പിളര്‍പ്പിന് ശേഷമുള്ള ജനവിധിയില്‍ തൊടുപുഴ ആരെ തുണയ്ക്കും?, പിടിച്ചെടുക്കാന്‍ പിജെ ജോസഫ്, തിരിച്ചടിക്കാന്‍ ജോസും
കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഏറ്റവും ഒടുവിലെ പിളര്‍പ്പിനുശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മും രണ്ടില ചിഹ്നവുമില്ലാതെയാണ് ഇത്തവണ തൊടുപുഴയില്‍ പിജെയെത്തുന്നത്. അതേസമയം, എതിര്ച്ചേരിയിലേക്ക പോയ പഴയ സഹചാരി മാണിയുടെ മകന് ജോസ് കെ മാണിയാണ് ഇത്തവണ പിജെയ്ക്കെതിരെ ഇടതുപക്ഷ മുന്നണിയില്‍ നിന്ന് കരുക്കളൊരുക്കുന്നത്. മണ്ഡലം പിന്നിട്ട 15 തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും വിജയിച്ച പി ജെ ജോസഫിന് രണ്ടുതവണ കോണ്‍ഗ്രസ് നേതാവ് പി […]
4 April 2021 6:15 AM GMT
അനുപമ ശ്രീദേവി

കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഏറ്റവും ഒടുവിലെ പിളര്‍പ്പിനുശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മും രണ്ടില ചിഹ്നവുമില്ലാതെയാണ് ഇത്തവണ തൊടുപുഴയില്‍ പിജെയെത്തുന്നത്. അതേസമയം, എതിര്ച്ചേരിയിലേക്ക പോയ പഴയ സഹചാരി മാണിയുടെ മകന് ജോസ് കെ മാണിയാണ് ഇത്തവണ പിജെയ്ക്കെതിരെ ഇടതുപക്ഷ മുന്നണിയില്‍ നിന്ന് കരുക്കളൊരുക്കുന്നത്.
മണ്ഡലം പിന്നിട്ട 15 തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും വിജയിച്ച പി ജെ ജോസഫിന് രണ്ടുതവണ കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനോട് പരാജയപ്പെട്ട ചരിത്രവും തൊടുപുഴയിലുണ്ട്. ഒടുവില്‍ 2016ലെ നിയമസഭാതെരഞ്ഞടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം, കേരളത്തിന്റെ നിയമസഭാതെരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാമത്ത വലിയ ഭൂരിപക്ഷം എന്നിങ്ങനെ റെക്കോര്‍ഡിട്ടായിരുന്നു പി ജെ ജോസഫ് നിയമസഭയിലേക്കെത്തിയത്. അതിനാല്‍ തന്നെ ജോസ് വിഭാഗത്തിന്റെ മുന്നണിപ്രവേശത്തെ തുടര്‍ന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനായ മുന്നേറ്റം നിയമസഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷ അത്ര എളുപ്പത്തില്‍ തൊടുപുഴയില്‍ വിജയിക്കില്ല.

പൊതുവെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ തൊടുപുഴ മണ്ഡലത്തിലെ 1957ലെ ആദ്യതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സി എ മാത്യുവിനായിരുന്നു വിജയം. 57ല്‍ സിപിഐയുടെ കെ നാരായണന് നായരെ പരാജയപ്പെടുത്തിയ അദ്ദേഹം 1960ലെ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി ജോസ് എബ്രഹാമിനെയും പിന്തള്ളി വിജയമാവര്‍ത്തിച്ചു. 1965ല്‍ ഇടത് സ്വതന്ത്രന് കെ സി സക്കറിയയെ പരാജയപ്പെടുത്തി സി എ മാത്യു ഹാട്രിക് വിജയം നേടിയപ്പോള്‍ അത്തവണ കേരള കോണ്‍ഗ്രസ് ബാനറിലായിരുന്നു അദ്ദേഹം മത്സരിച്ചത്. എന്നാല്‍ 1967ല്‍ രണ്ടാമങ്കത്തിനെത്തിയ സക്കറിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ എം ജോസഫിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു.
പിന്നീട് 1970മുതലാണ് മണ്ഡലത്തില്‍ പി ജെ ജോസഫിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. 70ലെ കന്നിയങ്കത്തില്‍ സിപിഐഎം സ്വതന്ത്രന് യു കെ ചാക്കോയെ പരാജയപ്പെടുത്തിയായിരുന്നു പി ജെ ജോസഫിന്റെ തൊടുപുഴയിലെ ആദ്യ വിജയം. പിന്നീട് കേരള കോണ്‍ഗ്രസ് പലവട്ടം പിളര്‍ന്ന് മുന്നണികള്‍ മാറിയപ്പോഴും ജോസഫിനെ തുടര്‍ച്ചയായി തെരഞ്ഞെടുത്ത് ഉറച്ചകോട്ടയായി തൊടുപുഴ. 1977ല്‍ കേരള കോണ്‍ഗ്രസ് പിള്ള വിഭാഗം സ്ഥാനാര്‍ത്ഥി എ സി ചാക്കോയെയും 1979ലെ കേരള കോണ്‍ഗ്രസ് ജെ രൂപീകരണത്തിനുശേഷം 1980ല്‍ കോണ്‍ഗ്രസിന്റെ കുസുമം ജേക്കബിനെയും 1982ല്‍ ആര്‍എസ്പിയുടെ എന്‍ എ പ്രതിഭയെയും 1987ല്‍ സിപിഐഎമ്മിന്റെ എം സി മാത്യുവിനെയും പരാജയപ്പെടുത്തി പി ജെ ജോസഫ് നിയമസഭയിലെത്തി.
പിന്നീട് 1991, 1996, 2001, 2006 വരെയുള്ള നാല് ടേം പി ജെ ജോസഫ് – പി ടി തോമസ് മത്സരത്തിനായിരുന്നു തൊടുപുഴ സാക്ഷ്യം വഹിച്ചത്. 91ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പി ടി തോമസ് ഇടതുപക്ഷമുന്നണിക്കൊപ്പമായിരുന്ന പി ജെ ജോസഫിനെ 1092 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 96ല്‍ 4124 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പി ജെ ജോസഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2001-ല്‍ വീണ്ടും പി ടി തോമസിനൊപ്പമായി മണ്ഡലം. അത്തവണ 6125 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 2006ലെ നാലാമങ്കത്തില്‍ വീണ്ടും ഇരുനേതാക്കളും ഏറ്റുമുട്ടുകയും 13781 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പി ജെ ജോസഫ് വിജയിക്കുകയും ചെയ്തു.

Also Read: വട്ടിയൂര്‍ക്കാവ് വീണ്ടും വി കെ പ്രശാന്ത് ഉറപ്പിക്കുമോ ? ത്രികോണ പോരില്‍ ആധിപത്യം ആര്‍ക്ക്
2010ലെ കേരള കോണ്‍ഗ്രസ് എം- കേരള കോണ്‍ഗ്രസ് ലയനത്തിനുശേഷം 2011ലെ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി. സിപിഐഎം സ്വതന്ത്രന് ജോസഫ് അഗസ്റ്റിനെ 22868 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വിജയമാവര്‍ത്തിച്ച ജോസഫ് മണ്ഡലം യുഡിഎഫിലേക്ക് തിരിച്ചുപിടിച്ചു. 2016ലും സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ ഇടതുമുന്നണി അവതരിപ്പിച്ചപ്പോള്‍ റോയ് വരിക്കാട്ടിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു പി ജെ ജോസഫിന്റെ വിജയം.
ബിജെപി സ്ഥാനാര്‍ത്ഥിയായി പി എം വേലായുധന് 2011ല്‍ മത്സരിച്ചപ്പോള്‍ 7.87 ശതമാനമായിരുന്നു മണ്ഡലത്തിലെ എന്‍ഡിഎയുടെ വോട്ട് 2016-ല്‍ എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് മത്സരിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിയായ എസ് പ്രവീണ്‍ 20.37 ശതമാനത്തിലേക്ക് ഉയര്‍ത്തി.
തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ കുമാരമംഗലം, മണക്കാട്, പുറപ്പുഴ, ഇടവെട്ടി, ആലക്കോട്, കരിങ്കുന്നം, മുട്ടം, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളില്‍ യുഡിഎഫും തൊടുപുഴ നഗരസഭ, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫുമായിരുന്നു ഭരണം പിടിച്ചത്. പന്ത്രണ്ട് പഞ്ചായത്തുകളില്‍ ഒമ്പതും നേടിയ യുഡിഎഫിന് 6414 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിലുള്ളത്.
എന്നാല്‍ 2011, 2016 തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്വതന്ത്രര്‍ മത്സരിച്ച സാഹചര്യമല്ല പന്ത്രണ്ടാം അങ്കത്തില്‍ പി ജെ ജോസഫിനെ കാത്തിരിക്കുന്നത്. രണ്ടില ചിഹ്നത്തിന്റെ തണലില്ലാതെ മത്സരിച്ച പാലാ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ അനുഭവമാണ് അതിലൊന്ന്. ചിഹ്നത്തിനുവേണ്ടിയുള്ള ഹൈക്കോടതി അപ്പീലിലും തിരിച്ചടി നേരിട്ടതോടെ ഇത്തവണ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്റെ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ഇടതുപക്ഷമുന്നണിയുടെ സ്ഥാനാർത്ഥിയായി കെ ഐ ആന്റണിയാണ് രണ്ടില ചിഹ്നത്തില്‍ ജോസ് കെ മാണി വിഭാഗത്തിൽ നിന്നും മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിനായി വോട്ടുചോദിച്ച വിശ്വസ്ഥനായ അനുയായിയാണ് കെ ഐ ആന്റണിയെന്നത് ജോസഫ് വിഭാഗത്തിന് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനുപുറമെ തദ്ദേശതെരഞ്ഞെടുപ്പില്‍ ചില ശക്തികേന്ദ്രങ്ങില് കാലിടറിയതും ആശങ്കയായിരുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കും മുന്‍പേ പ്രചാരണമാരംഭിച്ച മണ്ഡലമാണ് തൊടുപുഴ. കൊവിഡ് ബാധിതനായി പി ജെ ജോസഫ് ക്വാറന്റീനില്‍ കഴിയുമ്പോള്‍ പോലും പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുവേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. അതെല്ലാം മറ്റ് ആശയക്കുഴപ്പങ്ങളെ പരിഹരിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

ഇടതുപക്ഷമുന്നണിയില്‍ പുതുതായെത്തിയ കേരള കോണ്‍ഗ്രസിന് തൊടുപുഴ വിട്ടുകൊടുത്തതോടെയായിരുന്നു രണ്ട് തട്ടിലായ കേരള കോണ്‍ഗ്രസുകാര്‍ പരസ്പരം ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലൊന്നായി തൊടുപുഴ മാറിയത്. കോളേജ് അധ്യാപകനായിരുന്ന കെ ഐ ആന്റണിക്ക് തന്റെ മണ്ഡലത്തിലെ ജനകീയതയും ശിഷ്യസമ്പത്തും വോട്ടാക്കി മാറ്റാനാകും എന്നാണ് ജോസ് പക്ഷത്തിന്റെ പ്രതീക്ഷ. ജോസഫിന്റെ വ്യക്തിപ്രഭാവത്തിലപ്പുറം കേരള കോണ്‍ഗ്രസിന്റെ എമ്മിന്റെ സ്വാധീനമായിരുന്നു മണ്ഡലത്തില്‍ ജോസഫിനെ തുണച്ചിരുന്നതെന്ന് വാദമാണ് ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ ഉരുക്കുകോട്ടകള്പോലും തകര്‍ക്കാനായതും എല്‍ഡിഎഫിന് മുതല്കൂട്ടാകുന്നു. കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ തൊടുപുഴ നഗരസഭ ഭരണം പിടിക്കാനും എല്‍ഡിഎഫിനായിരുന്നു.

എന്‍ഡിഎ മുന്നണിയില്‍ നിന്ന് ഇത്തവണ പി ശ്യാംരാജ് ആണ് തൊടുപുഴ മണ്ഡലത്തിൽ മത്സരിക്കുക. തൊടുപുഴയുടെ യഥാർഥ വികസനത്തിന് എൻഡിഎയെ വിജയിപ്പിക്കണമെന്നാണ് ശ്യാംരാജ് ആവശ്യപ്പെടുന്നത്. 2016-ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എസ് പ്രവീണാണ് മണ്ഡലത്തില്‍ മത്സരിച്ചത്. അത്തവണ മണ്ഡലത്തില്‍ 28845 വോട്ടുകള്‍ നേടിയപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15223 ഉം തദ്ദേശതെരഞ്ഞെടുപ്പില്‍ 16705 മാത്രമായിരുന്നു എന്‍ഡിഎക്ക് മണ്ഡലത്തില്‍ നേടാനായത്. തദ്ദേശതെരഞ്ഞെടുപ്പിലടക്കം മുന്നേറ്റമുണ്ടാക്കാന്‍ എന്ഡിഎക്കാകാതിരുന്ന പശ്ചാത്തലത്തില്‍ പി ജെ ജോസഫിനെതിരെ ജോസ് കെ മാണി ഒരുക്കുന്ന മത്സരം തന്നെയായിരിക്കും മണ്ഡലത്തില്‍ നിര്‍ണ്ണായകമാവുക.