ഭക്ഷ്യ വസ്തുക്കളിലെ സുരക്ഷാ ആശങ്ക; നാനോ ടെക്‌നോളജിയുടെ ദൂഷ്യഫലങ്ങളും പരിഗണിക്കണമെന്ന് അന്താരാഷ്ട്ര വെബ്ബിനാര്‍

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റിറ്റ്യൂട്ടും, കേന്ദ്ര സർവകലാശാലയും, കേരള സയൻസ് അക്കാദമിയും ചേർന്ന് ത്രിദിന അന്താരാഷ്ട്ര വെബ്ബിനാർ സംഘടിപ്പിച്ചു. ‘ഫുഡ്, കെമിക്കൽ & നാനോ മെറ്റീരിയൽസ് ടോക്സിസിറ്റി’ എന്നതാണ് പ്രതിപാദ്യ വിഷയം. ഈ വെബിനറിന്റെ ഔപചാരികമായ വെർച്വൽ ഉദ്ഘാടനം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. കെ ജയകുമാർ, കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡയറക്ടർ എഛ്. വെങ്കടേശ്വരലുന്റെ അദ്ധ്യക്ഷതയിൽ നിർവഹിച്ചു.

ദേശീയ-അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഗവേഷകർ പ്രസ്തുത വിഷയത്തിന്റെ വിവിധ തലങ്ങളെപറ്റി സംസാരിക്കുകയും ആരോഗ്യ-പരിരക്ഷാ ആപ്ലിക്കേഷനുകൾ, ജല ശുദ്ധികരണം, ഭക്ഷ്യ പദാർത്ഥങ്ങൾ, രാസ-പ്രയോഗങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന നാനോവസ്തുക്കളുടെ സുരക്ഷാ ആശങ്കകൾ പങ്കുവെക്കുകയും ചെയ്തു.

ദ്രവ്യത്തെ അതിന്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നൂതനമായ സാങ്കേതികവിദ്യയാണ്‌ നാനോടെക്നോളജി. ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം തുടങ്ങിയ വിവിധ ശാഖകളിൽ വൈവിധ്യമാർന്ന മുന്നേറ്റങ്ങൾ നാനോടെക്നോളജിക്ക്‌ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല ഒപ്റ്റോ-ഇലക്ട്രോണിക്, ബയോമെഡിക്കൽ എന്നീ സാങ്കേതിക മേഖലകളിൽ അതിന്റെ വിവിധ ഉപയോഗങ്ങൾ പ്രയോജനപെടുത്തി ബയോസെൻസിംഗ്, ഡ്രഗ്-ഡെലിവറി, ബയോഇമേജിംഗ്, തെറാനോസ്റ്റിക്സ്, ഫോട്ടോതെർമൽ, ഫോട്ടോഡൈനാമിക് തെറാപ്പി എന്നിവയിലൂടെ ആരോഗ്യക്ഷേമത്തിലും രോഗനിർണയത്തിലും, ചികിത്സാരീതികളിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്.

മെച്ചപ്പെട്ട ആരോഗ്യവും ജീവിത നിലവാരവും ഉറപ്പുവരുത്തുന്നതിനായി നാനോവസ്തുക്കളെ വൈദ്യശാസ്‌ത്ര രംഗത്തേക്ക് വിജയകരമായി ആവിഷ്കരിക്കുക എന്നത് അനിവാര്യമാണ്. നാനോടെക്നോളോജിയുടെ ഉയർന്നു വരുന്ന പ്രാധാന്യത്തോടൊപ്പം അതിന്റെ ദൂഷ്യഫലങ്ങളും പരിഗണിക്കേണ്ടതുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ പ്രസ്തുത വസ്തുതകളാണ് ചർച്ച ചെയ്യപ്പെടുക.

ഉദ്‌ഘാടന യോഗത്തിൽ ശ്രീ ചിത്ര തിരുനാൾ ടോക്സിക്കോളജി വിഭാഗം തലവനും സംഘാടകനുമായ ഡോ. പി വി മോഹനൻ സ്വാഗതം ആശംസിച്ചു. ബയോ മെഡിക്കൽ വിങ് മേധാവി ഡോ. പി ആർ ഹരികൃഷ്ണ വർമ്മ, കേന്ദ്ര സർവകലാശാല ഡീൻ പ്രൊഫ. ഗോവിന്ദ റാവു എന്നിവർ ആശംസകളും കേരള സയൻസ് അക്കാദമിയുടെ അദ്ധ്യക്ഷന്‍, ഡോ. ജി എം നായർ ആമുഖ പ്രസംഗവും നടത്തി. കേന്ദ്ര സർവകലാശാല സൂവോളജി വിഭാഗം മേധാവി പ്രൊഫ. കെ സുധ നന്ദി രേഖപ്പെടുത്തി

Latest News