Top

തിരുവല്ലയില്‍ ചിത്രം തെളിയുന്നില്ല; മൂന്ന് ജില്ലാ പഞ്ചായത്തുകള്‍ ഒപ്പമുണ്ടെന്ന് ഇടതുമുന്നണി; ഇത്തവണ വിജയമുറപ്പെന്ന് യുഡിഎഫ്‌; പ്രതീക്ഷകള്‍ ഇങ്ങനെ

കൈമോശം വന്നുപോയ തിരുവല്ലയെ കേരള കോണ്‍ഗ്രസിലൂടെ തിരിച്ചെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് യുഡിഎഫ്.

24 March 2021 8:55 PM GMT
ആർ അരുൺ രാജ്

തിരുവല്ലയില്‍ ചിത്രം തെളിയുന്നില്ല; മൂന്ന് ജില്ലാ പഞ്ചായത്തുകള്‍ ഒപ്പമുണ്ടെന്ന് ഇടതുമുന്നണി; ഇത്തവണ വിജയമുറപ്പെന്ന് യുഡിഎഫ്‌; പ്രതീക്ഷകള്‍ ഇങ്ങനെ
X

ഒരു മുന്നണിക്കും പിടികൊടുക്കാത്ത ജില്ലയാണ് പത്തനംതിട്ട. ആര്‍ക്കും ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയാത്ത ജില്ലയിലെ തെരഞ്ഞെടുപ്പുകളില്‍ മുന്നണികള്‍ മാറിമാറി വിജയക്കൊടി നാട്ടി. ആറന്മുള, കോന്നി, റാന്നി, തിരുവല്ല, അടൂര്‍ എന്നിങ്ങനെ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്.

കണക്കുകള്‍ കൊണ്ട് പൊതുചിത്രത്തിന്റെ രൂപം പിടിതരാത്ത തിരുവല്ല മണ്ഡലത്തിന്റെ തേരുതെളിയിക്കാന്‍ ഇടതും വലതും ശക്തമായ കരുനീക്കങ്ങളാണ് നടത്തുന്നത്. ചായ്‌വ് എങ്ങോട്ടെന്ന് ഒരിക്കലും വ്യക്തമല്ലാത്ത മണ്ഡലമാണ് തിരുവല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വലതുമുന്നണിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് തിരുവല്ല. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ചിത്രം വ്യത്യസ്തമാണ്.


കൈമോശം വന്നുപോയ തിരുവല്ലയെ കേരള കോണ്‍ഗ്രസിലൂടെ തിരിച്ചെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് യുഡിഎഫ്. കോണ്‍ഗ്രസുകാര്‍ കാലുവാരുന്നത് കൊണ്ടാണ് പലപ്പോഴും തിരുവല്ലയില്‍ യുഡിഎഫ് വീഴുന്നതെന്ന ആക്ഷേപം കാലാകാലങ്ങളായി ഉള്ളതാണ്. അതിനാല്‍ ഇക്കുറി കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാവിനെ ഇറക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുകയാണ്. മുന്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറായ പിജെ കുര്യനാണ് മണ്ഡലത്തിന്റെ മേല്‍നോട്ടം. നേരത്തെ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പിജെ കുര്യന്‍ താല്‍പര്യം കാണിച്ചിരുന്നെങ്കിലും ജോസഫ് പക്ഷം ഉറച്ച് നിന്നതോടെ പിന്‍വാങ്ങുകയായിരുന്നു.ഉമ്മന്‍ചാണ്ടിയടക്കം പ്രമുഖ നേതാക്കളെ കുഞ്ഞുകോശി പോളിനായി മണ്ഡലത്തില്‍ എത്തിക്കുന്നതും ഇതിന്റെ ഭാഗമാണ്.വോട്ട് അഭ്യര്‍ത്ഥിച്ച് ഉമ്മന്‍ചാണ്ടിയെ എത്തിക്കാന്‍ കഴിഞ്ഞത് പ്രചരണത്തിന് ആവേശമായിയെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.അണിയറയിലെ കോണ്‍ഗ്രസ് നീക്കങ്ങളെല്ലാം യുഡിഎഫ് വോട്ടുകള്‍ ചിതറാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇടതുപക്ഷത്തിന്റെ മാത്യു ടി തോമസിന് അട്ടിമറിച്ച് വിജയം നേടാന്‍ കഴിയുമെന്നും യുഡിഎഫ് കരുതുന്നു.

എന്നാല്‍ മണ്ഡലം കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കുകയാണ് ഇടതു മുന്നണി. നിയോജകമണ്ഡലത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും തങ്ങളുടെ കൈവശമാണുള്ളതെന്നും ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നു. പുളിക്കീഴ്, ആനിക്കാട് ഡിവിഷനുകള്‍ ത്രിതല പഞ്ചായത്ത് സംവിധാനം വന്നതിനുശേഷം ആദ്യമായാണ് ഇടതുപക്ഷത്തേക്ക് . പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളും ഇടതുമുന്നണിക്കൊപ്പമാണന്നതും നേട്ടമായി അവര്‍ പറയുന്നു. മാത്യു ടി തോമസിലൂടെ മണ്ഡലം നിര്‍ത്താമെന്ന പ്രതീക്ഷയാണ് ഇടതു മുന്നണിയ്ക്ക്. കഴിഞ്ഞവട്ടം ബി.ജെ.പി. ഭരിച്ചിരുന്ന നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫും, ഇടതുമുന്നണി ഭരിച്ചിരുന്ന നിരണം, കടപ്ര പഞ്ചായത്തുകള്‍ യു.ഡി.എഫും അവസാന ഘട്ടത്തില്‍ പിടിച്ചെടുത്തതിലൂടെ മണ്ഡലത്തിലെ പോരാട്ട ചൂര് വ്യക്തമാണ്.

Next Story