Top

സെക്കന്റ് ഷോ ഇല്ല; ‘ദി പ്രീസ്റ്റ്’ മാര്‍ച്ച് 4ന് ഇല്ല

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് തീയതി വീണ്ടും നീട്ടി. മാര്‍ച്ച് നാലിന് പുറത്തിറങ്ങാനിരുന്ന ചിത്രം സെക്കന്റ് ഷോ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് റിലീസ് നീട്ടിയത്. ചിത്രത്തിന്റെ സംവിധായകനായ ജൊഫിന്‍ ടി ചാക്കോ തന്റെ ഫോസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. സെക്കന്റ് ഷോ ഇല്ലാത്തതിനാല്‍ പ്രീസ്റ്റ് മാര്‍ച്ച് നാലില്‍ നിന്നും റിലീസ് മാറ്റിവെക്കുന്നു. മറ്റ് രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയും, കേരളത്തില്‍ ഇപ്പോഴും സെക്കന്റ് ഷോ നടത്തുവാനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദി പ്രസീറ്റ് റിലീസ് മാറ്റിവെക്കുവാന്‍ […]

2 March 2021 8:39 AM GMT
ഫിൽമി റിപ്പോർട്ടർ

സെക്കന്റ് ഷോ ഇല്ല; ‘ദി പ്രീസ്റ്റ്’ മാര്‍ച്ച് 4ന് ഇല്ല
X

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് തീയതി വീണ്ടും നീട്ടി. മാര്‍ച്ച് നാലിന് പുറത്തിറങ്ങാനിരുന്ന ചിത്രം സെക്കന്റ് ഷോ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് റിലീസ് നീട്ടിയത്. ചിത്രത്തിന്റെ സംവിധായകനായ ജൊഫിന്‍ ടി ചാക്കോ തന്റെ ഫോസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്.

സെക്കന്റ് ഷോ ഇല്ലാത്തതിനാല്‍ പ്രീസ്റ്റ് മാര്‍ച്ച് നാലില്‍ നിന്നും റിലീസ് മാറ്റിവെക്കുന്നു. മറ്റ് രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയും, കേരളത്തില്‍ ഇപ്പോഴും സെക്കന്റ് ഷോ നടത്തുവാനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദി പ്രസീറ്റ് റിലീസ് മാറ്റിവെക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് നീട്ടിയേക്കാം എന്ന് ജൊഫിന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തന്റെ ആദ്യ ചിത്രമായ പ്രീസ്റ്റിന്റെ അവസാന മാസ്റ്ററിംഗ് കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനൊപ്പമായിരുന്നു റിലീസ് തീയതി മാറ്റുന്നതിനെ കുറിച്ച് ജൊഫിന്‍ പറഞ്ഞത്. മമ്മൂക്കയെ വെച്ച് ആദ്യ സിനിമ ചെയ്യാനായത് വലിയ ഭാഗ്യമായി കരുതുന്നു എന്നു പോസ്റ്റില്‍ പറയുന്നുണ്ട്.

ജൊഫിന്‍ ടി ചാക്കോയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇന്നലെ പ്രീസ്റ്റിന്റെ ഫൈനല്‍ മാസ്റ്ററിംഗ് കഴിഞ്ഞു. സ്വപ്ന സാക്ഷാത്കരത്തിന് ആദ്യം നന്ദി പറയുന്നത് മമ്മുക്കയോടാണ് ചെറുപ്പത്തില്‍ മമ്മുക്കയോട് തോന്നിയ ആരാധനയാണ് പിന്നീട് സിനിമയോടായി മാറിയതും,സിനിമയില്‍ ജീവിക്കാനും പ്രേരിപ്പിച്ചത് .ഏത് കഥ ചിന്തിക്കുമ്പോഴും അതിലെ നായകന്‍ മമ്മുക്കയായിരുന്നു .

ആ മമ്മുക്കയെ വെച്ചു ആദ്യ സിനിമ ചെയ്യാനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. അതോടൊപ്പം ഞാന്‍ വലിയ നന്ദി പറയുന്നത് ആന്റോ ചേട്ടനോടാണ് ,സിനിമ എന്ന എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത് ആന്റോ ചേട്ടനാണ് ആന്റോ ചേട്ടനോടൊപ്പം ഉണ്ണി സാറും. ഇത്രത്തോളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും മമ്മൂക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം എനിക്ക് പൂര്‍ത്തിയക്കാനായത് ഈ രണ്ടു നിര്‍മാതാക്കള്‍ ഒപ്പം നിന്നത് കൊണ്ടാണ്. പ്രീസ്റ്റിന്റെ 80 % ചിത്രീകരണം പൂര്‍ത്തീകരിച്ച സമയത്താണ് കൊറോണ വന്ന് ലോകം മുഴുവന്‍ നിശ്ചലമായത് , 8 മാസങ്ങള്‍ക്ക് ശേഷമാണ് ബാക്കി ഷൂട്ട് ചെയ്യുന്നത് .

‘തിയേറ്ററില്‍ കാണേണ്ട ചിത്രം ‘ പ്ലാന്‍ ചെയ്തപ്പോള്‍ മുതല്‍ ഈ നിമിഷം വരെ അതു തന്നെയാണ് ‘ദി പ്രീസ്റ്റ്’ .ലോകം മുഴുവന്‍ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം..അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി,ഇന്ത്യക്ക് പുറത്ത് ചിത്രം വിതരണത്തിന് എടുത്തത് മമ്മുക്കയുടെ കടുത്ത ആരാധകനായ സമദിക്കയാണ്. അദ്ദേഹത്തിന്റെയും ആദ്യ ചിത്രമാണ് ‘ പ്രീസ്റ്റ് ‘ ,എന്നാല്‍ ഇപ്പോള്‍ ലോകത്ത് പലയിടത്തും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ് ദുബായ് , സൗദി , ഒമാന്‍ തുടങ്ങി മിക്കയിടത്തും തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല! ലോകമെമ്പാടുമുള്ള ഒരുപാട് മമ്മുക്ക ആരാധകര്‍ ചിത്രം കാത്തിരിക്കുയാണെന്ന് അറിയാം , എന്നാല്‍ കുടുംബ പ്രക്ഷകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലും തിയേറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ല .(ചെറിയ ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്, മാര്‍ച്ച് 1 മുതല്‍ സെക്കന്റ് ഷോ ആരംഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല). അനുകൂലമായ തീരുമാനങ്ങള്‍ വരുന്നത് വരെ നമുക്ക് കാത്തിരിക്കാം .എന്റെ ആദ്യ ചിത്രം സജീവമായ തീയേറ്ററുകളില്‍ ഒരു മമ്മുക്ക ആരാധകനായി കാണാന്‍ കാത്തിരിക്കുകയാണ് ഞാനും പ്രീസ്റ്റ് ടീമും.

🙂

Posted by Jofin Tchacko on Tuesday, 2 March 2021

ഫെബ്രുവരി നാലിനാണ് ദി പ്രീസ്റ്റ് ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ സെക്കന്റ് ഷോ ഇല്ലാത്തതിനെ തുടര്‍ന്ന് മമ്മൂട്ടി തന്നെയാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതിന് ശേഷം റിലീസ് തിയതി മാറ്റിയത്. അതിന് ശേഷമാണ് മാര്‍ച്ച് നാലിന് ചിത്രം റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി അറിയിക്കുന്നത്. എന്നാല്‍ സെക്കന്റ് ഷോയുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നിലവില്‍ റിലീസ് ചെയ്യാനിരുന്ന ഏഴോളം സിനിമകളാണ് റിലീസ് തിയതി മാറ്റിവെച്ചത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തത്. ത്രില്ലര്‍ ചിത്രമായ പ്രീസ്റ്റില്‍ ഫാദര്‍ ബെനഡിക്റ്റ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Next Story