ചെന്നിത്തല പറഞ്ഞ കൊടുങ്കാറ്റില്‍ പാറിപ്പോയത് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; എണ്ണിയെണ്ണി പരിഹസിച്ച് തോമസ് ഐസക്

തിരുവനന്തപുരം: തന്റെ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ കൊടുങ്കാറ്റുണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെ പരിഹസിച്ച് മന്ത്രി ടിഎം തോമസ് ഐസക്. പ്രതിപക്ഷ നേതാവിന്റെ പ്രവചനം അച്ചട്ടായെന്നും പക്ഷേ, പാറിപ്പോയത് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും ഐസക് പറഞ്ഞു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് സംഭവിച്ചിട്ടുള്ള അട്ടിമറികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘തങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവോ സഹപ്രവര്‍ത്തകരോ ഇതേവരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ചോ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഒഴുക്കുന്ന കള്ളപ്പണത്തെക്കുറിച്ചോ ഒരു രാഷ്ട്രീയവേവലാതിയും കോണ്‍ഗ്രസിനില്ല. പ്രതിഷേധിക്കാന്‍ ഒരു വരി പ്രസ്താവനയില്ല. അമര്‍ഷം പ്രകടിപ്പിക്കാന്‍ ഒരു വാക്കുപോലും ഉച്ചരിക്കപ്പെടുന്നില്ല. പ്രലോഭനം തുടര്‍ന്നോളൂ, വശംവദരാകാന്‍ തങ്ങളും എപ്പോഴേ റെഡി എന്ന തുറന്ന സമ്മതമാണ് അവരുടെ മൗനത്തില്‍ മുഴങ്ങുന്നത്’, ഐസക് കുറ്റപ്പെടുത്തി.

പണവും അധികാരവും സ്ഥാനമാനങ്ങളും കോര്‍ത്ത ചൂണ്ട കോണ്‍ഗ്രസ് പാളയത്തില്‍ സ്ഥിരമായി തൂക്കിയിരിക്കുകയാണ് ബിജെപി. ആ പ്രലോഭനത്തിനു കീഴ്‌പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം അനുദിനം ഉയരുകയാണ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള നേതാക്കള്‍ മുതല്‍ എംഎല്‍എമാരും ഏറ്റവും താഴെത്തട്ടിലുള്ള നേതാക്കളും വരെ ബിജെപിയിലേയ്ക്ക് ഒഴുകുകയാണ്. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ആറ് എംഎല്‍എമാരാണ് പുതുച്ചേരിയില്‍ ബിജെപിയുടെ അജണ്ടയ്ക്കു കീഴെ ഒപ്പുവെച്ച് രാജി സമര്‍പ്പിച്ചത്. ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു? ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം അശക്തമായി തുടരുന്നെന്നും ഐസക് ചോദിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

തന്റെ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ കൊടുങ്കാറ്റുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രവചനം. ആ വാക്കുകള്‍ അച്ചട്ടായി. പക്ഷേ, പാറിപ്പോയത് ദക്ഷിണേന്ത്യയിലെ ഒരേയൊരു കോണ്‍ഗ്രസ് മന്ത്രിസഭയും. പുതുച്ചേരി ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ കുതന്ത്രങ്ങള്‍ക്ക് കരുക്കളായത് കോണ്‍ഗ്രസിന്റെ തന്നെ എംഎല്‍എമാര്‍.

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ആറുപേരാണ് അമിത്ഷായുടെ ചാക്കിലേയ്ക്ക് സന്തോഷത്തോടെ നടന്നു കയറിയത്. കള്ളപ്പണമൊഴുക്കി ജനഹിതം അട്ടിമറിക്കുന്ന ബിജെപിയ്ക്കു മുന്നില്‍ തുപ്പലിറക്കി നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ”മേരാ നമ്പര്‍ കബ് ആയേഗാ” എന്ന ആകാംക്ഷയിലാണ് കോണ്‍ഗ്രസിന്റെ നേതാക്കളും ജനപ്രതിനിധികളും.

തങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവോ സഹപ്രവര്‍ത്തകരോ ഇതേവരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ചോ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഒഴുക്കുന്ന കള്ളപ്പണത്തെക്കുറിച്ചോ ഒരു രാഷ്ട്രീയവേവലാതിയും കോണ്‍ഗ്രസിനില്ല. പ്രതിഷേധിക്കാന്‍ ഒരു വരി പ്രസ്താവനയില്ല. അമര്‍ഷം പ്രകടിപ്പിക്കാന്‍ ഒരു വാക്കുപോലും ഉച്ചരിക്കപ്പെടുന്നില്ല. പ്രലോഭനം തുടര്‍ന്നോളൂ, വശംവദരാകാന്‍ തങ്ങളും എപ്പോഴേ റെഡി എന്ന തുറന്ന സമ്മതമാണ് അവരുടെ മൌനത്തില്‍ മുഴങ്ങുന്നത്.

പണവും അധികാരവും സ്ഥാനമാനങ്ങളും കോര്‍ത്ത ചൂണ്ട കോണ്‍ഗ്രസ് പാളയത്തില്‍ സ്ഥിരമായി തൂക്കിയിരിക്കുകയാണ് ബിജെപി. ആ പ്രലോഭനത്തിനു കീഴ്‌പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം അനുദിനം ഉയരുകയാണ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള നേതാക്കള്‍ മുതല്‍ എംഎല്‍എമാരും ഏറ്റവും താഴെത്തട്ടിലുള്ള നേതാക്കളും വരെ ബിജെപിയിലേയ്ക്ക് ഒഴുകുകയാണ്. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ആറ് എംഎല്‍എമാരാണ് പുതുച്ചേരിയില്‍ ബിജെപിയുടെ അജണ്ടയ്ക്കു കീഴെ ഒപ്പുവെച്ച് രാജി സമര്‍പ്പിച്ചത്. ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു? ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം അശക്തമായി തുടരുന്നു?

കേരളത്തില്‍ നാം കേള്‍ക്കുന്ന വായ്ത്താരി എന്താണ്? കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പകരം ബിജെപി വരുമെന്നാണ്. ആ വാദത്തിന് എന്താണ് പ്രസക്തി? ജയിപ്പിച്ചിട്ടും കാര്യമില്ല എന്നല്ലേ പുതുച്ചേരിയിലെ അനുഭവം പഠിപ്പിക്കുന്നത്? അവിടെ കോണ്‍ഗ്രസിനെ ജനം അധികാരത്തിലേറ്റിയതാണ്. എംഎല്‍എമാരെ വിജയിപ്പിച്ചു, ഭരണവും കൊടുത്തു. എന്നിട്ടെന്തായി? വിജയിച്ച കോണ്‍ഗ്രസുകാര്‍ രായ്ക്കുരാമാനം രാജിവെച്ച് ബിജെപിയുടെ നിയന്ത്രണത്തിലായി. ജയിച്ചാലും തോറ്റാലും ഇന്നല്ലെങ്കില്‍ നാളെ ബിജെപി എന്നതാണ് കോണ്‍ഗ്രസുകാരുടെ അവസ്ഥ.

അരുണാചല്‍ പ്രദേശില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ 42 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയടക്കം 41 എംഎല്‍എമാര്‍ ബിജെപിയിലെത്തി. മധ്യപ്രദേശില്‍ സ്വതന്ത്രര്‍ അടക്കം 121 പേരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയായത്. ജ്യോതിരാജ സിന്ധ്യ അടക്കം 26 പേരെ ചാക്കിലാക്കി അവിടെ ബിജെപി ഭരണം പിടിച്ചു. മണിപ്പൂരില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ്. 9 എംഎല്‍എമാരെ ചാക്കിലാക്കി ഭരണം നേടിയത് ബിജെപി. ഗോവയിലും കോണ്‍ഗ്രസ് അംഗത്തെ കൂറുമാറ്റിയാണ് ബിജെപി അധികാരം പിടിച്ചത്.

കോണ്‍ഗ്രസിന്റെ അണികളിലും നേതാക്കളിലും നല്ലൊരു വിഭാഗം ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴടങ്ങിക്കഴിഞ്ഞതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. രാഷ്ട്രീയമായ രാസമാറ്റം പൂര്‍ത്തിയായിക്കഴിഞ്ഞു. ജയമോ തോല്‍വിയോ, സംഘടനയിലെ സ്ഥാനമാനങ്ങളോ, എംപി, എംഎല്‍എ സ്ഥാനങ്ങളോ ബിജെപിയില്‍ ചേരുന്നതിന് കോണ്‍ഗ്രസുകാരെ തടയുന്നില്ല. ഈ യാഥാര്‍ത്ഥ്യത്തെ പ്രതിരോധിക്കാനുള്ള കെല്‍പ്പൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിനുമില്ല. അവധിക്കാലവിനോദം പോലെയാണ് അവരിപ്പോള്‍ നേതൃത്വത്തിന്റെ ചുമതല നിര്‍വഹിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ സമാപന സമ്മേളനമാണ് ഇന്ന്. ശംഖുമുഖത്ത് അദ്ദേഹത്തോടൊപ്പം വേദി പങ്കിടുന്ന എത്രപേര്‍ നാളെ ആ പാര്‍ടിയിലുണ്ടാകും എന്ന ആകാംക്ഷയായിരിക്കും, സമ്മേളനനഗരിയിലെത്തുന്നവരുടെയുള്ളില്‍ തിരയിടിക്കുന്ന ചോദ്യം.

Latest News