എണ്ണയില്‍ തുടങ്ങിയിരിക്കുന്ന ഉടക്ക്; ‘ഈ വിള്ളല്‍ വളര്‍ന്നേക്കാം’

എണ്ണ ഉല്‍പാദന ചട്ടങ്ങളുമായി ബന്ധപ്പെട്ട് പരസ്യമായി അഭിപ്രായ വ്യതാസങ്ങള്‍ പ്രകടമാക്കി യുഎഇയും സൗദി അറേബ്യയും. ലേകത്തിലെ എണ്ണ ഉല്‍പാദന വമ്പന്‍മാരായ സൗദിയും യുഎഇയും തമ്മിലുള്ള തര്‍ക്കം എണ്ണ വിപണിയെ അനിശ്ചിത്വത്തിലാക്കിയിരിക്കുകയാണ്. ആറു വര്‍ഷത്തിനിടയിലെ ഏറ്റവംു ഉയര്‍ന്ന നിരക്കിലാണ് എണ്ണവില നിലവില്‍ ആഗോള തലത്തില്‍. ഉല്‍പാദനം സംബന്ധിച്ച ഒപെക് ചര്‍ച്ചയും നടക്കാതെ പോയി. കഴിഞ്ഞയാഴ്ചയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായ സംഭവങ്ങള്‍ നടന്നത്.

അടുത്ത എട്ട് മാസത്തേക്കും കൂടി എണ്ണ ഉല്‍പാദനത്തിനുള്ള നിയന്ത്രണങ്ങള്‍ ഒപെക് രാജ്യങ്ങള്‍ തുടരണെന്ന റഷ്യയുടെയും സൗദിയുടെയും ആവശ്യം യുഎഇ നിഷേധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കൂടുതല്‍ എണ്ണ ഉല്‍പാദനത്തിനായി ഒപെക് ചട്ടങ്ങളില്‍ അയവ് വരുത്തണമെന്നാണ് യുഎഇയുടെ ആവശ്യം. എന്നാല്‍ ഇതിനെ സൗദിയും റഷ്യയും നിശിതമായി എതിര്‍ക്കുന്നു. ഇതിനിടയില്‍ അസ്വാഭാവികമെന്നോണം യുഎഇയുടെയും സൗദിയുടെയും ഊര്‍ജമന്ത്രിമാര്‍ പരസ്യമായി അഭിപ്രായ വെത്യാസം പ്രകടമാക്കിയതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം ചര്‍ച്ചയാവുന്നത്.

നയപരമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന, ഗള്‍ഫ് മേഖലയിലെ രണ്ട് വമ്പന്‍മാരായ രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം അടുത്ത കാലത്തെങ്കിലും ആദ്യമായാണ് പരസ്യമായി പുറത്തുവരുന്നതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എണ്ണ വിപണിക്കപ്പുറം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരുന്ന, ഒഴിവാക്കാനാവാത്ത മത്സരത്തിന്റെ പ്രത്യക്ഷ സൂചനകളാണിതെന്നുമാണ് നിരീക്ഷണം.

എണ്ണ വിപണിയിലേക്ക് വമ്പന്‍ നിക്ഷേപം നടത്തിയ യുഎഇയുടെ ഇന്നത്തെ ഉല്‍പാദന ശേഷി എന്നത് യഥാര്‍ത്ഥത്തില്‍ ഒപെക് അനുവദിച്ച ക്വാട്ടകള്‍ക്കപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഉല്‍പാദനം ഉയര്‍ത്താന്‍ യുഎഇ നിരന്തരം ആവശ്യപ്പെടുന്നത്.

പരമ്പരാഗതമായ ഇരുരാജ്യങ്ങളും തമ്മില്‍ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സൗഹൃദങ്ങള്‍ക്കും നയങ്ങള്‍ക്കുമപ്പുറമാണ് ഇന്ന് യുഎഇയുടെയും സൗദിയുടെയും സ്വപ്‌നങ്ങള്‍. 2015 ല്‍ യെമനിലെ ഹൂതികള്‍ക്കെതിരെ സംയുക്തമായി രൂപീകരിച്ച സൈനിക സഖ്യം, 2017 ല്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപോരധം തുടങ്ങിയ വിഷയങ്ങളെല്ലാം ഇരു രാജ്യങ്ങളുടെയും സൗഹൃദവും സഹകരണവും വിളിച്ചോതുന്നതായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കൂട്ടുകെട്ടില്‍ ചെറിയ വിള്ളലുകള്‍ വന്നു തുടങ്ങി. യെമിനില്‍ നിന്നും യുഎഇ ഭൂരിഭാഗം സേനയും പിന്‍വാങ്ങി.

ഇതിനിടെ ഈ വര്‍ഷമാദ്യം സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കപ്പെട്ടു. ഖത്തറിന്റെ ഇടപെടലുകളെ ഒരു തരത്തിലും അംഗീകരിക്കാത്ത യുഎഇ താല്‍പര്യമില്ലാതെയാണ് ഉപരോധം പിന്‍വലിക്കന്നതിനൊപ്പം നിന്നതെന്നാണ് അ്ന്ന് ഉയര്‍ന്നു വന്ന സൂചനകള്‍. മറുവശത്ത് യുഎഇ ചരിത്രപരമായ തീരുമാനമെന്നോണം ഇസ്രായലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചു. ഇതില്‍ സൗദിക്കും വലിയ താല്‍പര്യമില്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയപരമായ ഇത്തരം നീക്കങ്ങളും സൂചനകളും ഒരു പക്ഷെ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് പറയാമെങ്കില്‍ പോലും സാമ്പത്തിക രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം ഒളിഞ്ഞു തെളിഞ്ഞും പുറത്തു വരുന്നുണ്ട്്.

അടുത്തിടെയാണ് അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ഓഫീസ് സൗദിയിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ചത്. 2024 ഓടു കൂടി പ്രാദേശിക ഓഫീസ് സൗദിയിലല്ലാത്ത കമ്പനികള്‍ക്ക് രാജ്യത്ത് നിന്നും കരാറുകള്‍ ലഭിക്കില്ലെന്നായിരുന്നു സൗദിയുടെ മുന്നറിയിപ്പ്.

നിലവില്‍ അന്തരാഷ്ട്ര കമ്പനികളുടെ ഹബ്ബ് എന്നു പറയാവുന്ന ഗള്‍ഫ് രാജ്യം യുഎഇയാണ്. വ്യവസായികളെയും ബിസിനസ് ഭീമന്‍മാരെയും ആകര്‍ഷകമായ വാഗ്ദാനങ്ങളോടെ ദുബായിലും അബുദാബിയിലുമായി വേരുറപ്പിക്കാന്‍ യുഎഇ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ സൗദിയുടെ ഉത്തരവ് ബാധിക്കാന്‍ സാധ്യതയുള്ളത് യുഎഇയായാണെന്നതില്‍ സംശയമില്ല.

ടൂറിസം, ബിസിനസ്, വിനോദ മേഖല തുടങ്ങിയടങ്ങളില്‍ യുഎഇ നേടിയെടുത്ത വിസ്മയകരമായ നേട്ടമാണ് ഇന്ന് സൗദി ലക്ഷ്യം വെക്കുന്നത്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അവതരിപ്പിച്ച സൗദി വിഷന്‍ 2030 എന്ന സ്വപ്‌ന പദ്ധതി സൗദിയെ അടിമുടി ഒരു മോഡേണ്‍ എക്കോണമി രാജ്യമാക്കി പരുവപ്പെടുത്തുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

്അതേസമയം നിലവിലെ തര്‍ക്കങ്ങള്‍ വളര്‍ന്നു വരുന്ന, ഒരേ മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുണ്ടാവുന്ന സ്വാഭാവിക അഭിപ്രായ വ്യത്യാസങ്ങളാണെന്നും ഇത് ഒരു തര്‍ക്കമായി വളരാനിടയില്ലെന്നുമാണ് പൊതുവെയുള്ള നിരീക്ഷണം. യുകെയും യുഎസും തമ്മിലുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പോലെ അടിസ്ഥാനപരമായ ബന്ധം ഇല്ലാതാവാതെയുള്ള ഒഴുക്കായിരിക്കും ഇത്തരം സംഭവങ്ങള്‍ക്കെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Covid 19 updates

Latest News