Top

ഉമ്മന്‍ ചാണ്ടി രണ്ടുമണ്ഡലത്തിലും മത്സരിക്കുമോ? സാധ്യത തള്ളാതെ തിരുവഞ്ചൂര്‍; ‘എന്തായാലും പുതുപ്പള്ളി വിടില്ല’

കോട്ടയത്ത് പനച്ചിക്കാട്, നാട്ടകം തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

13 March 2021 3:32 AM GMT

ഉമ്മന്‍ ചാണ്ടി രണ്ടുമണ്ഡലത്തിലും മത്സരിക്കുമോ? സാധ്യത തള്ളാതെ തിരുവഞ്ചൂര്‍; ‘എന്തായാലും പുതുപ്പള്ളി വിടില്ല’
X

ഉമ്മന്‍ ചാണ്ടി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് എന്തായാലും മത്സരിക്കുമെന്ന് ഊന്നിപ്പറഞ്ഞ തിരുവഞ്ചൂര്‍ മറ്റ് കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം ഉടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അറിയിച്ചു. കോട്ടയത്ത് പനച്ചിക്കാട്, നാട്ടകം തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

വികസനപ്രവര്‍ത്തനങ്ങളെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. കോട്ടയത്ത് ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും അവയൊന്നും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേമത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ കരുത്തനായ സ്ഥാനാര്‍ഥിയെത്തന്നെ മത്സരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വാര്‍ത്തയായതോടെ ഉമ്മന്‍ ചാണ്ടി മണ്ഡലം വിടുന്നതിനെതിരെ പുതുപ്പള്ളിയില്‍ വ്യാപകപ്രതിഷേധമുണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടി മണ്ഡലം വിടുന്നതില്‍ പ്രതിഷേധം നടക്കുന്നതിനിടെ ഒരു പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ വീടിന് മുകളില്‍ നിലയുറപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പതാകയേന്തിയാണ് പ്രവര്‍ത്തകന്‍ വീടിന് മുകളില്‍ കയറിയത്. അദ്ദേഹത്തെ താഴെ ഇറക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെങ്കിലും അതിന് തയ്യാറായിരുന്നില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടി എത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.

പുതുപ്പള്ളി വിട്ട് പോകരുത്, ഞങ്ങളെ വിട്ട് പോകരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉര്‍ത്തിയാണ് പ്രതിഷേധം. സ്ത്രീകളും യുവാക്കളും അടക്കം വലിയ ജനകൂട്ടമാണ് വീടിന് മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് മത്സരിപ്പിക്കരുതാവശ്യപ്പെട്ട് എഐസിസിക്ക് കത്തയച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്‌ളക്‌സുകളും പരിസരത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ആരംഭിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളി മാത്രമെ മത്സരിക്കൂവെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

Next Story