‘ദളപതി 65ന് ശേഷം ആരാധകർ കെജിഎഫിനെ മറക്കും’; അണിയറപ്രവർത്തകർ

മാസ്റ്ററിന് ശേഷം വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ദളപതി 65’ മികച്ച ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ. കെജിഎഫിനേക്കാൾ മികച്ച ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിൽ വിജയ് വ്യത്യസ്തമായ ലുക്കിൽ ആയിരിക്കുമെന്നും പറയപ്പെടുന്നു. കോലമാവ്‌ കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65.

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും ദളപതി 65 എന്നും ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ കണ്ടതിനുശേഷം ആരാധകർ കെജിഎഫിനെ മറക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. കെജിഎഫിനായി സംഘട്ടനങ്ങൾ ഒരുക്കിയ അൻപറിവാണ് ദളപതി 65 നായി സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.

അന്‍പുമണി, അറിവുമണി എന്നീ ഇരട്ടസഹോദരന്മാര്‍ ചേര്‍ന്നറിയപ്പെടുന്ന പേരാണ് ‘അന്‍പറിവ്’. ‘ഇതുക്ക്‌ താനേ ആസൈപ്പെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അന്‍പറിവ് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഉള്‍പ്പടെയുളള ഭാഷകളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോളോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാളത്തിലും പ്രവര്‍ത്തിച്ചു. കെ ജി എഫ് പാര്‍ട്ട്‌ 1 ലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

അതേസമയം ദളപതി 65ൽ പൂജ ഹെഗ്‌ഡെ നായികയായി എത്തുമെന്നാണ് റിപോർട്ടുകൾ. എന്നാൽ അണിയറപ്രവർത്തകരിൽ നിന്ന് യാതൊരു ഔദ്യോഗിക വിവരവും പുറത്തുവന്നിട്ടില്ല. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ചിത്രത്തെപ്പറ്റി മറ്റു വിവരങ്ങൾ ലഭ്യമല്ല.

Latest News