ഇലക്ട്രിക് കാർ വിപ്ലവവുമായി എലൺ മസ്‌കിന്റെ ഇന്ത്യൻ എൻട്രി; ടെസ്‌ല ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്‌തു

അമേരിക്കൻ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻറ് എനർജി പ്രൈവറ്റ് ലിമിറ്റഡ്‌ എന്ന പേരിലാണ് രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്ട്രാർ ഓഫ് കമ്പനീസ് (RoC) ഈ വാർത്തക്ക് സ്ഥിരീകരണം നൽകിയിട്ടുണ്ട്.

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആർഒസി പ്രകാരം 2021 ജനുവരി 8നാണ് കമ്പനി ബംഗളൂരുവിൽ ആരംഭിച്ചത്. ടെസ്‌ല ഇൻക് എന്ന വിദേശ കമ്പനിയുടെ അനുബന്ധ കമ്പനിയായാണ് പുതിയ സംരംഭത്തെ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. വൈഭവ് തനേജ, വെങ്കട്ടറാം ശ്രീറാം, ഡേവിഡ് ജോൺ ഫെയ്ൻ‌സ്റ്റൈൻ എന്നിങ്ങനെ മൂന്ന് ഡയറക്ടർമാരാണ് നിലവിൽ കമ്പനിക്കുള്ളത്. ടെസ്‌ലയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസറാണ് വൈഭവ് തനേജ.

മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിങ്ങനെ അഞ്ച് സംസ്ഥാന സർക്കാരുകളുമായി ടെസ്‌ല ചർച്ച നടത്തുന്നു എന്ന് ബിസിനസ്സ് ചാനലായ സി‌എൻ‌ബി‌സി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. കർണാടക ടെസ്‌ലയെ താൽപ്പര്യപൂർവ്വം പരിഗണിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് ലൊക്കേഷൻ ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളതായി ബിസിനസ് ചാനൽ പറയുന്നു.

ലോകത്തിലെ രണ്ടാമത്തെ ധനികനായ എലൺ മസ്‌കിന്റെ ഉടമസ്ഥതയിലാണ് ടെസ്‌ല. ആദ്യമായി സമ്പൂർണ്ണ ഇലക്ട്രിക് മോഡൽ 3 സെഡാൻ രാജ്യത്ത് വിപണിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം. ഏകദേശം 60 ലക്ഷത്തോളമാകും വാഹനവില എന്നാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.

2021ന്റെ തുടക്കത്തിൽ ടെസ്‌ല ഇന്ത്യയിലേക്ക് വരുമെന്നും വിൽപ്പനരംഗത്താകും ആദ്യം ചുവടുറപ്പിക്കുക എന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഡിസംബറിൽ സ്ഥിരീകരിച്ചിരുന്നു. പിന്നീട് ലഭിക്കുന്ന പ്രതികരണത്തെ അടിസ്ഥാനമാക്കിയാകും അസംബ്ലി, നിർമ്മാണം എന്നീ മേഖലകളിലേക്ക് കടക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയിൽ ടെസ്‌ല കാറുകൾക്കായി 2021 ജനുവരിയിൽ വിപണി രംഭിക്കുമെന്ന് എലൺ മസ്‌ക് ഒക്ടോബറിൽ പറഞ്ഞിരുന്നു.

Latest News