പുല്ലഴി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം

ഉപതെരഞ്ഞെടുപ്പ് നടന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനില്‍ യുഡിഎഫിന് വിജയം. കോണ്‍ഗ്രസ് നേതാവ് കെ രാമനാഥനാണ് ഇവിടെ 998 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു കയറിയത്. അഡ്വ മഠത്തില്‍ രാമന്‍കുട്ടിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം തീരുമാനിക്കാന്‍ കഴിയുന്ന തെരഞ്ഞെടുപ്പായത് കൊണ്ട് തന്നെ എല്ലാ മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ തന്നെ ഇവിടെ പ്രചരണത്തിനെത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടന്നത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു പുല്ലഴി. കെ രാമനാഥന്‍ 2052 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ രാമന്‍കുട്ടി 1049 വോട്ടാണ് നേടി. എന്‍ഡിഎയുടെ സന്തോഷ് പുല്ലഴി 539 വോട്ടാണ് നേടിയത്.

പുല്ലഴിയില്‍ യുഡിഎഫ് വിജയിച്ചതോടെ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി. നിലവില്‍ മേയറായ എംകെ വര്‍ഗീസിന്റെ നിലപാട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫോ യുഡിഎഫോ ഭരിക്കണമെന്ന് തീരുമാനിക്കും. എല്‍ഡിഎഫിനോടൊപ്പം തന്നെ നില്‍ക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം എംകെ വര്‍ഗീസ് പ്രതികരിച്ചിരിക്കുന്നത്. അതേ സമയം, വര്‍ഗീസുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് യുഡിഎഫ് പറയുന്നത്.

അതേസമയം, മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.സി വാസന്തി 27 വോട്ടിന് ജയിച്ചു. ജയത്തോടെ മാവൂരില്‍ യുഡിഎഫിന് ഭൂരിപക്ഷമായി.

കളമശേരി നഗരസഭയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഫീഖ് മരയ്ക്കാര്‍ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ഥി സമീലിനെയാണ് റഫീഖ് തോല്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാര്‍ത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടാണ് നേടാനായത്. ഇതോടെ നഗരസഭയില്‍ കക്ഷിനില 20-21 എന്നായി.

സ്വതന്ത്ര സ്ഥാനാര്‍ഥി തെള്ളിയില്‍ ജെ മാത്യുവിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. 42 വാര്‍ഡുകളുള്ള നഗരസഭയില്‍ യുഡിഎഫിന് 19, എല്‍ഡിഎഫിന് 18, യുഡിഎഫ് വിമതര്‍ രണ്ട്, സ്വതന്ത്ര ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍പേഴ്സണ്‍ തെരെഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് വിമതനും സ്വതന്ത്ര അംഗവും എല്‍ഡിഎഫിനെയും, ഒരു യുഡിഎഫ് വിമതന്‍ യുഡിഎഫിനെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു.

Latest News