികം കളക്ഷന്‍ ചിത്രം നേടി.

ബിഗ് ബ്രദര്‍

സൂപ്പര്‍ താരം മോഹന്‍ലാലും ഹിറ്റുകളുടെ സംവിധായകന്‍ സിദ്ദിഖും ഒന്നിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ബിഗ് ബ്രദര്‍. വിയറ്റ്‌നാം കോളനി പോലുളള മികച്ച ചിത്രങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടിന് ഇക്കുറി നിരാശ മാത്രമാണ് സമ്മാനിക്കാന്‍ സാധിച്ചത്. കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ സര്‍വ്വ മേഖലകളിലും ചിത്രം വിമര്‍ശനം നേരിട്ടു. 32 കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആറ് കേടി മാത്രമാണ് കളക്ഷന്‍ നേടാന്‍ സാധിച്ചത്.

Latest News