വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങും മുമ്പേ ട്രപിന്റെ മകളുടെ വിവാഹ നിശ്ചയം

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മുമ്പായി ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബത്തില്‍ വിവാഹ നിശ്ചയം. ഇളയമകള്‍ ടിഫാനി ട്രംപിന്റെ വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് നടന്നത്. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും ടിഫാനി പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാമത്തെ ഭാര്യയായ മാര്‍ല മാപ്ലെസില് ഉണ്ടായ മകളാണ് 27 കാരിയായ ടിഫാനി. 23 കാരനായ ബൗലസുമായാണ് ടിഫാനിയുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്.
നെജീരിയയിലെ വമ്പന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയാണ് ബൗലസ്. 2018 ല്‍ ലണ്ടനില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ട്രംപിന്റെ മറ്റൊരു ഭാര്യയായ ഇവാന ട്രംപിലുണ്ടായ മകള്‍ ഇവാങ്ക ട്രംപിനെ അപേക്ഷിച്ച് ടിഫാനി പൊതുവെ മാധ്യമശ്രദ്ധയിവേക്ക് വലിയ രീതിയില്‍ വന്നിട്ടില്ല.
അതേസമയം ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ട്രംപിനു വേണ്ടി ടിഫാനിയും രംഗത്തുണ്ടായിരുന്നു. ഒക്ടോബറില്‍ ട്രംപ് നടത്തിയ ട്രംപ് പ്രൈഡ് എന്ന പ്രചാരണ പരിപാടിയില്‍ ടിഫാനി നടത്തിയ പ്രസംഗം വാര്‍ത്തയായിരുന്നു. ലൈംഗി ന്യൂനപക്ഷങ്ങളെ ട്രംപ് എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് പറഞ്ഞ ടിഫാനി എല്‍ജിബിടിക്യു എന്ന വാക്ക് എല്ജിബിക്യുഐഐഎ എന്നായിരുന്നു അക്ഷരം തെറ്റിച്ച് പറഞ്ഞത്. ഈ സംഭവം അന്ന് ട്രോളുകളായി വന്നിരുന്നു. ഇതിനു പുറമെ ആ പ്രസംഗത്തില്‍ പത്തു വര്‍ഷത്തിനുള്ളില്‍ തന്റെ പിതാവ് എച്ച്.ഐവിക്കുള്ള മരുന്ന് കണ്ടുപിടിക്കുമെന്നും പറഞ്ഞിരുന്നു. ഈ പരാമര്ഡശവും വിവാദമായിരുന്നു. ട്രംപ് കുടുംബത്തിന്രെ വൈറ്റ് ഹൗസിലെ അവസാന മണിക്കൂറുകളാണ് ഇനി.
അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന് ഇന്ന് സ്ഥാനമേല്‍ക്കുകയാണ്. ഒപ്പം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസും സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
അതേസമയം ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയുടെ സമൃദ്ധിനിലനിര്ത്തുന്നതിനായി പുതിയ ഭരണകൂടത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തനിക്കൊരു ബഹുമതിയാണെന്നും അതിന് നന്ദി പറയുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.