വെള്ളിമൂങ്ങയില്‍ അനുകരിച്ചത് എം ബി രാജേഷിന്റെ രൂപമെന്ന് ടിനി ടോം; സ്വഭാവമല്ലല്ലോ എന്ന് രാജേഷ്
വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ രൂപത്തിനായി അനുകരിച്ചത് സിപിഐഎം നേതാവ് എം ബി രാജേഷിനെയെന്ന് ടിനി ടോം. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് ഒരുക്കിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമായിരുന്നു വെള്ളിമൂങ്ങ. 2014 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ടിനി ടോം അവതരിപ്പിച്ച വി പി ജോസ് എന്ന കഥാപാത്രത്തിനായാണ് സിപിഐഎം നേതാവിന്റെ രൂപം അനുകരിച്ച് അവതരിപ്പിച്ചതെന്ന് നടന് ടിനി ടോം പറയുന്നു.
‘വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം ബി രാജേഷിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രൂപം അനുകരിച്ച് കാണിച്ചപ്പോള്‍ ജിബു ജേക്കബിനും അത് ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു പരിപാടിയില്‍ വച്ചു കണ്ടപ്പോള്‍ എം ബി രാജേഷിനോട് ഇതു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രൂപമാണ് സ്വഭാവമല്ല ചിത്രത്തില്‍ അനുകരിച്ചിരിക്കുന്നത്, ദേഷ്യം തോന്നരുതെന്ന്.
സ്വഭാവമല്ലല്ലോ രൂപമല്ലേ അനുകരിച്ചത് കുഴപ്പമില്ലെന്ന് എം ബി രാജേഷ് മറുപടി പറഞ്ഞതായും ടിനി ടോം പറഞ്ഞു.
നമ്മുടെ യുവതലമുറ കാര്യങ്ങളെക്കുറിച്ച് മനസിലാക്കുന്നവരാണെന്നും രാഷ്ട്രീക്കാരനെന്നാല് കേസിലകപ്പെടുന്നവരാണെന്ന ധാരണ ഇന്ന് കൊച്ചു കുട്ടികളില്‍ തന്നെ വളര്‍ന്നുവരുന്നുണ്ടെന്നും ടിനി ടോം അഭിമുഖത്തില്‍ പറഞ്ഞു. സിനിമകളില്‍ പോലും രാഷ്ട്രീയ നേതാവെന്നാല്‍ അഴിമതിക്കാരനാണ്, അത് മാറണം. സത്യത്തില്‍ നല്ല രാഷ്ട്രീയക്കാരുമുണ്ട് അത്തരം രാഷ്ട്രീയക്കാരെയും സിനിമകളില്‍ അവതരിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയ നേതാവെന്നാല്‍ നയിക്കേണ്ടവരണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടവരാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഒട്ടേറെ യുവതലമുറയില്‍ നിന്ന് കുറേ പേര് ഉയര്‍ന്നുവരുന്നുണ്ട് . അവരില്‍ എല്ലാ പാര്‍ട്ടിയില്‍ നിന്നുമുള്ള ശക്തരായ സ്ഥാനാര്‍ഥികളുണ്ടെന്നും പാര്‍ട്ടി വ്യത്യാസമില്ലാതെ നല്ല സ്ഥാനാര്‍ഥികളെ അവരില്‍ നിന്ന് തെഞ്ഞെടുക്കുകയാണ് വേണ്ടതെന്നും ടിനി ടോം ചൂണ്ടിക്കാട്ടി.