Top

തോമസ് ഐസക് അഭിമുഖം: രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതെ ഉള്ളു, ഞങ്ങൾ നടപ്പാക്കി തുടങ്ങി; കേരളം എവിടേക്ക് തിരിയണമെന്ന് ഈ ബജറ്റ് പറയും

14 Jan 2021 12:47 AM GMT
എം വി നികേഷ് കുമാർ 

തോമസ് ഐസക് അഭിമുഖം: രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതെ ഉള്ളു, ഞങ്ങൾ നടപ്പാക്കി തുടങ്ങി; കേരളം എവിടേക്ക് തിരിയണമെന്ന് ഈ ബജറ്റ് പറയും
X

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ അവസാന ബജറ്റിന് തൊട്ടുമുന്നോടിയായി ധനമന്ത്രി തോമസ് ഐസക് എം വി നികേഷ് കുമാറുമായി ബജറ്റ് പ്രതീക്ഷകളും സാമ്പത്തിക കാഴ്‌ചപ്പാടുകളും പങ്കുവെക്കുന്നു.

നാളെ ബജറ്റ് അവതരിപ്പിക്കുകയാണ്‌. എന്തൊക്കെ പ്രതീക്ഷകളാണ് മനസിലുള്ളത്?

ആദ്യത്തെ ബജറ്റിനെ ഞാന്‍ വിളിക്കുക കിഫ്‌ബി ബജറ്റ്‌ എന്നാണ്. അത് വിഭവ സമാഹരണത്തിൽ ഒരു പുതിയ വഴിതുറക്കുകയായിരുന്നു. അവസാനത്തെ ബജറ്റ് ആ പശ്ചാത്തലസൗകര്യങ്ങളുടെ കരുത്തിൽ കേരളം ഇനി എങ്ങോട്ടാണ് തിരിയേണ്ടത് എന്ന് കാണിച്ചുകൊടുക്കും.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ശേഷം ഒരു ഭരണത്തുടർച്ച എന്ന ആത്മവിശ്വാസം താങ്കളുടെ മുഖത്ത് പ്രകടമാണ്.

സംശയമുണ്ടോ? ആ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലുമൊരുകാര്യം ഉറപ്പുണ്ടെങ്കിൽ അത് ഭരണത്തുടർച്ചയുണ്ടാകും എന്നുള്ളത് തന്നെയാണ്.

അപ്പോൾ ഈ അഞ്ചുവർഷത്തെ നേട്ടങ്ങൾ പറഞ്ഞ് കുറെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുക എന്നതായിരിക്കില്ല, മറിച്ച് ഒരു കൃത്യമായ ഒരു ആസൂത്രണം 2021 ബജറ്റിൽ ഉണ്ടാകും?

വെറും ക്ഷേമ പ്രഖ്യാപനങ്ങളല്ല. യാതൊരു സംശയവും വേണ്ട. ഇലക്ഷൻ ബജറ്റ് എന്നൊരു ബജറ്റ് ഉണ്ടല്ലോ. കുറെ ആനുകൂല്യങ്ങളും ഇളവുകളും ഒക്കെ വിതരണം ചെയ്യുന്നത്. അതൊക്കെ ഇതിലും ഉണ്ടാകും, പക്ഷെ അതിലുപരി ഇത് അറിയപ്പെടാൻ പോകുന്നത് നമ്മുടെ കേരളത്തെ എങ്ങനെ ഒരു വിഞ്ജാനസമൂഹമായിട്ട് മാറ്റാം എന്ന പദ്ധതിയുടെ പേരിലായിരിക്കും. ഇതിനടിസ്ഥാനത്തിൽ എങ്ങനെ ഇന്നത്തെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാം എന്നുള്ളതൊക്കെ ബജറ്റ് കൈകാര്യം ചെയ്യും. ഇതുവരെയും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് ഒരു ചർച്ചപോലും നടത്തിയിട്ടില്ല. പ്രായോഗികമായ കാര്യമല്ലെന്നായിരുന്നു വെപ്പ്. ഇത് പ്രയോഗികമാണ്, ചെയ്യാൻ പറ്റുന്നതാണ് എന്ന് കൃത്യമായിട്ട് നിർവചിക്കുന്ന ബജറ്റായിരിക്കും ഇത്.

എവിടുന്നാണ് പണം? നമ്മുടെ റവന്യൂ വരുമാനം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ കൊടുത്തുതീർക്കുന്നു. റോഡും പാലവും നിര്‍മ്മിക്കാന്‍ വേണ്ടി കടമെടുക്കുന്നു. ജി.എസ്.ടി കൊമ്പൻസേഷൻ കിട്ടുന്നില്ല, നിങ്ങൾ പോയി കടമെടുത്തോളു എന്ന് കേന്ദ്രം പറയുന്നു. കുടിശ്ശിക കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള റെമിറ്റൻസും തീർത്തും ഇല്ലാതാകുന്നു. പണം ആകാശത്തുനിന്നും കൊണ്ടുവരാൻ കഴിയുമോ ?

നോക്കൂ, ഒന്നരലക്ഷം കോടി രൂപയുടെ ബജറ്റാണ്. ഒന്നര ലക്ഷം കോടി രൂപയിൽ നിന്നും ആയിരമോ രണ്ടായിരമോ കോടി രൂപ നമ്മുടെ മുൻഗണനക്ക് വേണ്ടി മാറ്റിവെച്ചാൽ വേറെ സ്ഥലത്ത് കുറയ്‌ക്കേണ്ടി വരും. അത് പ്രയോഗികമാണ്, നിങ്ങൾക്ക് ആ മുൻഗണന വേണമെന്നാണ് പ്രാധാനം. എവിടെയൊക്കെ വെട്ടിക്കുറയ്‌ക്കാം, എവിടെയാണ് പണം വേണ്ടത് എന്നൊക്കെ ആലോചിച്ച് പദ്ധതിയിട്ടാൽ പണം കണ്ടെത്താൻ കഴിയും. അത് ഓർത്താൽ മതി. ഒന്നര ലക്ഷം കോടി രൂപയിൽ നിന്നും ഒരു രണ്ടായിരം കോടി രൂപ പുതിയ മേഖലയിലേക്ക് മാറ്റിവെക്കുകയാണെകിൽ അത്ഭുതങ്ങൾ നടത്താം.

ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ

ഏതാണ് താങ്കളുടെ പുതിയ മേഖലകൾ? വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ, അതിൽ തന്നെ കുറെ കണക്കുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. സ്ത്രീകളുടെ കാര്യത്തിൽ വളരെ വലുതാണ് ആ കണക്ക്.

നൂറ്പേരെ എടുത്താൽ 68 ശതമാനം ആളുകളും പണിയെടുക്കുന്നില്ല. വീട്ടിലിരിക്കുകയാണ്. ചോദിച്ചാൽ വീട്ടമ്മമാരെന്ന് പറയും. പക്ഷെ അഭ്യസ്തവിദ്യരാണ് ബഹുഭൂരിപക്ഷവും. അവർക്ക് തൊഴിൽ കൊടുക്കാൻ പറ്റും. എങ്ങനെ എന്നൊന്നും എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷെ ഞാൻ പറയുന്നു അത് സാധ്യമാണ്. ഓരോ ആപത്തും അവസരങ്ങളും സൃഷ്ടിക്കും. കോവിഡ് വലിയ തകർച്ച കൊണ്ടുവന്നിട്ടുണ്ട്. ആ തകർച്ചക്കുള്ളിൽ ചില പോംവഴികളുണ്ട്. അതിനെ നമുക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നമുക്ക് കയറാം.

കേരളം എന്നൊരു ബ്രാൻഡ് രൂപപ്പെടുത്തിയിട്ടുണ്ട് അല്ലെ? പക്ഷെ അതിന്റെ റിസൾട്ട് ഒരു പത്തുവർഷത്തേക്ക് അപ്പുറമല്ലേ ഉണ്ടാകുകയുള്ളൂ?

അല്ല, അതിന്റെ റിസൾട്ട് ഇപ്പോൾ കിട്ടും. അടുത്ത വർഷം. നോക്കിക്കോളൂ നിങ്ങൾ.

ഫേസ്ബുക് പോസ്റ്റിൽ വിദ്യാഭ്യാസ ഹബ് ആയി കേരളത്തെ മാറ്റും എന്നുകണ്ടു. അതൊരു ദീഘകാലത്തെ ആഗ്രഹമാണലോ?

വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്നുണ്ടെങ്കിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പൊളിച്ചെഴുത്ത് വേണ്ടിവരും. ഇന്നത്തെ സംവിധാനം നമ്മെ എങ്ങും കൊണ്ടെത്തിക്കില്ല. ഞാൻ ഷാങ്ഹായ് വിദ്യാഭ്യാസ ഇൻഡക്സ് പരിശോധിച്ചിരുന്നു. 54 വിഷയങ്ങളിൽ ലോകത്തെ നാലായിരത്തിൽപരം സർവകലാശാലകളെ എടുത്ത് റാങ്ക് ചെയ്യുന്നുണ്ട് അതിൽ. ഒരു വിഷയത്തിൽ പോലും കേരളം എവിടെങ്കിലും വരുന്നുണ്ടോ? ടൈംസ് റാങ്കിങ്ങിൽ മഹാത്മാ സർവകലാശാലാ എഴുനൂറാമതോ മറ്റോ ഉണ്ട്. എന്നാൽ പൊതുവെ, വീ ആർ നോവെയർ. അപ്പോൾ വലിയ പൊളിച്ചെഴുത്ത് വേണ്ടിവരും. അത് ധനമന്ത്രിക്ക് ഒറ്റക്കൊന്നും തീരുമാനിക്കാൻ കഴിയില്ല. പക്ഷെ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഈ ബജറ്റിലൂടെ പുറത്തുവരും.

കൊവിഡാനന്തരകാലത്ത് രൂപപ്പെട്ട നമ്മുടെ സാധ്യതകള്‍ എന്തൊക്കെയാണ്?

ലോകത്ത് ഇന്ന് കേന്ദ്രീകൃതമായിട്ടുള്ള ഉത്‌പാദനം, കേന്ദ്രീകൃതമായിട്ടുള്ള തൊഴിലിടം എന്നത് അതിവേഗത്തിൽ രൂപഭേദം വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു ഘട്ടത്തിൽ ഇടപെട്ട്, നമ്മുടെ സംസ്ഥാനത്തേക്ക് കൂടുതൽ സാധ്യതകൾ ആകർഷിക്കാൻ കഴിയും. അതാണ് ഞാൻ പറഞ്ഞത്, നാളത്തെ കാര്യമല്ല. ഇന്ന് ഇടപെടാൻ കഴിയണം. ഓരോ പ്രതിസന്ധിയും വലിയ റീസ്ട്രക്ച്ചറിംഗിന്റെ കാലമാണ്.

പക്ഷെ ഇലക്ഷന് മുൻപ് വലിയൊരു റീസ്ട്രക്ച്ചറിംഗിലേക്ക് പോയി അത് പാളിപ്പോയാൽ അത് ഐസക്കിന്റെ തലയിൽ വരില്ലേ?

ഞാൻ പറയുന്നത്, ദാ ഞങ്ങൾ ഇതാണ് ചെയ്യാൻ പോകുന്നത്. ഞങ്ങൾ പറയുന്നത് വിശ്വാസത്തിലെടുക്കുക. കാരണം കിഫ്‌ബി ഈ സർക്കാരിന് നൽകിയിട്ടുള്ള ക്രെഡിബിലിറ്റി അത്ര വലുതാണ്. 60000 കോടി രൂപയുടെ പ്രോജക്ടുകളുടെ പേരൊക്കെ പ്രഖ്യാപിച്ച് ഇത് ഞങ്ങൾ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ എത്രപേർ വിശ്വസിച്ചിരുന്നു? ഇപ്പോൾ നമ്മുടെ കണ്മുൻപിൽ അത് യാഥാർഥ്യമാകുകയല്ലേ? അതുകൊണ്ട് ആ ക്രെഡിബിലിറ്റിയുടെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്, നമ്മുടെ സംസ്ഥാനത്തെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാം.

ഇന്ന് കൊവിഡാനന്തര ലോകത്ത്, ദേ ഇങ്ങനെ ഇങ്ങനെ ഒക്കെ സാധ്യതകൾ ഉണ്ട്, അതിനെ കേരളം ഇങ്ങനെ ഇങ്ങനെ ഒക്കെ ഉപയോഗപ്പെടുത്താൻ പോകുകയാണ്. കൊവിഡാനന്തര കേരളത്തിന്റെ ഒരു വഴിത്താര രൂപപ്പെടുത്തുന്ന ബഡ്‌ജറ്റ്‌ ആയിരിക്കും ഇത്.

കിഫ്‌ബി മീറ്റിങ്ങിൽ ധനമന്ത്രി പങ്കെടുക്കുന്നു

അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകുക എന്നൊക്കെ പറയുമ്പോൾ അത് വെറുതെ നൽകാൻ കഴിയില്ലലോ. അതിനൊരു പ്രോജക്‌ട് ഒക്കെ വേണ്ടേ?

അത് നമുക്ക് ബജറ്റ് ദിവസം അറിയാം.ഞാൻ പറയുന്നു ഉണ്ടെന്ന്. നികേഷ് റിപ്പോർട്ടർ ലൈവിലൂടെ വെല്ലുവിളിക്ക്, ചെയ്യാൻ പോകുന്നതിന് അടുത്തു വരുന്ന ഒരു നിർദേശമുണ്ടെങ്കിൽ നമുക്ക് ഒരു സമ്മാനം കൊടുക്കാം. നോക്കാലോ. അങ്ങനെ ഞാൻ ചെയ്യാൻപോകുന്നതിന് അടുത്തവരുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് അദ്ദേഹത്തെ വിളിച്ചു സംസാരിക്കാം സമ്മാനവും കൊടുക്കാം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ക്ഷേമ പെൻഷൻ എന്നത് വലിയൊരു ഉത്തരവാദിത്തവും അനിവാര്യതയുമായി മാറിയിരിക്കുകയാണ്. ഇപ്പൊ എല്ലാ സിപിഎംകാരും പ്രസംഗിക്കുന്നത് ക്ഷേമ പെൻഷനെ ഉദ്ധരിച്ചുകൊണ്ടാണ്. ഇതിനി ഒഴിവാക്കാൻ പറ്റില്ല. യു ഡി എഫ് വന്നാൽ പോലും ഒഴിവാക്കാൻ പറ്റില്ല. തല്ലുകിട്ടും.

ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ഇൻകം ട്രാൻസ്ഫർ പദ്ധതിയാണ് ഈ ക്ഷേമ പെൻഷൻ. പ്രധാനമന്ത്രി 6000 രൂപവെച്ച് ഒരു വീട്ടിൽ കൊടുക്കുമെന്നാണ് പറയുന്നത്. അതേസമയം ഇവിടെ നമ്മൾ 18000 രൂപ വെച്ചല്ലേ ഇപ്പോൾ കൊടുക്കുന്നത്? ഒരു വീട്ടിൽ രണ്ടുപേരുണ്ടെങ്കിൽ 36000 രൂപയല്ലേ കിട്ടുന്നത്? അടുത്ത സർക്കാരിന് അഞ്ച് വര്ഷം കൊണ്ട് ചുരുങ്ങിയത് 50000 കോടി രൂപ പെൻഷന് ട്രാൻസ്ഫർ ചെയ്യേണ്ടിവരും. അതാണ് ഞാൻ പറഞ്ഞത് രാജ്യത്തെ ഏറ്റവും വലിയ ഇൻകം ട്രാൻസ്ഫർ പദ്ധതിയാണ്. രാഹുൽ ഗാന്ധിയൊക്കെ പ്രസംഗിക്കുന്നതെ ഉള്ളു, ഇവിടെ പ്രായോഗികമായി കാര്യങ്ങൾ നടക്കുകയാണ്.

അത് വോട്ടിനുവേണ്ടി എന്ന ധാരണ വെക്കേണ്ട. വോട്ടിനാണെങ്കിൽ ഈ സർക്കാർ അധികാരത്തിൽ വന്ന് ആദ്യം എടുത്ത തീരുമാനം 600 രൂപ പെൻഷൻ ആയിരം ആക്കാൻ അല്ലെ? എത്രപേർ എന്നോട് പറഞ്ഞു എന്നറിയുമോ നല്ല മനുഷ്യന്മാര് ഇത് ജനങ്ങൾ മറന്നുപോകും എന്ന്. ഇത്ര നേരത്തെ കൊടുക്കേണ്ടതുണ്ടോ അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് 1000 രൂപ കൂട്ടികൊടുത്താൻ അതല്ലേ അറിയുക എന്നൊക്കെ? ഒരു ശാസ്ത്രീയ പരീക്ഷണമുണ്ട്. നമ്മുടെ ഇടതുകൈ തണുത്ത വെള്ളത്തിലും വലതുകൈ ചൂടുവെള്ളത്തിലും മുക്കി ഒരു 5-10 മിനുട്ട് വെക്കുക. എന്നിട്ട് രണ്ടും എടുത്ത് സാധാരണ വെള്ളത്തിൽ വെയ്ക്കുക. അപ്പോൾ നമ്മുടെ ചൂടുവെള്ളത്തിൽ വെച്ച കൈ തണുക്കും, തണുത്തവെള്ളത്തിൽ വെച്ച കൈ ചൂടാകും.

ഈ ഇലക്ഷൻ പോലുള്ള കാര്യങ്ങളിൾ തുടക്കത്തിൽ ചെയ്‌തതൊന്നും ആളുകൾ ഓർത്തുകൊള്ളണമെന്നില്ല. തൊട്ട് മുൻപ് എന്ത് എന്നതേ പൊതുവെ പരിഗണിക്കയുള്ളു. പക്ഷെ അങ്ങനെ അല്ലല്ലോ ചെയ്തത്? തുടക്കം തന്നെ ഈ 400 കൂട്ടികൊടുത്തില്ലേ?

അപ്പൊ എന്താ ഉദ്ദേശം? 1500ൽ നിന്നും?

അതൊക്കെ ബജറ്റ് വരുമ്പോൾ കാണാം. ഇടതുപക്ഷത്തിന് പാവങ്ങൾക്ക് നൽകുന്ന സഹായം നമ്മുടെ കഴിവിന് ഉള്ളിൽ നിന്നെ ചെയ്യാൻ കഴിയൂ. എനിക്ക് മോഹമുണ്ടാകും 2000 കൊടുക്കണമെന്ന്. നമ്മുടെ ധനക്കമ്മിയും റവന്യൂ കമ്മിയും എത്രത്തോളം ആകാം എന്നൊക്കെ നമുക്ക് പരിധികൾ ഉണ്ടല്ലോ. അതിനുള്ളിൽ നിന്ന് എത്ര സഹായം ജനങ്ങൾക്ക് ചെയ്യാൻ കഴിയുമോ അതു ചെയ്യും. അത് ചെയ്യുന്നതിന്റെ ഭാഗമായാണ് നമുക്ക് റോഡിനും പാലത്തിനും ബജറ്റിൽ വേണ്ടത്ര പണമില്ലാതെ വരുന്നത്. അതുകൊണ്ടാണ് തുടക്കത്തിൽ തന്നെ അത് പുറത്തു ചെയ്യാം, വായ്‌പയുടെ അടിസ്ഥാനത്തിൽ എന്ന തീരുമാനമെടുത്തത്.

സമ്മതിച്ചു. കിഫ്‌ബി ഗംഭീരമായിരുന്നു. പക്ഷെ അത് എല്ലാ കാലഘട്ടത്തിലും ഇല്ലല്ലോ. നമുക്ക് ഒരു ധനനയത്തിന്റെ പൊളിച്ചെഴുത്ത് വേണ്ടേ? നമുക്ക് എന്നും കടമെടുക്കാൻ കഴിയില്ലലോ?

പറ്റില്ല. ഇങ്ങനെ കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ല. കിഫ്‌ബി തീർന്നു. കിഫ്‌ബി എത്രയാണ് കടമെടുക്കുന്നത്? ഞങ്ങടെ ഒരു നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ഉണ്ട്. അതുവെച്ചിട്ട് കിഫബിക്ക് അടുത്ത ഒരു 20-25 വർഷക്കാലം ഓരോ വർഷവും എത്രകോടി രൂപ കൊടുക്കണം എന്നുള്ളതിന് കുറിച്ച് കണക്കുണ്ട്. കടം വാങ്ങി തിരികെ കൊടുക്കാനുള്ളതും കോൺട്രാക്ടർമാർക്ക് കൊടുക്കാനുള്ളതും ഒക്കെയുള്ള ബാധ്യതകൾ.

കിഫ്ബിയുടെ വരുമാനം എന്താണ്? സർക്കാരിൽ നിന്നും എല്ലാ വർഷവും കിട്ടുന്ന ഒരു ഗ്രാൻഡ്. ചില പ്രോജക്ടുകൾക്കൊക്കെ തിരിച്ചടവ് കിഫ്‌ബിക്ക് കിട്ടും. ഇപ്പോൾ വൈദ്യുതി ബോർഡിന് 6000 കോടി കൊടുത്തു, ബോർഡ് അത് തിരിച്ചു കൊടുക്കും. ഇതാണ് വരുമാനം. ഇതിനൊരു രേഖയുണ്ട്. ഇപ്പോൾ ഏതെങ്കിലും ഒരു പ്രൊജക്റ്റ് നടത്താൻ പറ്റില്ല, ഭൂമി കിട്ടില്ല എന്നിരിക്കട്ടെ. അപ്പോൾ ഉടനെ രേഖ മാറും. ഏതെങ്കിലും ഒരു പ്രോജക്ടിന് രണ്ട് വർഷം വേണം ഭൂമി ഏറ്റെടുക്കാൻ. ഉടനെ ഗ്രാഫിന് മാറ്റം വരും. ഇറ്റ് ഈസ് ഓട്ടോമാറ്റിക്കലി ടേക്കിങ് പ്ലേസ്. അപ്പോൾ ഏതു നിമിഷവും നമ്മുടെ ബാധ്യതകൾ നമ്മുടെ വരുമാനത്തിൽ താഴെയായിരിക്കും. അങ്ങനെയേ നമ്മൾ പ്രോജക്ട് എടുക്കൂ. ഇപ്പോൾ അത് നോക്കുമ്പോൾ നമുക്ക് എടുക്കാവുന്നതിനു ഒരു പരിധിയുണ്ട്.

കിഫ്‌ബി പദ്ധതിപ്രകാരം കൊല്ലം ജില്ലയിൽ നിർമിക്കുന്ന സ്‌കൂളിന്റെ രൂപരേഖ

പക്ഷെ ഇനിയെന്താണ്? ഇത്രയും പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുമ്പോഴും, ഈ കിഫ്ബിയുടെ മുതൽമുടക്കിൽ കോളേജുകൾ സ്കൂളുകൾ ഒക്കെ മെച്ചപ്പെടുമ്പോൾ, അത് തുറക്കുന്ന പുതിയ സാദ്ധ്യതകൾ എന്തെന്ന് ഈ ബഡ്‌ജറ്റ്‌ പറയും. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിൽ 25 ലക്ഷം അഭ്യസ്തവിദ്യർക്ക് അടുത്ത ഒരു 5 വർഷത്തിനുള്ളിൽ ഒരു 20000-30000 രൂപ ശമ്പളമുള്ള പണികൊടുക്കാൻ കഴിയുന്നെങ്കിൽ കേരള സമ്പദ്ഘടനയിലെ മാറ്റം എത്രയാണെന്ന്? സർക്കാരിന് നികുതികിട്ടത്തില്ലേ ? സർക്കാരിന് വരുമാനം വർധിച്ചുകഴിഞ്ഞാൽ അതിനനുസരിച്ച് വേറെ കാര്യങ്ങൾ നോക്കാമല്ലോ. അതായത് നിക്ഷേപം നടത്തിക്കഴിഞ്ഞാൽ അതിന്റെ അനുരണനങ്ങൾ സമ്പദ് ഘടനയിൽ ഉണ്ടാകും. കിഫ്‌ബി ഇത്രയും ആയില്ലേ. ഇനിയിപ്പോ 2021-22ൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്ക് ബജറ്റുവരെ കാത്തിരിക്കാം.

ഞാൻ ചോദിക്കുന്നത് അതിനപ്പുറത്തേക്ക്, പോസ്റ്റ്-കിഫ്‌ബി എന്താണ് പ്ലാൻ?

പോസ്റ്റ്-കിഫ്‌ബി ഇപ്പോൾ തന്നെ ഉണ്ടല്ലോ. നാല് വൻകിട ഭീമൻ . ഒന്ന് പാലക്കാട്-കൊച്ചി വ്യാവസായിക കോറിഡോർ. അത് ചെന്നൈ ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമാണ്. അതിനൊരു 15000-20000 കോടി രൂപ ചെലവുവരുന്നതാണ്. രണ്ട് പ്രൊജക്ടുകളുണ്ട്. ഈ പാതയിൽ നിന്നും മംഗലാപുരത്തേക്ക് നമ്മൾ പണിയുകയാണ്. അതിന്റെയൊക്കെ ഭൂമി ഏറ്റെടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. 12000 കോടി രൂപ കണ്ണൂർ ഭൂമി ഏറ്റെടുക്കാൻ കിഫ്‌ബി അനുവദിച്ചുകഴിഞ്ഞു. 346 കോടി രൂപ പാലക്കാട് ഭൂമിക്കുവേണ്ടി കൊടുത്തുകഴിഞ്ഞു.

മൂന്നാമത്തേത് നമ്മുടെ വിഴിഞ്ഞത്ത് നിന്ന് ആരംഭിച്ച് നവായിക്കുളത്തേക്ക് വരുന്ന വലിയ റോഡും അതിന്റെ ഇരുവശവും വരുന്ന വ്യവസായ-വിജ്ഞാന കേന്ദ്രങ്ങളും മറ്റും. ഇതിനൊക്കെ അതിന്റെതായ ഫിനാൻസിംഗ് രീതികളുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് 5000 ഏക്കർ വേണം. എവിടുന്നാണ് ഈ പണം?സിംപിൾ, നമ്മൾ ഒരു റോഡ് അലൈൻമെന്റ് നിശ്ചയിച്ച് കഴിഞ്ഞാൽ അതിനൊരു അഞ്ചുകിലോമീറ്റർ അപ്പുറമോ ഇപ്പുറമോ ഉള്ള ഏതൊരാൾക്കും വേണമെങ്കിൽ വന്നോ, ഈ കമ്പനി മേടിക്കും മാർക്കറ്റ് വിലക്ക്. ഇപ്പൊ കോവിഡ് മൂലം വിലയിടിവാണ്. വാങ്ങാൻ ആളില്ല, എങ്കിൽ കമ്പനി റെഡി.

ഈ തിരുവനന്തപുരം പ്രദേശത്തുള്ള റബറിന്റെ ഉത്പാദനം താഴ്ന്നതായതുകൊണ്ട് ആർകെങ്കിലും ആ ഭൂമി നല്ലവിലക്ക് വിൽക്കണമെന്നുണ്ടെങ്കിൽ കമ്പനി റെഡി,വാങ്ങിക്കും.

മൂന്ന് തരത്തിലാണ് കമ്പനിവാങ്ങിക്കുന്നത്. ഒന്ന് ലാൻഡ് പൂൾ. നിങ്ങളുടെ ഭൂമി വിട്ടുതരിക. 10 വർഷം കഴിയുമ്പോൾ പാതി ഭൂമി നിങ്ങൾക് ഇഷ്ടമുള്ളയിടത്ത് തരാം. നാലിരട്ടി വില കിട്ടൂല്ലേ? എങ്കിൽ നാലിരട്ടി വില കാശ് തന്നേക്കാം. രണ്ട് ബോണ്ട് ഉണ്ട്, ലാൻഡ് ബോണ്ട്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വിറ്റോളൂ, വാങ്ങിക്കാനായി ഞങ്ങൾ സ്ഥാപനങ്ങളെ ഏർപ്പാടാക്കും. ഇതൊന്നും പറ്റില്ല, കാശ് തന്നെ വേണമെങ്കിൽ കാശ് തന്നെ വെച്ചോളൂ. ഇതൊക്കെ ഇന്നോവേറ്റിങ് ആയിട്ടുള്ള ഫിനാൻസിംഗ് രീതികളാണ്. നാലാമത്തേത് സിൽവർലൈൻ പാത. ഏതെങ്കിലും സോവറിൻ ഫണ്ട് അതിൽ ഇൻവെസ്റ്റ് ചെയ്യാൻ തയാറാണോ? സര്‍ക്കാരിനെകൊണ്ട് 60000-70000 കോടി രൂപ ഇൻവെസ്റ്റ് ചെയ്യാൻ കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ടത്, നിങ്ങൾ ഒരു പത്തുവർഷം കഴിഞ്ഞുള്ള കേരളത്തെ നിങ്ങൾ ചിന്തിക്കണം. അല്ലാതെ നമ്മൾ ഈ അഞ്ചുവർഷം മാത്രം ഭരിക്കാൻ വന്ന് ഈ അഞ്ചുവർഷത്തെ കാര്യം മാത്രം നോക്കിയാൽ പോരാ. ഭാഗ്യത്തിന് ഇതൊരു തുടർ ഭരണം ഉറപ്പാകുമ്പോൾ ഈ പറയുന്നതൊന്നും ഒരു ദിവാസ്വപ്‌നമല്ല.

Image may contain: 4 people, people sitting and indoor, text that says  kifb
കിഫ്‌ബി പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നു

തുടർഭരണമുണ്ടാകും എന്ന ഫീൽ ഉള്ളിൽ നിന്നും കിട്ടുന്നു എന്നുള്ളതാണ്. അത് ഡോക്ടർ ഐസക്കിന് ഉണ്ട് അല്ലെ? അടുത്ത അഞ്ചുവർഷവും ഞാനാണ് ധനമന്ത്രി എന്നോ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണോ എന്ന്?

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തന്നെയാകും ഇനിയും.

വേറൊരു വിഷയത്തിലേക്ക് പോയാൽ, ഈ ജിഎസ്ടിയെഅനുകൂലിച്ച ധനമന്ത്രിയാണ് താങ്കൾ. ഇപ്പോൾ ജിഎസ്ടി ഒരു മഹാമാരി ആയിക്കൊണ്ടിരിക്കുകയാണ് എന്നല്ലേ ബിജെപി ഇതര, അല്ലെങ്കിൽ പൊതുവായി എല്ലാ സർക്കാരുകളുടെയും അവസ്ഥ. എങ്ങനെയാണ് ആ ഒരു പ്രശ്‌നത്തെ പരിഹരിക്കുക?

ജിഎസ്ടിക്ക് രണ്ട് ദോഷമുണ്ട്. ഒന്ന് സംസ്ഥാനത്തിന്റെ അധികാരം അടിയറവ് വെക്കുന്നത്. അത് രാഷ്ട്രീയമായി സിപിഎമ്മും അംഗീകരിക്കുന്നില്ല. എന്തായാലും ഈ സർക്കാർ വന്നപ്പോഴേക്കും ഇതൊക്കെ അംഗീകരിച്ചിരുന്നു കേരളം. ലോകസഭാ പാസാക്കിക്കഴിഞ്ഞിരുന്നു നിയമം. അതിന്റെ അടിസ്ഥാന ഘടന ആയിരുന്നു. അപ്പോൾ ഈ പുതിയ സർക്കാരിന്റെ മുന്നിൽ എന്താണ്. ഒന്ന്, ഇതിൽ ഇടപെട്ട് ഇത് കേരളത്തിന് ഏറ്റവും അനുകൂലമാക്കി മാറ്റുക. വലിയ വിജയം ഉണ്ടായിട്ടുണ്ട്.

ഉദാഹരണത്തിന് ഡെസ്റ്റിനേഷൻ പ്രിൻസിപ്പിൽ, അതായത് ഉത്പാദന സംസ്ഥാനങ്ങൾക്ക് പ്രത്യേകം സെസ് വേണമെന്നത്. തള്ളിക്കളഞ്ഞല്ലോ. ലോട്ടറിയിൽ ഇപ്പോൾ രണ്ടാം എൻഡിഎ വന്ന് മാറ്റിയിരുന്നെകിലും നമുക്ക് അനുകൂലമായി മാറ്റിയില്ലേ? അങ്ങനെ പലകാര്യങ്ങളിലും നമുക്ക് അനുകൂലമായ തീരുമാനങ്ങൾ ഇടപെട്ട് എടുപ്പിക്കുക എന്നതാണ് ധനമന്ത്രിയുടെ പണി. പക്ഷെ ഒരു ഗാംബിൾ ഉണ്ട്.

അതിന്റെ കാര്യം മനസ്സിലാകണമെങ്കിൽ വാറ്റിന് എന്തുപറ്റി എന്ന് നോക്കണം. യുഡിഎഫിന്റെ രണ്ടാം വർഷം മുതൽ വാറ്റ് 10 ശതമാനമേ കൂടുന്നുണ്ടായിരുന്നുള്ളു. നമ്മൾ വന്നിട്ടും 10 ശതമാനമേ കൂടുന്നുള്ളു. എന്താ കാര്യമെന്ന് ചോദിച്ചുകഴിഞ്ഞാൽ, വാറ്റ് നികുതി നിങ്ങൾ തമിഴ്‌നാട്ടിൽ നിന്നും ഒരു കാർ മേടിച്ചു ഇവിടേക്ക് വരുന്നു എന്ന് കരുതുക. നിങ്ങൾ നികുതി കൊടുക്കേണ്ട കേരളതിൽ, സ്വന്തം ആവശ്യത്തിനാണെന്ന് എഴുതികൊടുത്താൽ മതി. നിങ്ങൾ ഒരു കെട്ടിടം പണിയാൻ സാധനങ്ങൾ കൊണ്ടുവന്നിട്ട് സ്വന്തം ആവശ്യത്തിനാണെന്ന് പറഞ്ഞാൽ മതി. അതായത് എൻട്രി ടാക്‌സ് ഇല്ല. എൻട്രി ടാക്‌സ് ഉണ്ടായിരുന്നു കഴിഞ്ഞ തവണ ഞാൻ മന്ത്രിയായിരുന്നപ്പോൾ. സുപ്രീം കോടതി എതിരായിട്ട് വിധിച്ചു, അതോടെ വാറ്റ് നികുതിയിൽ പുറത്തുനിന്നും മേടിച്ചുകൊണ്ടുവരുന്ന ഒരു സാധനത്തിനുമേലും സാസംസ്ഥാനത്തിനു നികുതി ചുമത്താൻ കഴിയാതെയായി. അതുകൊണ്ട് ഇനി വാറ്റിൽ നോട്ടമിട്ട് ഇരുന്നിട്ട് കാര്യമില്ല എന്ന് വ്യക്തമായി.

ജിഎസ്‌ടി അതേസമയം, നിങ്ങൾ ഒരു സാധനം നിങ്ങളുടെ ആവശ്യത്തിനായി തിരുവനന്തപുരത്ത് നിന്നുംവാങ്ങി എന്നുവെച്ചോളു, നിങ്ങൾ കേരളത്തിൽ കൊണ്ടുപോകുകയാണെന്ന് അഡ്രെസ്സ് കൊടുത്താൽ നിങ്ങൾ കൊടുക്കുന്ന നികുതി കേരളത്തിൽ കിട്ടും. ഡെസ്റ്റിനേഷൻ ടാക്‌സ് ആണ്. അപ്പോൾ നമ്മൾ കണക്കുകൂട്ടിയപ്പോൾ കേരളത്തിന് ഇത് മെച്ചമാണ്. ഈ കിഫ്‌ബി ഒക്കെ വരുമ്പോൾ നമ്മുടെ ബഡ്‌ജറ്റ്‌ നന്നായെ പറ്റൂ, അപ്പോൾ നമ്മുടെ വരുമാനം പണ്ടത്തെ പോലെ ഒരു 17-18 ശതമാനം വെച്ച് കൂടിക്കഴിഞ്ഞാൽ പിന്നെ നിരുത്തരവാദപരമായി വായ്പ്പയെടുക്കുന്നു എന്നുപറഞ്ഞ് കേരളത്തെ ആർക്കും കുറ്റപ്പെടുത്താൻ പറ്റില്ല. ഇറ്റ് വാസ് എ കാൽകുലേറ്റഡ് സ്റ്റെപ്. പക്ഷെ നടപ്പാക്കിയത് ആകെ പാളി. പക്ഷെ നമ്മൾ ഇപ്പോൾ കോവിഡ് കാലത്ത് എല്ലാം ഒന്ന് നേരെയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

2021 ബജറ്റിൽ പൊളിറ്റിക്കലായി എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത്? കുറെ കവിതകൾ ചൊല്ലുന്നതിന് അപ്പുറം കവിതകളിൽ എന്ത് രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്?

കവിതകൾ ഇത്തവണയുമുണ്ട്. അല്ലെങ്കിൽ മൂന്നുമണിക്കൂർ പ്രസംഗം കേട്ടിരിക്കൽ വലിയ ബോറായി തീരും. ചില കാര്യങ്ങൾ ഓർക്കുന്നതുതന്നെ കവിത വെച്ചിട്ടാണ്. ഞാൻ ബഷീറിന്റെ പാത്തുമ്മായുടെ ആട് ഉദ്ധരിച്ചല്ലോ. എല്ലാമില്ലാത്തതുകൊണ്ട് ബഷീർ പടം വീട്ടി മിച്ചം പങ്കുവെച്ചതുപോലെയാണ് ധനമന്ത്രി ചെയ്യുന്നത് എന്ന് എത്രപേർ ഓർക്കുന്നുണ്ട്! ഇതുപോലെ പലതും.

കഴിഞ്ഞ ബജറ്റിൽ ജൻഡർ ബജറ്റിന് നമ്മുടെ തൃശൂരുകാരൻ ഒരു പയ്യന്റെ പടമാണ്. 'എന്റമ്മയും അയൽപക്കത്തെ അമ്മകളും'. പടം നല്ല കോമ്പോസിഷൻ ആയിരുന്നു. മുഗൾ മിനിയേച്ചറിന്റെ ഒക്കെ രൂപത്തിൽ. പക്ഷെ ഈ അമ്മമാരെല്ലാം ചെയുന്നതെന്താണെന്നറിയുമോ, വീട്ടുപണികളാണ്. പയ്യൻ ആലോചിച്ച് എഴുതിയോ അവൻ കണ്ടത് വരച്ചോ എന്നെനിക്കറിയില്ല. യുനെസ്‌കോ പിന്നീട് അത് ട്വീറ്റ് ചെയ്‌ത്‌ എല്ലാ രാജ്യങ്ങളിലും എത്തി. കഴിഞ്ഞ ബജറ്റിന്റെ തന്നെ കവർ, ഗാന്ധി വധം ഒരു ദേശീയ ചർച്ചയായി. എട്ട് പത്രങ്ങളിൽ കേരളത്തിന് പുറത്ത് ഞാൻ എഴുതി. എന്തുകൊണ്ട് ഈ പടമെടുത്തു. ബഡ്‌ജറ്റും ഗാന്ധി വധവും തമ്മിലെന്ത്.

എന്താണ് ബജറ്റിന്റെ ഒരു പൊളിക്കൽ സന്ദേശം എന്നാൽ, കേരളം ഒരു ബദൽ. എല്ലാരും പറയുമല്ലോ ഇടതുപക്ഷത്തിന് കിറ്റ് കൊടുക്കാനും പെൻഷൻ കൊടുക്കാനുമാണെന്ന്. അങ്ങനല്ല. അത് ചെയ്യും, അതിനോടൊപ്പം കിഫ്‌ബി ഉണ്ടാകും. കൂടാതെ വ്യവസായങ്ങളും പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിക്കും.

സ്വകാര്യ പങ്കാളിത്തം?

അതെ. അതിനെന്താ തെറ്റ്? പൊതു സ്വത്ത് എഴുതിയെടുക്കാനുള്ള ഏർപ്പാടാക്കരുത് ഈ സ്വകാര്യപങ്കാളിത്തം എന്നേ ഉള്ളു.

ഇതിന്റെ പൊളിറ്റിക്കൽ സന്ദേശം, ദാ ഇടതുപക്ഷ ബദൽ. ഇതാണ് അവസരം, ലോകത്ത് വലിയ മാറ്റങ്ങൾ വരുന്ന ഈ പശ്ചാത്തലത്തിൽ ഇന്ന് കേരളം ഇറങ്ങണം.

Next Story