Top

സാല്‍വാ… എന്തിനാ തെറ്റ് ചെയ്തു?

സോള്‍ ഒളിമ്പിക് ട്രാക്കില്‍ അഗ്‌നി പകര്‍ന്ന് സ്പ്രിന്റ്് ഡബിള്‍ നേടിയ അമേരിക്കന്‍ താരം. കറുപ്പിന്റെ അഴകില്‍ കായിക ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസം. 100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോഡുകാരി…ഫ്‌ളോറന്‍സ് ഗ്രിഫിത് ജോയ്‌നര്‍ എന്ന ഫ്‌ളോ ജോ. 1989-ല്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ച ഫ്‌ളോ ജോ 1996 ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ മത്സരിക്കുമെന്നു കേട്ടപ്പോള്‍ ആവേശമായി. 1995 ഒക്ടോബറില്‍ അവര്‍ പരിശീലനം തുടങ്ങി. അറ്റ്‌ലാന്റയില്‍ 400 മീറ്ററില്‍ മത്സരിക്കാനായിരുന്നു ഫ്‌ളോ ജോയുടെ തീരുമാനം. അറ്റ്‌ലാന്റ ഒളിമ്പിക്‌സ് അക്രഡിറ്റേഷന് അപേക്ഷിക്കുമ്പോള്‍ […]

23 July 2021 3:13 AM GMT
സനിൽ പി തോമസ്

സാല്‍വാ… എന്തിനാ തെറ്റ് ചെയ്തു?
X

സോള്‍ ഒളിമ്പിക് ട്രാക്കില്‍ അഗ്‌നി പകര്‍ന്ന് സ്പ്രിന്റ്് ഡബിള്‍ നേടിയ അമേരിക്കന്‍ താരം. കറുപ്പിന്റെ അഴകില്‍ കായിക ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസം. 100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോഡുകാരി…ഫ്‌ളോറന്‍സ് ഗ്രിഫിത് ജോയ്‌നര്‍ എന്ന ഫ്‌ളോ ജോ.

1989-ല്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ച ഫ്‌ളോ ജോ 1996 ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ മത്സരിക്കുമെന്നു കേട്ടപ്പോള്‍ ആവേശമായി. 1995 ഒക്ടോബറില്‍ അവര്‍ പരിശീലനം തുടങ്ങി. അറ്റ്‌ലാന്റയില്‍ 400 മീറ്ററില്‍ മത്സരിക്കാനായിരുന്നു ഫ്‌ളോ ജോയുടെ തീരുമാനം.

അറ്റ്‌ലാന്റ ഒളിമ്പിക്‌സ് അക്രഡിറ്റേഷന് അപേക്ഷിക്കുമ്പോള്‍ തന്നെ ഫ്‌ളോ ജോയുടെ ഓട്ടം മനസില്‍ തെളിഞ്ഞു. പക്ഷേ, 1996 മാര്‍ച്ചില്‍ പരിശീലനം താളം തെറ്റി. ഒരു മാസത്തെ വിശ്രമത്തിനു ശേഷം പരിശീലനം വീണ്ടും തുടങ്ങി. പക്ഷേ, കുതികാലിന്റെ വേദന മാറുന്നില്ല. കൂട്ടത്തില്‍ അപസ്മാരവും പിടിപെട്ടു .ഒടുവില്‍, ഭര്‍ത്താവ്, മുന്‍ ഒളിംപിക് ട്രിപ്പിള്‍ ജമ്പ് താരം അല്‍ ജോയ്‌നര്‍ പറഞ്ഞു 'പൂര്‍ണ ആരോഗ്യവതിയല്ലാത്തതിനാല്‍ മല്‍സരിക്കേണ്ട'.

ഫ്‌ളോ ജോ ഇല്ലെന്നറിഞ്ഞാണ് അറ്റ്‌ലാന്റയില്‍ എത്തിയതെങ്കിലും വനിതകളുടെ 400 മീറ്റര്‍ ഹീറ്റ്‌സ് തുടങ്ങിയപ്പോള്‍ ഒരു നഷ്ടബോധം. രണ്ടാം ഹീറ്റ്‌സില്‍ അമേരിക്കയുടെ മൈസര്‍ മലോനിയും കിങ് ഗ്രഹാമും. അഞ്ചാം ഹീറ്റ്‌സില്‍ ജേള്‍ മൈല്‍സ്. ആതിഥേയരെന്ന നിലയില്‍ അമേരിക്കയ്ക്ക് മൂന്ന് എന്‍ട്രിയുണ്ട്. ഫ്‌ളോ ജോ സ്റ്റേഡിയത്തില്‍ പോലും എത്തിയില്ല.

ടോക്യോ ഒളിമ്പിക്‌സ് അക്രഡിറ്റേഷന് അപേക്ഷിക്കുമ്പോള്‍ മനസില്‍ തെളിഞ്ഞ മുഖം ബഹ്‌റൈന്‍ താരം നൈജീരിയയില്‍ ജനിച്ച സാല്‍വാ ഈദ് നാസറിന്റേതായിരുന്നു. വനിതകളുടെ 400 മീറ്ററിലെ ലോക ചാമ്പ്യന്‍. 2018-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സാല്‍വ ഇന്ത്യയുടെ ഹിമാ ദാസിനെ പിന്‍തള്ളി സ്വര്‍ണം നേടുന്നതുകണ്ടു. പക്ഷേ, സാല്‍വയെ നേരിട്ടു കാണാന്‍ അവസരം കിട്ടിയില്ല.

എന്നാല്‍ 2019-ല്‍ ദോഹയില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സിന് സാല്‍വയോട് സംസാരിച്ചു. മീഡിയ ട്രിബ്യൂണില്‍ പരിചയപ്പെട്ട ഖത്തര്‍കാരി ലെയ്‌സണ്‍ ഉദ്യോഗസ്ഥയോട് സാല്‍വ വരുമ്പോള്‍ കാണാന്‍ അവസരം കിട്ടിയാല്‍ ഉപകാരമായിരുന്നെന്ന് പറഞ്ഞു. ഭാഗ്യം. അവര്‍ അത് ഓര്‍ത്തിരുന്നു.

400 മീറ്റര്‍ വിജയിച്ച ശേഷം സാല്‍വ പത്രസമ്മേളനത്തിന് എത്തിയപ്പോള്‍ തൊട്ടു മുന്‍പില്‍ ഒരു കസേര കരുതിവച്ച് അവര്‍ എന്നെ വന്നു വിളിച്ചു. രണ്ടു ചോദ്യങ്ങള്‍ സാല്‍വയോടും ഒരു ചോദ്യം വെങ്കലം കിട്ടിയ പൂവമ്മയോടും ചോദിച്ചു.

ചോദ്യോത്തരവേള കഴിഞ്ഞ് ഒരു മിനിറ്റ് സംസാരിക്കാനും സാധിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കിട്ടട്ടെയെന്ന് ആശംസിച്ചപ്പോള്‍ അന്തിമ ലക്ഷ്യം ടോക്യോയില്‍ സ്വര്‍ണമാണെന്ന് സാല്‍വ പറഞ്ഞു. അതിനു സാക്ഷിയാകാന്‍ ഞാനും ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ സാല്‍വ 'തംസ് അപ്' കാട്ടി ചിരിച്ചു.

ടോക്യോയില്‍ മത്സരശേഷം കാണുക ദുഷ്‌കരമാണെങ്കിലും വില്ലേജിലോ പുറത്തോ എപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞാല്‍ ദോഹയില്‍ സംസാരിച്ച കാര്യം ഓര്‍മിപ്പിക്കാമെന്നു കരുതി. പക്ഷേ, ടോക്യോ ഒളിമ്പിക്‌സ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സാല്‍വ നാസര്‍ ഉത്തേജകത്തില്‍ കുടുങ്ങി.

കോവിഡ് രണ്ടാം തരംഗം എന്റെ കണക്കുകൂട്ടലുകളും തെറ്റിച്ചു. യാത്ര ഉപേക്ഷിക്കേണ്ടി വന്നു. സാല്‍വ ഒളിമ്പിക് ട്രാക്കില്‍ ഒരു ലാപ് ഓടുന്നത് കാണാനാകില്ല. പക്ഷേ, തെറ്റു തിരുത്തി സാല്‍വ മടങ്ങി വന്നു കാണണമെന്ന് ആഗ്രഹിക്കുന്നു.

Next Story