
കോണ്‍ഗ്രസ് അനുകൂല മണ്ഡലമായി പരിഗണിക്കപ്പെടവെ തന്നെ കെ കരുണാകരന്റെ പരാജയത്തില്‍ തുടങ്ങി പത്മജ വേണുഗോപാലിന്റെ പരാജയത്തിലവസാനിക്കുന്ന തെരഞ്ഞെടുപ്പ് ചരിത്രമാണ് തൃശ്ശൂര്‍ മണ്ഡലത്തിന്റേത്. 2016-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും താരസ്ഥാനാര്‍ഥികളെ കളത്തിലിറക്കിയ മണ്ഡലത്തില്‍ പക്ഷേ ഫലമെത്തിയപ്പോള്‍ താരമായത് രണ്ട് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് മുന്നേറ്റം അവസാനിപ്പിച്ച വി എസ് സുനില്‍ കുമാറായിരുന്നു. വിജയമുറപ്പിച്ച് മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ 6987 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ആ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംസ്ഥാനവക്താവ് ബി ഗോപാലകൃഷ്ണനായിരുന്നു മൂന്നാം സ്ഥാനം.
എന്നാലിത്തവണത്തെ തെരഞ്ഞെടുപ്പില്‍ വി എസ് സുനില്‍കുമാറും പത്മജ വേണുഗോപാലിന്റേയും സ്ഥാനാര്ഥ്വത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരുകയാണ്. മൂന്നുതവണ മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന സിപിഐ തീരുമാനത്തിന് വിരുദ്ധമായി സുനില്‍കുമാര്‍ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. സുനില്‍കുമാറിനെ മാറ്റി പരീക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന നേതൃത്വം തൃശ്ശൂര്‍ ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാമെന്ന സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയിലെ ചില നേതാക്കളുടെ അഭിപ്രായവും തള്ളുന്നു. 20 വര്‍ഷത്തോളം കോണ്‍ഗ്രസ് മണ്ഡലമായിരുന്ന തൃശ്ശൂര്‍ തിരിച്ചു പിടിച്ച സുനില്‍കുമാറിന് ഒരവസരം കൂടി നല്കുന്നതില് തെറ്റില്ലെന്നാണ് സിപിഐഎം സംസ്ഥാന നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
മറുപക്ഷത്ത് യുഡിഎഫ് ക്യാമ്പില്‍ തൃശ്ശൂരില്‍ പ്രഥമ പരിഗണന പത്മജ വേണുഗോപാലിന് തന്നെയാണ്. ഇതിനിടെ തദ്ദേശതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി ഗോപാലകൃഷ്ണന് മണ്ഡലത്തിലെത്തുമോ എന്നതും സ്ഥിരീകരിക്കപ്പെടാതെയിരിക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം കഴിഞ്ഞ തെരഞ്ഞെടുപ്പിലേതില്‍ നിന്ന് വ്യത്യസ്തമാകും. തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലിയിലുണ്ടാക്കാനായ മുന്നേറ്റത്തില്‍ എല്‍ഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ പുല്ലഴി ഉപതെരഞ്ഞെടുപ്പാണ് യുഡിഎഫിന് ആശ്വാസം പകരുന്നത്. എന്നാല്‍ മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബിജെപിക്ക് അവരുടെ എ പ്ലസ് മണ്ഡലത്തില്‍ പ്രതീക്ഷ മങ്ങുകയാണ്.
പ്രമുഖ സ്ഥാനാര്‍ഥികളെ പരാജപ്പെടുത്തുന്നതില് കുപ്രസിദ്ധിയാര്‍ജിച്ച തൃശ്ശൂര്‍ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പുതന്നെ ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് കെ കരുണാകരന് കളത്തിലിറങ്ങിയ 1957-ലെ തെരഞ്ഞെടുപ്പില്‍ 2486 വോട്ടുകള്‍ക്ക് സ്വതന്ത്രസ്ഥാനാര്‍ഥിയായ എ ആര് മേനോനോട് അദ്ദേഹത്തിന് പരാജയപ്പെടേണ്ടി വന്നു. എന്നാല്‍ 1960-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ കെ ബാലകൃഷ്ണ മേനോനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ധര്‍മ്മജ അയ്യര്‍ മണ്ഡലം യുഡിഎഫിനൊപ്പമാക്കി. 1967-ല്‍ വീണ്ടും കോണ്‍ഗ്രസ് പരാജയമറിഞ്ഞു. ഇത്തവണ അട്ടിമറിച്ചത് സിപിഐഎം സ്ഥാനാര്‍ഥി കെ ശേഖരന് നായരായിരുന്നു, പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി പി സീതാരാമനും.
1970-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തെത്തിയ പ്രമുഖ സാഹത്യ വിമര്ശകന് ജോസഫ് മുണ്ടശ്ശേരി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി എ ആന്റണി മണ്ഡലത്തില്‍ പിന്തള്ളപ്പെടുകയും ചെയ്തു. എന്നാല്‍ 1972-ല്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി എ ആന്റണി തിരിച്ചുപിടിക്കുകയും സ്വതന്ത്ര സ്ഥാനാര്‍ഥി വി ആര് ആര് മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു.
മണ്ഡലത്തിലെ 1977-ലെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് നേതാവ് കെ ജെ ജോര്‍ജ് ജനതാ പാര്‍ട്ടി ബാനറില്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. മുന്‍ എംഎല്‍എ പി എ ആന്റണിയെ പരാജയപ്പെടുത്തിയായിരുന്നു ആ ജയം. എന്നാല്‍ 1980-ലെ തെരഞ്ഞെടുപ്പില്‍ കെ ജെ ജോര്‍ജിനും മണ്ഡലത്തില്‍ തോല്‍ക്കേണ്ടി വന്നു. ഇത്തവണ വീണ്ടും അട്ടിമറിവിജയം നേടിയ സിപിഐമ്മിന്റെ സ്ഥാനാര്‍ഥി എം കെ കണ്ണനായിരുന്നു. പിന്നീട് 1982-ലെ തെരഞ്ഞെടുപ്പുമുതലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്റെ തേരോട്ടം ആരംഭിക്കുന്നത്. 82-ലെ തെരഞ്ഞടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ബാനറില്‍ മത്സരിച്ച അദ്ദേഹം മണ്ഡലത്തിന്റെ പതിവുപോലെ മുന്‍ എംഎല്‍എ എം കെ കണ്ണനെ 1841 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു.
1987-ല്‍ അദ്ദേഹം മാറി നില്‍ക്കുകയും എന്‍ഡിപി ബാനറില്‍ എം വേണുഗോപാല്‍ മത്സരിക്കുകയും ചെയ്തു. എന്നാല്‍ സിപിഐഎം മണ്ഡലം തിരിച്ചുപിടിച്ചു. 1991-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥനാര്‍ഥിയായി തേറമ്പില്‍ രാമകൃഷ്ണന് എത്തുകയും മണ്ഡലത്തിലെ ചാഞ്ചാട്ടങ്ങളെ പിടിച്ചുനിര്‍ത്തുകയും ചെയ്തു. സിപിഐഎം സ്ഥാനാര്‍ഥി ഇ കെ മേനോനെ 7291 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഈ തിരിച്ചുവരവ്. ഇതോടെ 1996-ല്‍ വീണ്ടും സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം ആര് ഗോവിന്ദന് രംഗത്തിറക്കപ്പെട്ടെങ്കിലും പതിനായിരത്തിനുമുകളില്‍ ഭൂരിപക്ഷവുമായി തേറമ്പില്‍ രാമകൃഷ്ണന് തന്നെ മണ്ഡലത്തില്‍ വിജയിച്ചു.
2001-ല്‍ സിപിഐഎം സ്ഥാനാര്‍ഥിയായ കെ പി അരവിന്ദാക്ഷനും 2006-ല്‍ സിപിഐഎമ്മിന്റെ മറ്റൊരു നേതാവ് എം എം വര്‍ഗ്ഗീസും തേറമ്പില്‍ രാമകൃഷ്ണനോട് പരാജയപ്പെട്ടു. 2006- തെരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടത്തില്‍ 2596 ലേക്ക് തേറമ്പില്‍ രാമകൃഷ്ണന്റെ ഭൂരിപക്ഷം ഇടിഞ്ഞു. 2011ല്‍ മണ്ഡലം ഏറ്റെടുത്ത സിപിഐ ഈ ആത്മവിശ്വാസത്തോടുകൂടിയാണ് തെരഞ്ഞടുപ്പ് നേരിട്ടതെങ്കിലും വിജയം തേറമ്പില്‍ രാമകൃഷ്ണനൊപ്പമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി പി ബാലചന്ദ്രനെ പിന്തള്ളിയ അദ്ദേഹം തന്റെ ഭൂരിപക്ഷം വീണ്ടും പതിനായിരത്തിനുമുകളിലേക്ക് ഉയര്‍ത്തി.
ഇതോടെ കോണ്‍ഗ്രസ് സുരക്ഷിത മണ്ഡലങ്ങളിലേക്ക് തൃശ്ശൂര്‍ കടന്നെന്ന വിശ്വാസത്തിലായിരുന്നു 2016 ല്‍ അദ്ദേഹത്തിനുപകരം പകരം കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസ് കളത്തിലറക്കിയത്. എന്നാല്‍ 6987 വോട്ടുകളുടെ തിരിച്ചടിയാണ് മണ്ഡലത്തിന് നിന്ന് കോണ്ഗ്രസിനുനേരിടേണ്ടി വന്നത്. ഇന്ന് കേരള മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രി സ്ഥാനം വഹിക്കുന്ന വി എസ് സുനില്‍ കുമാര്‍ കൈപ്പമംഗലത്തുനിന്ന് തൃശ്ശൂരേക്കെത്തിയ തെരഞ്ഞെടുപ്പില്‍ സിപിഐക്കായിരുന്നു വിജയം. പത്മജ വേണുഗോപാല്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട തെരഞ്ഞെടുപ്പില്‍ 24748 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്. മറ്റ് പ്രധാന നേതാക്കളെല്ലാം രണ്ടാം സ്ഥാനം വരെയെത്തിയ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വക്താവായ ബി ഗോപാലകൃഷ്ണന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനാകാത്തത് എന്‍ഡിഎ മുന്നണിക്കും നിരാശയായിരുന്നു.

എന്നാല്‍ ഇത്തവണ തൃശ്ശൂര്‍ മണ്ഡലത്തിലെ മത്സരക്കളത്തിലേക്കില്ലെന്ന സൂചനയാണ് വി എസ് സുനില്‍ കുമാര്‍ മുന്നോട്ടുവെച്ചത്. മൂന്നു തവണ മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന സിപിഐ നിര്‍ദ്ദേശം ഏറ്റുപറഞ്ഞ അദ്ദേഹം സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ഇനി യുവാക്കള്‍ വരട്ടെയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ വിജയസാധ്യതയുള്ള സുനില്‍കുമാറിനെ പോലെയുള്ള സ്ഥാനാര്‍ഥികളെ മാറ്റി നിര്‍ത്തുന്നത് പ്രതികൂലഫലമുണ്ടാക്കുമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായം.

അഥവാ എംഎല്‍എ മാറിനില്‍ക്കുകയാണെങ്കില്‍ ഒല്ലൂര്‍ എംഎല്‍എയും ചീഫ് വിപ്പുമായ കെ രാജനെ മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കുമെന്നായിരുന്നു സൂചനകള്‍. ഒപ്പം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്റെ പേരും ഉയരുന്നുണ്ട്. അങ്ങനെ വത്സരാജ് സ്ഥാനാര്ഥിത്വത്തിലേക്കെത്തുകയാണെങ്കില് വി എസ് സുനില്‍കുമാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലത്തിലേക്ക് ഇത്തവണ പത്മജ വേണുഗോപാലെത്തില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഐ ഗ്രൂപ്പിന്റെ മണ്ഡലത്തിലേക്ക് ഇത്തവണ പത്മജ വേണുഗോപാലുമുണ്ടാകണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെയടക്കം ആവശ്യം. സാമുദായിക പരിഗണനയിലും പത്മജ തന്നെയാണ് മുമ്പില്‍. എന്നാല്‍ മണ്ഡലത്തിലേക്കില്ലെന്നാണ് പത്മജയുടെ തീരുമാനമെന്ന നിലയിലും റിപ്പോര്‍ട്ടുകളുണ്ട്.

അത്തരത്തില്‍ പത്മജ വേണുഗോപാല്‍ മാറി നില്ക്കുകയാണെങ്കില് മണ്ഡലം തിരിച്ചുപിടിക്കാന്‍ മുന്‍ സ്പീക്കറും മണ്ഡലത്തില്‍ നിന്ന് അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളുമായ തേറമ്പില്‍ രാമകൃഷ്ണന് കോണ്‍ഗ്രസ് സ്ഥാനാര്ഥിയായേക്കാനും സാധ്യതയുണ്ട്. ഇതിനുപുറമെ ടി വി ചന്ദ്രമോഹന്, ഡിസിസി പ്രസിഡന്റ് എം പി വിന്‍സന്റ്, എ ഗ്രൂപ്പ് നേതാവ് രാജന് പല്ലന് എന്നിവരുടെ പേരും മണ്ഡലത്തില്‍ സജീവമാണ്.അതിരൂപതക്ക് സമ്മതനാണ് എന്നത് കൂടിയാണ് വിന്‍സന്റിനെ പരിഗണിക്കാനുള്ള കാരണം. എ ഗ്രൂപ്പില്‍ നിന്നുള്ള അനില്‍ അക്കര എംഎല്‍എ, മുന്‍ കോര്പ്പറേഷന് മേയര്‍ രാജന് പല്ലന് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രമുഖ നേതാവ് ബി ഗോപാലകൃഷ്ണനെ മണ്ഡലത്തിലിറക്കിയ ബിജെപിയും തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ അനുഭവവുമായാണ് 2021 തെരഞ്ഞെടുപ്പിലേക്കെത്തുന്നത്. മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട ബിജിപിക്ക് കോര്‍പ്പറേഷനിലെ സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടിരുന്നു. മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി ഗോപാലകൃഷ്ണനാണ് അവിടെ പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണയും അദ്ദേഹത്തിന്റെ പേരിന് തന്നെയാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. ഗോപാലകൃഷ്ണനല്ലെങ്കില് പിന്നെ പരിഗണനയിലുള്ളത് മറ്റൊരു പ്രമുഖ നേതാവ് സന്ദീപ് വാര്യറാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരെടുക്കുമെന്ന് പറഞ്ഞ് എടുക്കാന്‍ പറ്റാതെ മടങ്ങിയ നടന് സുരേഷ് ഗോപിയുടെ പേരും മണ്ഡലത്തില്‍ ബിജെപി സാധ്യതയിലുണ്ട്. താരത്തിന് താത്പര്യമുള്ള നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ ലഭിച്ചേക്കില്ലെന്നിരിക്കെ തൃശ്ശൂരേക്ക് അദ്ദേഹം മടങ്ങിയേക്കുമെന്നാണ് സൂചന.