Top

‘ഇക്കാര്യങ്ങള്‍ എഴുതി ഒപ്പിട്ട് തന്നാല്‍ മാത്രം ബിഗ് സ്‌ക്രീനില്‍’; മാസ്റ്റര്‍ ഒടിടി റിലീസിന് പിന്നാലെ നിബന്ധനകളുമായി തിയേറ്ററുടമകള്‍

ഇനി മുതൽ സിനിമകൾ 30 ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ ഒടിടി റിലീസ് ചെയ്യാൻ സാധിക്കുകയുള്ളു എന്ന് തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്‌സ്‌ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് തിരുപ്പൂർ സുബ്രമഹ്ണ്യം അറിയിച്ചു.

1 Feb 2021 3:10 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഇക്കാര്യങ്ങള്‍ എഴുതി ഒപ്പിട്ട് തന്നാല്‍ മാത്രം ബിഗ് സ്‌ക്രീനില്‍’; മാസ്റ്റര്‍ ഒടിടി റിലീസിന് പിന്നാലെ നിബന്ധനകളുമായി തിയേറ്ററുടമകള്‍
X

വിജയ് നായകനായെത്തിയ മാസ്റ്റർ തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ തന്നെ ആമസോണിലൂടെ ഡിജിറ്റൽ സ്ട്രീമിംഗ് നടത്തിയതിൽ പ്രതിഷേധം അറിയിച്ച് തമിഴ്‌നാട് തിയേറ്റർ ഉടമകൾ. ഈ സാഹചര്യത്തിൽ തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ഡിജിറ്റൽ സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ കൊണ്ടുവരുവാനും തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടു. ഇനി മുതൽ സിനിമകൾ 30 ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ ഒടിടി റിലീസ് ചെയ്യാൻ സാധിക്കുകയുള്ളു എന്ന് തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്‌സ്‌ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് തിരുപ്പൂർ സുബ്രമഹ്ണ്യം അറിയിച്ചു.

ചിത്രം തിയേറ്ററിൽ 30 ദിവസം പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ ഡിജിറ്റൽ സ്ട്രീം ചെയ്യുകയുള്ളൂ എന്ന് നിർമാതാക്കൾ കരാർ ഒപ്പിട്ടാൽ മാത്രമേ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കുകയുള്ളു.

തിരുപ്പൂർ സുബ്രമഹ്ണ്യം

ചെറിയ ബജറ്റ് ചിത്രങ്ങൾക്കാണ് 30 ദിവസമെന്നും ബിഗ് ബജറ്റ് ചിത്രങ്ങൾ ചുരുങ്ങിയത് 50 ദിവസങ്ങളെങ്കിലും പ്രദർശനം നടത്തിയതിന് ശേഷം മാത്രമേ ഡിജിറ്റൽ സ്ട്രീം ചെയ്യാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സൂര്യ നായകനായെത്തിയ സൂരറൈ പോട്ര് ഒടിടി റിലീസ് ചെയ്തതിൽ തിയേറ്റർ ഉടമകൾ അതൃപ്തി അറിയിച്ചിരുന്നു. അതിനുപിന്നാലെ വിജയ് ചിത്രം തിയേറ്ററുകളിൽ പ്രദർക്ഷണം തുടരുമ്പോൾ തന്നെ ഡിജിറ്റൽ സ്ട്രീമിങ്ങും നടത്തിയതാണ് തിയേറ്റർ ഉടമകളെ ചൊടിപ്പിച്ചത്.

ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മാസ്റ്റർ. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ളും, പശ്ചാത്തല സംഗീതവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മാസ്റ്ററിനെ മാസാക്കുന്നതില്‍ പശ്ചാത്തല സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.

ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയ്‌യുടെ നായിക.

Next Story