Olympics

ഒളിമ്പിക്‌സ് നടക്കുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ; അവസാനനിമിഷം റദ്ദാക്കിയേക്കാമെന്ന് സംഘാടകര്‍

ഉദ്ഘാടന ചടങ്ങിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്‌സ് നടക്കുമോയെന്ന് ഉറപ്പില്ലാതെ സംഘാടകര്‍. കോവിഡ് വ്യാപനം രൂക്ഷമായാല്‍ അവസാന നിമിഷവും ഒളിമ്പിക്സ് റദ്ദുചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ടോക്യോ ഒളിമ്പിക്‌സ് സംഘാടക സമിതി വ്യക്തമാക്കി.

ഗെയിംസ് വില്ലേജിനുള്ളില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്കയ്ക്കു കാരണം. ജൂലൈ മാസം ഇതുവരെ മാത്രം 67 പേര്‍ക്കാണ് ഗെയിംസ് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് അത്‌ലറ്റുകളും ഉള്‍പ്പെടും.

വെള്ളിയാഴ്ച്ചയാണ് ഉദ്ഘാടന ചടങ്ങ് അരങ്ങേറുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാന സ്പോണ്‍സര്‍മാരും ആരുംതന്നെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് നടക്കുമോയെന്ന ചോദ്യത്തിന് സ്ഥിതി വഷളായാല്‍ അവസാന നിമിഷവും ഒളിമ്പിക്സ് റദ്ദുചെയ്യപ്പെടാമെന്ന സൂചനയാണ് ടോക്കിയോ ഒളിമ്പിക്സ് സംഘാടന മേധാവി ടോഷിറോ മൂട്ടോ ചൊവാഴ്ച്ച നല്‍കിയത്.

‘ഓരോ ദിവസത്തെയും കോവിഡ് വ്യാപനം നിരീക്ഷിച്ചു വരികയാണ്. കോവിഡ് കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ അഞ്ചംഗ സമിതി കൂടിയാലോചിച്ച് ഒളിമ്പിക്സ് നടത്തണോയെന്ന് പുനഃപരിശോധിക്കുമെന്നും മൂട്ടോ പറഞ്ഞു.

കഴിഞ്ഞവര്‍ഷം കോവിഡ് ഭീതിയെത്തുടര്‍ന്നാണ് ടോക്കിയോ ഒളിമ്പിക്സ് നീട്ടിവെച്ചത്. ഇത്തവണ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലാണ് ടോക്കിയോ ഒളിമ്പിക്സ് നടക്കുക.

ജപ്പാനില്‍ ഇതുവരെ എട്ടു ലക്ഷത്തില്‍പ്പരം ആളുകള്‍ക്കാണ്‌കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 15,055 കോവിഡ് മരണങ്ങളും ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവാഴ്ച്ച 1,387 പുതിയ കോവിഡ് കേസുകള്‍ കൂടി ടോക്കിയോയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാജ്യത്ത് ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനെതിരെ ജനരോഷം ഉയരുകയാണ്. നിലവിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ജനത്തിന് അതൃപ്തിയുണ്ട്. ഇതിനിടെ വിദേശത്ത് നിന്നും വലിയ സംഘങ്ങള്‍ കടന്നുവരുന്നത് ജപ്പാനിലെ കോവിഡ് ബാധ രൂക്ഷമാക്കുമെന്ന ആശങ്ക ഇവര്‍ പങ്കുവെയ്ക്കുന്നു

Covid 19 updates

Latest News