ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം; ശിശുക്ഷേമസമിതിയോട് റിപ്പോർട്ട് തേടി സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈ​ല​ജ

കണ്ണൂര്‍: വളർത്താനായി കൊണ്ടുപോയ പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈ​ല​ജ റി​പ്പോ​ർ​ട്ട് തേ​ടി. ശിശുക്ഷേമസമിതിയുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായോ എന്നാണ് പരിശോധനയിൽ അന്വേഷിക്കുക. വേണ്ടത്ര പരിശോധനകൾ നടത്താതെയാണ് ശിശുക്ഷേമ സമിതി പെൺകുട്ടിയെ കൈമാറിയതെന്ന് റിപ്പോർട്ടുകളുണ്ട്. കുട്ടിയെ കൈമാറും മുൻപ് പ്രതിയായ സി ജി ശശികുമാറിനെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ശിശുക്ഷേമ സമിതി എടുത്തിരുന്നില്ല എന്നാണ് വീഴ്ച്ചക്കാധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇയാൾ നേരത്തെ രണ്ട് തവണ വിവാഹിതൻ ആയിരുന്നുവെന്നും, അതിൽ കുട്ടികളുള്ള കാര്യം മറച്ചുവെച്ചും വിമുക്ത ഭടനെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് കൂത്തുപറമ്പിൽ താമസിച്ചിരുന്നതെന്നുമാണ് പൊലീസ് അറിയിക്കുന്നത്. 2017ൽ കുട്ടിയെ പീഡിപ്പിച്ചതും ഗർഭഛിദ്രം നടത്തിയതുമെല്ലാം മൂന്ന് വർഷങ്ങൾക്ക് ശേഷം സഹോദരി വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ശിശുക്ഷേമ സമിതിയും അറിയുന്നത്.

മാതാപിതാക്കൾ മരിച്ച 14 വയസുള്ള പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും 2016 ലാണ് പ്രതി ദത്തെടുക്കുന്നത്. മൂന്ന് വർഷം പ്രതിയുടെ വീട്ടിൽ കഴിഞ്ഞ കുട്ടി 2017 ൽ ഗർഭിണി ആവുകയും ഇയാൾ ആരുമറിയാതെ ഗർഭഛിദ്രം നടത്തുകയും ആയിരുന്നു. വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കുട്ടിയുടെ സഹോദരിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതി തന്നെയും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും കുട്ടി മൊഴി നൽകി.

ശ‌ശികുമാർ ഒരു ബാലപീഡകൻ ആണെന്ന വിവരം തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഭിക്കുന്നത്. കൂടാതെ ചെറിയ കാലയളവിലേക്ക് കുട്ടിയെ വളർത്താൻ നൽകുമ്പോൾ ദത്തെടുക്കുന്ന കുടുംബത്തെ കുറിച്ച് നടത്തേണ്ട അന്വേഷണം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തിയില്ലെന്നും പറയുന്നു. സംരക്ഷണയിൽ വിട്ടുനൽകുന്ന കുട്ടിക്ക് എല്ലാ മാസവും കൗൺസിലിംങ് നൽകണം എന്ന നിയമവും ഇവിടെ നടപ്പായിട്ടില്ല.

Latest News