Top

നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി

നടിയെ അപമാനിച്ച സംഭവത്തില്‍ പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. ഫോണിലൂടെയാണ് മൊഴി എടുത്തത്.

21 Dec 2020 12:55 AM GMT

നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി
X

നടിയെ അപമാനിച്ച സംഭവത്തില്‍ പൊലീസ് പരാതിക്കാരിയായ നടിയുടെ മൊഴി രേഖപ്പെടുത്തി. ഫോണിലൂടെയാണ് മൊഴി എടുത്തത്. പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ അപമാനിച്ചതിനാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യമില്ലെന്ന് തൃക്കാക്കര എസിപി പറഞ്ഞു. പ്രതികള്‍ക്കെതിരെ മതിയായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികളെ ഞായറാഴ്ച്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദ്, ആദില്‍ എന്നിവരെ കളമശ്ശേരി പൊലീസാണ് പിടികൂടിയത്. ഇരുവരും കീഴടങ്ങുന്നതിന് മുമ്പായിരുന്നു പൊലീസ് നീക്കം. കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ടുപേരേയും കസ്റ്റഡിയിലെടുത്തത്.

നേരത്തെ സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നടിയെ അപമാനിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്നും യുവാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഭിഭാഷകന്‍ പറഞ്ഞത് കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നിന്നതെന്നും യുവാക്കള്‍ പറഞ്ഞു. എന്നാല്‍ ഈ വാദം നടിയുടെ കുടുംബം തളളിയിരുന്നു. അതേ സമയം തന്നെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചതിനെ തുടര്‍ന്ന് താന്‍ അവരോട് ക്ഷമിച്ചു എന്ന പറഞ്ഞു കൊണ്ട് പരാതിക്കാരിയായ നടി രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് യുവാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുമായി യുവനടി രംഗത്തെത്തിയത്. ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ശരീരത്തില്‍ സ്പശിച്ച ശേഷം ഇവര്‍ തന്നെ പിന്തുടര്‍ന്നെന്നെന്നും നടി പറഞ്ഞു. സംഭവ സമയത്ത് പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. രണ്ടു യുവാക്കളാണ് യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Next Story