ഹാട്രിക് വിജയം ലക്ഷ്യം വെച്ച് ശിവകുമാറും തദ്ദേശഫലം തിരിച്ചുവരവാക്കാന് ആന്റണി രാജുവും; തിരുവനന്തപുരത്ത് കൃഷ്ണകുമാറിന് ആത്മവിശ്വാസം
തെക്കന്‍ കേരളത്തില്‍ കടുത്ത ത്രികോണ മത്സരം അരങ്ങേറുന്ന സുപ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍. 2008ലെ മണ്ഡലപുനര്നിര്ണ്ണയത്തിനുമുന്പ് തിരുവനന്തപുരം വെസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന മണ്ഡലത്തിന് യുഡിഎഫ് -എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ ഒരുപോലെ തെരഞ്ഞെടുത്ത ചരിത്രമാണുള്ളത്. മണ്ഡലപുനര്നിര്ണ്ണയത്തിനുശേഷം 2011ലും 2016-ലും കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാറിനെ തെരഞ്ഞെടുത്ത മണ്ഡലം പത്തുവര്‍ഷമായി യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇരുമുന്നണികള്‍ക്കും പുറമെ ബിജെപിയ്ക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തായിരുന്ന […]
5 April 2021 2:26 AM GMT
അനുപമ ശ്രീദേവി

തെക്കന്‍ കേരളത്തില്‍ കടുത്ത ത്രികോണ മത്സരം അരങ്ങേറുന്ന സുപ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍. 2008ലെ മണ്ഡലപുനര്നിര്ണ്ണയത്തിനുമുന്പ് തിരുവനന്തപുരം വെസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന മണ്ഡലത്തിന് യുഡിഎഫ് -എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ ഒരുപോലെ തെരഞ്ഞെടുത്ത ചരിത്രമാണുള്ളത്. മണ്ഡലപുനര്നിര്ണ്ണയത്തിനുശേഷം 2011ലും 2016-ലും കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാറിനെ തെരഞ്ഞെടുത്ത മണ്ഡലം പത്തുവര്‍ഷമായി യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇരുമുന്നണികള്‍ക്കും പുറമെ ബിജെപിയ്ക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇടതു സ്ഥാനാര്‍ത്ഥി ആന്റണി രാജുവുമായി 806 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു ആ മൂന്നാം സ്ഥാനം.
ആ തെരഞ്ഞെടുപ്പോടെ ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തിരുവനന്തപുരം സെന്‍ട്രല്‍ ബിജെപിയും മത്സരക്കളത്തിലുള്ള ത്രികോണ പോരാട്ടത്തിന്റെ വേദികളിലൊന്നായി. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വിവാദങ്ങളിലൂടെ സജീവമായിരുന്നു മണ്ഡലം. 2021-ല്‍ ഹാട്രിക് വിജയത്തിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ വി എസ് ശിവകുമാറിനെ തന്നെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ അട്ടിമറിക്കാമെന്ന ആത്മവിശ്വാസം കൈവിടാത്ത എല്‍ഡിഎഫ് – എന്‍ഡിഎ മുന്നണികളും രംഗത്തുള്ളത്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു തന്നെയാണ് ഇത്തവണയും എല്‍ഡിഎഫില്‍ നിന്ന് കളത്തിലിറങ്ങുന്നത്. അതേസമയം കഴിഞ്ഞ തവണ താരസ്ഥാനാര്‍ത്ഥിയായ ശ്രീശാന്തിനെ മത്സരിപ്പിച്ച മണ്ഡലത്തില്‍ ഇത്തവണ സിനിമാതാരം കൃഷ്ണകുമാറിനെ ഇറക്കിയാണ് ബിജെപി രംഗം കൊഴുപ്പിക്കുന്നത്. മൂന്നുമുന്നണികളും പരസ്പരം വോട്ടുകച്ചവടം ആരോപിക്കുന്ന മണ്ഡലത്തിലെ വിജയപരാജയങ്ങള്‍ പ്രവചനാതീതമാണ്.
മണ്ഡലം തിരുവനന്തപുരം വെസ്റ്റായിരുന്ന 1987, 1991 തെരഞ്ഞെടുപ്പുകളില്‍ നിലവിലെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനായിരുന്നു മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 87ല്‍ ആര്‍എസ്പി സ്ഥാനാര്‍ഥി ടി ജെ ചന്ദ്രചൂഡനെയും 91ല്‍ കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ഥി ആന്റണി രാജുവുമായിരുന്നു എതിരാളികള്‍. എന്നാല്‍ 1996 ലെ തെരഞ്ഞെടുപ്പില്‍ എം എം ഹസനെ 6894 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ഥിയായ ആന്റണി രാജു മണ്ഡലത്തെ ചരിത്രത്തിലാധ്യമായി ഇടതുപക്ഷത്തെത്തിച്ചു. 2001ലെ തെരഞ്ഞെടുപ്പില്‍ സിഎംപി സ്ഥാനാര്‍ഥിയായി മണ്ഡലത്തിലെത്തിയ കേരള രാഷ്ട്രീയത്തിലെ അതികായന് എം വി രാഘവന് ആന്റണി രാജുവിനെ 8381 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം വീണ്ടും യുഡിഎഫിനൊപ്പമാക്കി. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ അവസാനതെരഞ്ഞെടുപ്പായിരുന്ന 2006-ല്‍ ഡിഐസി സ്ഥാനാര്‍ഥി ശോഭന ജോര്‍ജിനെ 13233 വോട്ടുകള്‍ക്ക് പിന്തള്ളി കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ഥിയായ വി സുരേന്ദ്രന് പിള്ള മണ്ഡലം് തിരിച്ചുപിടിച്ചു. അത്തവണ മുന്നാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് വിമതന് ടി ശരത്ചന്ദ്ര പ്രസാദ് 10059 വോട്ടുകള്‍ നേടി.
2008-ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തോടെ മണ്ഡലം തിരുവനന്തപുരം സെന്‍ട്രലായി. തുടര്‍ന്ന് 2011-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് നിന്നുള്ള കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന് പിള്ളയെ 5352 വോട്ടുകള്‍ക്ക് പിന്തള്ളി കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാര്‍ മണ്ഡലം പിടിച്ചു.് 2011ല്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി മന്ത്രസഭയിലെ ഗതാഗതം, ആരോഗ്യം, കുടുംബക്ഷേമം, ദേവസ്വം വകുപ്പുമന്ത്രിയായിരുന്നു ശിവകുമാര്‍. 49122 വോട്ടുകള്‍ ശിവകുമാറും 43770 വോട്ടുകള്‍ സുരേന്ദ്രന് പിള്ളയും നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി സ്ഥാനാര്‍ഥി ബി കെ ശേഖറിന് ലഭിച്ചത് 11519 വോട്ടുകളായിരുന്നു.

2016-ല്‍ മുന്‍ എംഎല്‍എ കൂടിയായ ആന്റണി രാജുവിനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചിരുന്നെങ്കിലും വി എസ് ശിവകുമാര്‍ തന്നെ മണ്ഡലം നിലനിര്‍ത്തി. കേരളത്തിലാകെ ഇടതുതരംഗമുണ്ടായപ്പോഴും മണ്ഡലം പിടിച്ചുനിര്‍ത്തിയ വി എസ് ശിവകുമാര്‍ അത്തവണ 2011 ലേതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തോടെയായിരുന്നു വിജയിച്ചത്. അതേസമയം, ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വംകൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പില്‍ 34764 വോട്ടുകളോടെ മണ്ഡലത്തിലെ 27.54 ശതമാനം വോട്ടുകളായിരുന്നു ബിജെപി അന്ന് മണ്ഡലത്തില്‍ നേടിയത്. രണ്ടാം സ്ഥാനത്തായിരുന്ന ഇടത് സ്ഥാനാര്‍ഥി ആന്റണി രാജുവിന്റെ വോട്ടുശതമാനവുമായി വെറും 0.64 ശതമാനം വ്യത്യാസത്തിലായിരുന്നു അത്.
തിരുവനന്തപുരം നഗരസഭയിലെ 2630, 4047, 59, 60, 6975, 77, 78, 80 വാര്‍ഡുകള്‍ അടങ്ങിയ നഗരപ്രദേശവും തീരപ്രദേശവും ഉള്‍പ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം. തീരദേശമേഖലകളില്‍ ലത്തീന്‍ സഭയ്ക്ക് വലിയ പ്രധാന്യമുള്ള മണ്ഡലത്തില്‍ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലീം വിഭാഗങ്ങളുടെ വോട്ടുകള്‍ ഒരുപോലെ നിര്‍ണായകമാണ്. തീരദേശത്ത് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് മുന്‍തൂക്കമെങ്കില്‍ നഗരമേഖലയില്‍ ഹിന്ദു വോട്ടുകളാണ് ഭൂരിഭാഗവും. നഗര മേഖലകളില്‍ എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കും തീരദേശമേഖകളില്‍ യുഡിഎഫിനുമാണ് കൂടൂതല്‍ വേരോട്ടം. ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ തന്നെ സമകാലിക രാഷ്ട്ടീയം സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന തിരുവനന്തപുരത്ത് ഇത്തവണ ശബരിമല വിഷയത്തിനുപുറമെ പിഎസ്സി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരവും പ്രതിപക്ഷം പ്രചാരണായുധമാക്കും.
തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 11 തീരദേശ വാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള 28 വാര്‍ഡുകളില്‍ 17 എണ്ണവും എല്‍ഡിഎഫിനൊപ്പമായിരുന്നു. ഏഴെണ്ണത്തില്‍ ബിജെപി വിജയിച്ചപ്പോള്‍ മൂന്ന് വാര്‍ഡുകള്‍ മാത്രമായിരുന്നു യുഡിഎഫിന് ലഭിച്ചത്. എല്‍ഡിഎഫിന് 45813 വോട്ടും ബിജെപിക്കു 30069 വോട്ടും യുഡിഎഫിന് 28648 വോട്ടുമായിരുന്നു തെരഞ്ഞെടുപ്പിലെ വോട്ടുനില. 15744 വോട്ടാണ് എല്‍ഡിഎഫ് ലീഡ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയപ്പോള്‍ ബിജെപിക്കും വോട്ടുനിലയില്‍ ചെറിയ വര്‍ധനയുണ്ടായി. മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചിരുന്ന വോട്ടുകള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിനുമായി.
2021 തെരഞ്ഞെടുപ്പിലും വി എസ് ശിവകുമാര്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയും മണ്ഡലത്തിലെ ബിജെപി വളര്‍ച്ചയും വെല്ലുവിളിയാകുമ്പോള്‍ തന്നെ സിറ്റിംഗ് സീറ്റ് പിടിച്ചുനിര്‍ത്താന്‍ ശക്തനാണ് ശിവകുമാറെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ എംഎല്‍എയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗവും ലത്തീന്‍ സഭയും പരസ്യമായി രംഗത്തുവന്നത് യുഡിഎഫ് ക്യാമ്പിനെ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിനുകാരണം ശിവകുമാര്‍ ബിജെപിക്ക് വോട്ടുമറിച്ചുകൊടുത്തതെന്ന ആരോപണവും എംഎല്‍എക്കെതിരെ ഉയര്‍ന്നിരുന്നു. അതേസമയം, ഇത്തവണ തിരുവനന്തപുരത്തിന് പകരം വട്ടിയൂര്‍ക്കാവിലോ നേമത്തോ ശിവകുമാറിനെയോ മത്സരിപ്പിക്കാമെന്നും നിര്‍ദ്ദേശമുയര്‍ന്നു. എന്നാലത് പൂര്‍ണ്ണമായി നിരസിച്ച ശിവകുമാര്‍ ഒടുവില്‍ എന്‍എസ്എസിന്റെ പിന്തുണയോടെയായിരുന്നു സീറ്റുറപ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബ്ബലനാണെന്നും ബിജെപിയുടെ വളര്‍ച്ച തടയാന്‍ യുഡിഎഫിനൊപ്പം തുടരണം എന്നുള്ള പ്രചരണത്തിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനാണ് യുഡിഎഫിന്റെ ശ്രമം. നഗരമേഖലകളില്‍ ശബരിമലയും വലിയ സ്വാധീനമുള്ള തീരമേഖലകളില്‍ ഇഎംഎസിസി കരാര്‍ അടക്കമുള്ള വിവാദങ്ങളുമാണ് യുഡിഎഫിന്റെ പ്രചാരണായുധങ്ങള്‍.

എല്‍ഡിഎഫിലുള്ള ജെകെസി മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം സെന്‍ട്രല്‍. മണ്ഡലപുനര്നിര്ണ്ണയത്തിനുശേഷം മണ്ഡലത്തില്‍ വിജയം കാണാനായിട്ടില്ലെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിലെ മുന്‍തൂക്കം നിയമസഭാ തെരഞ്ഞെടുപ്പിലും കൂടെയുണ്ടാകും എന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. തങ്ങളാണ് പ്രധാനകക്ഷിയെന്ന് വാദിക്കുന്ന എല്‍ഡിഎഫ് മണ്ഡലത്തിലെ പകുതി വാര്‍ഡുകളില്‍ എല്‍ഡിഎഫ്- എന്‍ഡിഎ പോരാട്ടവും പിന്നീടുള്ള പകുതിയില്‍ എല്‍ഡിഎഫ് -യുഡിഎഫ് പോരാട്ടമാണെന്നുമാണ് അവകാശപ്പെടുന്നത്. പത്തോളം വാര്‍ഡുകളില്‍ ബിജെപി ദുര്‍ബ്ബലമാണെന്നതു അനുകൂലമാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
മുന്‍പ് സിപിഐഎം തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നല്കിയ ജെകെസിക്ക് ഇത്തവണ രണ്ട് സീറ്റുമാത്രം നല്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ആന്റണി രാജു തന്നെ എന്ന് ഉറപ്പിക്കുകയായിരുന്നു. സിപിഐഎം മണ്ഡലമേറ്റെടുക്കുകയാണെങ്കില് എ സമ്പത്തും ടി എന്‍ സീമയും മുതല്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വരെ സ്ഥാനാര്‍ഥിയായേക്കുമെന്നായിരുന്നു സൂചനകള്‍.

അതേസമയം ജില്ലയിലെ മറ്റ് എ പ്ലസ് മണ്ഡലങ്ങളിലേതുപോലെ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനമുണ്ടായിരുന്നില്ലെങ്കിലും 2016ല്‍ നൂലിഴ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട രണ്ടാം സ്ഥാനത്തുനിന്ന് വിജയത്തിലേക്കെത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത കാലത്ത് പാര്‍ട്ടിയിലേക്കെത്തിയ നടന് കൃഷ്ണകുമാറിനെ കളത്തിലിറക്കിയാണ് അട്ടിമറിക്ക് ശ്രമിക്കുന്നത്. പാര്‍ട്ടിയിലെത്തി അധികകാലമായില്ലെങ്കിലും കൃഷ്ണകുമാറിന്റെ താരപരിവേഷവും വിവാദമായ നിലപാടുകളിലൂടെ നേടിയ പൊതുശ്രദ്ധയും ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മുന്‍പ് വിഭജിച്ചുപോയിരുന്ന നായര്‍ വോട്ടുകള്‍ പിടിക്കുന്നതിനൊപ്പം തീരദേശ മേഖലയില്‍ ക്രിസ്ത്യന്‍ വോട്ടുകളും തനിക്കൊപ്പമുണ്ടാകുമെന്നാണ് കൃഷ്ണകുമാര്‍ അവകാശപ്പെടുന്നത്. അതേസമയം, ഇത്തവണ കൃഷ്ണകുമാറിലൂടെ ബിജെപി മണ്ഡലം പിടിക്കുമെന്ന 24 ന്യൂസിന്റെ മെഗാ പ്രീ പോള്‍ പ്രവചനം വലിയ ചര്‍ച്ചയായിരുന്നു.