ലോക്ഡൗണ്‍ തുണച്ചത് ടിക് ടോക്കിനെ; 2020 ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ ലിസ്റ്റില്‍ ഒന്നാമത്

2020 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ അപ്ലിക്കേഷനെന്ന നേട്ടം സ്വന്തമാക്കി ടിക് ടോക്ക്. ഫേസ്ബുക്കിനെ പിന്തള്ളിയാണ് ടിക് ടോക്ക് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് ഇത്തവണ രണ്ടാം സ്ഥാനത്താണ്. ഡാറ്റാ അനലറ്റിക് പ്ലാറ്റ്ഫോമായ ‘ആപ്പ് ആനി’ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതാണ് ടിക് ടോക്ക് ആപ്പിന്റെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ടിക് ടിക് ഏറ്റവും കൂടുതല്‍ ജനപ്രചാരത്തിലുണ്ടായിരുന്ന ഇന്ത്യയില്‍ ആപ്പ് നിരോധിച്ചതിനു ശേഷവും വ്യക്തിഗത വിവരങ്ങള്‍ ചോര്ത്തുന്നെന്നാരോപിച്ച് അമേരിക്കയിലടക്കം ടിക് ടോക്കിനെതിരെ വിവാദം നിലനില്‍ക്കെയുമാണ് ടിക് ടോക്ക് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റ കീഴിലുള്ള ആപ്പ് വിവിധ രാജ്യങ്ങളിലെ ഡാറ്റാ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിനായി ചോര്‍ത്തുന്നു എന്നായിരുന്നു ആരോപണം.
പട്ടികയില്‍ നാലാം സ്ഥാനത്ത് വീഡിയോ കോള്‍ പ്ലാറ്റ്ഫോമായ സൂം ആപ്പും ഇടം പിടിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് സൂം ആപ്പിനെയും തുണച്ചത്.
വാട്സ്ആപ്പാണ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമെത്ത അപ്ലിക്കഷന്‍. അഞ്ചാം സ്ഥാനത്താണ് ഇന്‍സ്റ്റഗ്രാം. അതേസമയം മന്ത്ലി ആക്ടീവ് യൂസേര്‍സില്‍ ഫേസ്ബുക്ക് തന്നെയാണ് ഒന്നാമത്. വാട്സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, ആമസോണ്‍, ട്വിറ്റര്‍ എന്നീ ആപ്പുകളാണ് യഥാക്രമം പിന്നിലുള്ളത്.
ജൂണ്‍ 29 നാണ് ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്. ടിക് ടോക്കടക്കം 59 ആപ്പുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്നതിനു പിന്നാലെയായിരുന്നു. സര്‍ക്കാര്‍ നടപടി. ഡാറ്റാ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാരോപിച്ചായിരുന്നു ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്.