ARAB SPRING DECADE

അറബ് വസന്തം: തെരുവിന്റെ സ്വപ്‌നങ്ങൾ എരിഞ്ഞമർന്നത് എങ്ങനെ?

കൃത്യം ഒരു ദശാബ്ദം പിറകില്‍ മുഹമ്മദ് ബൊസൈസി എന്ന തെരുവുക്കച്ചവടക്കാരൻ യുവാവ് ടുനീഷ്യയിലെ തന്റെ പ്രവിശ്യാ ആസ്ഥാനത്തിന് മുന്‍പില്‍ സ്വയം അഗ്നിക്കിരയാക്കി. ആ ആത്മാഹൂതി തന്റെ ഉന്തുവണ്ടിയും വില്‍പ്പനവസ്തുക്കളും പിടിച്ചെടുത്ത ലോക്കല്‍ പൊലീസിനെതിരായ ബൊസൈസിയുടെ പ്രതിഷേധമായിരുന്നു.

ആ 26-കാരന്റെ പ്രവൃത്തി അവന്റെ ജന്മനാടിനെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കി. ദുർബലമായ ഭരണസംവിധാനത്തിനാലും അതിന്റെ തലപ്പത്തിരിക്കുന്നവരിനാലും അപമാനിക്കപ്പെട്ടു കൊണ്ടിരുന്ന പതിനായിരങ്ങളുടെ ഹൃദയത്തിലേക്ക് ആ അഗ്നി പടര്‍ന്നുകയറി.

2010 ഡിസംബര്‍ 17-ലെ ബൊസൈസിയുടെ ആത്മഹത്യാശ്രമം മുതല്‍ 2011 ജനുവരി നാലിലെ അദ്ദേഹത്തിന്റെ മരണം വരെയുള്ള 18 ദിവസങ്ങളിൽ ട്യുനീഷ്യ പതിറ്റാണ്ടില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാടകീയമായ സാമൂഹിക അശാന്തികളുടെ വേലിയേറ്റമായിരുന്നു. ബൊസൈസിയുടെ മരണം പത്ത് ദിനം പിന്നിട്ടപ്പോഴേക്കും ആ ഏകാധിപത്യ സര്‍ക്കാരിനെ മുട്ടുകുത്തിക്കാനും സൈനുല്‍ ആബിദീന്‍ ബെന്‍ അലിയെ കസേര കയ്യൊഴിഞ്ഞ് പടിയിറക്കാനും പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞു. പക്ഷേ അതിനുമപ്പുറം മേഖലയിലെ വരാനിരുന്ന വലിയൊരു മാറ്റത്തിന് തിരികൊളുത്തുക മാത്രമായിരുന്നു ആ ചെറിയ തീരദേശ രാജ്യം. ഒരു ചെറുകച്ചവടക്കാരന്റെ ദുരിതവും ഒറ്റപ്പെട്ട മരണവുമുണ്ടാക്കിയ അതിലുയർന്ന ജനരോഷവും വടക്കൻ ആഫ്രിക്ക മുതല്‍ പശ്ചിമേഷ്യ വരെ ഒരു യുഗത്തെ തന്നെ നിര്‍വ്വചിച്ചു.

മേഖലയിലെ പൊലീസ് സ്റ്റേറ്റുകൾക്കെതിരെ ഉയർന്ന പ്രക്ഷോഭങ്ങള്‍ വളരെ പെട്ടെന്ന് പൂർണ വിപ്ലവങ്ങളായി മാറി. ഈജിപ്റ്റ്, ബഹ്‌റൈൻ, യെമന്‍, ലിബിയ, സിറിയ എന്നിവിടങ്ങളിലെ ദീര്‍ഘകാലമായി ദുരിതക്കയത്തിൽ ഉഴലുന്ന പൗരന്മാർക്ക് അന്നുവരെ അജയ്യരായി കരുതപ്പെട്ടിരുന്ന സ്വേച്ഛാധിപത്യങ്ങൾ പൊടുന്നനെ തൃണസമാനമാണെന്ന് വെളിപ്പെട്ടു. ദിവസക്കൂലിയായ രണ്ട് ദിനാര്‍ കൊണ്ട് എട്ടംഗ കുടുംബത്തെ പോറ്റിയിരുന്ന, വിവേകശൂന്യമായ സംവിധാനങ്ങളാല്‍ തോല്‍പ്പിക്കപ്പെട്ട ബൊസൈസിയുടെ കഥ മേഖലയുടെ എല്ലാ കോണിലും വ്യാപിച്ചു. തുടര്‍ച്ചയായിട്ടുള്ള ബഹുജന പ്രക്ഷോഭങ്ങളുടെ അലയൊലികൾ ഒരിക്കലും എത്തിച്ചേരില്ലെന്ന് കരുതിയിരുന്ന സ്വയംനിര്‍ണ്ണായാവകാശത്തിലേക്ക് അധികദൂരമില്ലെന്ന് തോന്നിച്ചു. അങ്ങേയറ്റം കഠിനവും രക്തരൂക്ഷിതവുമാകുമെങ്കിലും വിജയം സാധ്യമാണെന്ന വിശ്വാസം ജനതയിലുറച്ചു.

അറബ് വസന്തമെന്ന് അറിയപ്പെട്ട ആ മുന്നേറ്റം അധികാര വർഗത്തിന് അസാമാന്യമായ ഞെട്ടലാണുണ്ടാക്കിയത്. ആജ്ഞാനുവർത്തികളായ പ്രജകളായും തങ്ങളുടെ അഭിലാഷങ്ങൾക്ക് ഓശാന പാടുന്നവാരായും ഫ്യൂഡല്‍ കുടുംബവാഴ്ചകളോടും സര്‍വ്വാധികാര ഭരണകൂടത്തോടും എറ്റുമുട്ടാന്‍ ശേഷിയില്ലാത്തവരായും കരുതപ്പെട്ടിരുന്ന ഒരു ജനത പതിറ്റാണ്ടുകളുടെ അലസത കുടഞ്ഞെറിഞ്ഞ് തെരുവുകളിൽ കത്തിജ്ജ്വലിച്ചു. സ്മാര്‍ട്ട്‌ഫോണുകളിലൂടെയും, ഭരണസ്ഥാപനങ്ങളുടെ സുരക്ഷാക്കുരുക്കുകള്‍ക്ക് പെട്ടെന്ന് പിടികൊടുക്കാത്ത ഇന്റർനെറ്റ് സംവിധാനങ്ങളിലൂടെയൂം ഞൊടിയിടയിൽ സംഘടിതരാകാൻ സാധിച്ചത് പ്രതിഷേധങ്ങളെ വലിയ തോതില്‍ സഹായിച്ചു.

സാമൂഹികവും ജനസംഖ്യാപരവുമായ മാറ്റങ്ങളെ പരിഗണിക്കാത്ത യൂറോപ്യൻ അധിനിവേശ സംവിധാനങ്ങളുടെ രാഷ്ട്രീയ തുടർച്ചകളാൽ പതിറ്റാണ്ടുകളായി അധികാരം കേന്ദ്രീകരിക്കപ്പെട്ട, അധിനിവേശാനന്തര രാജ്യങ്ങളായ ഈജിപ്റ്റ്, ലിബിയ, സിറിയ ഭരണകൂടങ്ങൾക്ക് നേരെയായിരുന്നു ജനരോക്ഷം കനപ്പെട്ടത്.

കാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ 2010 ആയപ്പോഴേക്കും ഭരണസംവിധാനങ്ങൾക്ക് ഒരടി തുടരാൻ കഴിയാത്തവിധം പ്രതികൂലമായി പരുവപ്പെട്ടിരുന്നു. ജീവിത സാഹചര്യങ്ങളിലെ ഏറിവരുന്ന അസമത്വം, ആരാലും ചോദ്യംചെയ്യപ്പെടാതിരുന്ന വരേണ്യ വർഗം, ഉപജീവനാവസരങ്ങളുടെ കടുത്ത ദൗർലഭ്യം കാരണം അങ്ങേയറ്റം അസ്വസ്ഥരായിരുന്ന യുവത, ജനങ്ങളുടെ പരാതികൾ കേൾക്കാനോ പരിഹരിക്കാനോ ഉള്ള സംവിധാനങ്ങളുടെ അഭാവം തുടങ്ങി നിരവധി സാഹചര്യങ്ങളിളിലൂടെ തങ്ങൾക്കിനി നഷ്ടപ്പെടാനൊന്നുമില്ല എന്ന് ബോധ്യപ്പെട്ട ജനതയായിരുന്നു തെരുവിലിറങ്ങിയത്.

“ഒരു നിശ്ചിത ജനവിഭാഗത്തെ മാത്രം അഭിമുഖീകരിക്കുന്നവയായിരുന്നു ആ ഭരണ സംവിധാനങ്ങൾ. സാമൂഹിക പരിവർത്തനങ്ങൾക്കനുസരിച്ച് പരുവപ്പെടാൻ കഴിയുന്നതരത്തിൽ രൂപീകൃതമായവയായിരുന്നില്ല,” എന്നാണ് റോയൽ യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് അംഗം ഡോ. എച്.എ ഹെല്ല്യർ വിലയിരുത്തുന്നത്.

“2010 ആയപ്പോഴേക്കും ഈ സംവിധാനങ്ങൾ പരിധിവിട്ടിരുന്നു. ഒരുവശത്ത് ജനസംഖ്യാപരമായ മാറ്റങ്ങളോട് കിടപിടിക്കാൻ അവിശ്വസനീയമാം വിധം ശ്രമിക്കുന്നു, അതെ സമയം മറുവശത്ത് സമ്പത്തിന്റെ വിതരണം സമൂഹത്തിലെ ഉന്നതരിൽ മാത്രം കേന്ദ്രീകരിക്കുന്നത് ഉറപ്പുവരുത്തുകയും ചെയ്‌തു. ഇതോടൊപ്പം ‘രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തേണ്ടതില്ല, കാരണം തീവ്രവാദികളിൽ നിന്നും നിങ്ങളുടെ സംരക്ഷകരാണ് ഞങ്ങൾ,’ എന്ന തരത്തിലെ കടുത്ത ഏകാധിപത്യവാദവും സമ്പൂർണ രാഷ്‌ടീയ ദുരന്തം ഉറപ്പാക്കുകയായിരുന്നു,” ഹെല്ല്യർ തുടരുന്നു.

ജനുവരി മധ്യത്തോടെ ട്യുണീഷ്യയുടെ ബെൻ അലി സൗദിയിലേക്ക് രക്ഷപ്പെട്ടു. ഈജിപ്തിന്റെ തെരുവുകളെ വിറപ്പിച്ച ജനകീയ പ്രക്ഷോഭം നാല് പതിറ്റാണ്ടിന് മുകളിൽ അധികാര കേന്ദ്രമായിരുന്ന ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കി. ലിബിയയിൽ നാൽപത് വർഷമായിരുന്നു ഗദ്ദാഫി ഭരണത്തിന്റെ അടിവേരിളകിത്തുടങ്ങി. സിറിയയിൽ ഹാഫിസ് അൽ അസദ് തന്റെ പോലീസ് സ്റ്റേറ്റ് ഇപ്പോൾ സർവമുഖ ഭീഷണി നേരിടുന്ന പുത്രൻ ബശ്ശാർ അൽ അസദിന് ഇഷ്ടദാനം നൽകി.

ഈ നാല് രാജ്യങ്ങളും ഭരണഘടനയെയും മുഖംമറച്ച അധികാര സ്ഥാപനങ്ങളെയും മുൻനിർത്തി യഥാര്‍ത്ഥ അധികാര കേന്ദ്രങ്ങളെ ഗോപ്യമാക്കി വയ്ക്കുകയായിരുന്നു കാലങ്ങളോളം– അതൊരു കുടുംബമോ, പാർട്ടിയോ പട്ടാളമോ ആകാം. ജനപ്രതിരോധത്തിൽ ഇവരൊക്കെയും ആടിയുലഞ്ഞപ്പോൾ സൗദിയും ഇറാനും ആപൽസൂചന മണത്തു. തങ്ങളുടെ ജനങ്ങളുടെ ജനാധിപത്യ ശക്തിയും അണപൊട്ടിയൊഴുകുമെന്ന് അവരും ഭയപ്പെട്ടു. തെഹ്റാനിൽ രണ്ടുവർഷത്തിനുള്ളിൽ രണ്ടാമത്തെ പൗരരോക്ഷമാകുമായിരുന്നു അത്.

പതിനായിരങ്ങൾ കെയ്‌റോയുടെ തെരുവിലിറങ്ങുകയും തഹ്‌രീർ ചത്വരത്തിൽ ഒത്തുകൂടുകയും ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഈജിപ്തിലേക്ക് തിരിയുകയും ചെയ്‌തപ്പോൾ സസ്സെക്‌സ് സർവകലാശാലയിൽ ഗവേഷകയായിരുന്നു നാൻസി ഒകായ്‌ൽ. “എന്റെ സഹോദരി എന്നെ സന്ദർശിക്കാൻ വന്നിരുന്നു അന്ന്. ഞാൻ അവളോട് പറഞ്ഞു നാളെ ഈജിപ്തിൽ ഒരു വിപ്ലവം നടക്കുമെന്ന്. അവളതിൽ സംശയാലുവായിരുന്നു. എന്നാൽ ഞാൻ പറഞ്ഞത് തന്നെ സംഭവിച്ചു,” നാൻസി പറയുന്നു.

ആഴ്ചകൾക്കുള്ളിൽ ബാരാക് ഒബാമ ഹുസ്‌നി മുബാറക്കിനുള്ള പിന്തുണ പിൻവലിക്കുകയും അദ്ദേഹത്തെ പുറത്താക്കാൻ ആഹ്വനം ചെയ്‌തവരുടെ കൂടെ ഉറച്ച് നിൽക്കുകയും ചെയ്‌തു. മുബാറക് സ്ഥാനഭ്രഷ്ടനായി, ഈജിപ്ഷ്യൻ തെരുവുകൾ ആവേശഭരിതമായി. മറ്റിടങ്ങളിലും സമാനമായ അന്തരീക്ഷം രൂപപ്പെട്ടു. ലിബിയയിലെയും സിറിയയിലെയും ഭരണവിരുദ്ധ പ്രക്ഷോഭകർക്കുള്ള അമേരിക്കൻ പിന്തുണയും അവരുടെ വിപ്ലവങ്ങളും വിജയിക്കുമെന്ന പ്രതീതി ബലപ്പെടുത്തി. ആഴ്‌ചകൾക്കുളിൽ ലിബിയയിലെ വിപ്ലവം യുദ്ധസമാനമായി. ഫ്രാൻസും, യുകെയും, ഡെന്മാർക്കും നയിച്ച വാഷിങ്ങ്ടണിന്റെ പിന്തുണയോടെയുള്ള ഗദ്ദാഫി വിരുദ്ധ സൈനിക നീക്കങ്ങൾക്ക് അറബ് രാജ്യങ്ങൾ തന്നെ നയന്തന്ത്ര പിന്തുണയും നൽകി.

ആ വർഷം മുന്നോട്ടുപോയപ്പോൾ സിറിയയും യുദ്ധത്തിലേക്ക് പോയി. അസ്സദിന്റെ സൈന്യം പ്രതിഷേധക്കാർക്കുനേരെ അക്രമം അഴിച്ചുവിടാൻ ആരംഭിച്ചതോടെ അദ്ദേഹത്തിനെതിരെയുള്ള പ്രക്ഷോഭകർ ഏകോപിച്ച് ശക്തിപ്പെടാൻ തടുങ്ങി. “സിറിയയിലെ വിദേശ അധിനിവേശത്തിന് നൽകേണ്ടിവരുന്ന വില ഈ ലോകത്തിന് ആകെത്തന്നെ താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരിക്കും,” എന്നായിരുന്നു 2012ൽ ബശ്ശാർ അൽ അസ്സദ് റഷ്യൻ ടിവി നെറ്വർക്കിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയത്. തന്റെ ഗവണ്മെന്റിനെ താഴെയിറക്കിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ “അറ്റ്ലാന്റിക് മുതൽ പസഫിക് വരെ അനുഭവപ്പെടുമെന്ന്” അസ്സദ് കൂട്ടിച്ചേർത്തു.

റഷ്യയും തുർക്കിയും ഇറാനും ഒക്കെ വലിയ അളവിൽ ഇടപെട്ട സംഘർഷത്തിൽ യുദ്ധത്തിന് മുൻപുണ്ടായിരുന്ന പകുതിയോളം സിറിയൻ ജനത നശിപ്പിക്കപ്പെട്ടു, അല്ലെങ്കിൽ ആഭ്യന്തര അഭയാർത്ഥികളാക്കപ്പെട്ടു. അസ്സദ് ഇന്ന് നാമമാത്രമായ ഭരണാധികാരിയായി തുടരുന്നു.

ഈജിപ്തിന്റെ രാഷ്ട്രീയ പ്രക്ഷോഭവും ഹുസ്‌നി മുബാറക്കിന്റെ പതനത്തിലെത്തി, ശേഷം കുറഞ്ഞകാലം ഇസ്‌ലാമിസ്റ് പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ കീഴിൽ ദുരന്ത ഭരണവും. പിന്നീട് സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ അബ്ദെൽ ഫതഹ് അൽ-സീസി സുരക്ഷാ സേനക്ക് അധികാരം നൽകി പൗര ജീവിതത്തെ ഞെരിച്ചമർത്തി.

സിറിയയിലും ഈജിപ്തിലും നിലവിലെ ഭരണാധികാരികൾക്കെതിരെ ആദ്യകാലത്ത് ഉയർന്നുവന്ന എതിരഭിപ്രായങ്ങളെയൊക്കെ നിരന്തരമായി അടിച്ചൊതുക്കി. 2011ന്റെ തുടക്കത്തിൽ തടവറകളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ രാഷ്ട്രീയ പതിയോഗികളാണ് ഇന്ന് ഇരു രാജ്യത്തെയും ജയിലറകളിൽ ഉള്ളത്. അസഹനീയം എന്നാണ് ഇരു രാജ്യത്തെയും രാഷ്ട്രീയ അവസ്ഥകളെക്കുറിച്ച് മനുഷ്യാവകാശ ഗ്രൂപ്പുകൾ വിശേഷിപ്പിക്കുന്നത്. ദിനംപ്രതി കസ്റ്റഡിയിലെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വ്യാജമായ കാരണങ്ങളുടെ പേരിൽ ജനങ്ങളെ സൈന്യം തടവിലാക്കുന്നു. അല്ലെങ്കിൽ നിസാരമായി അപ്രത്യക്ഷമാകുന്നു.

“2011 മുതൽ നമ്മൾ ഈ ലക്ഷണം കണ്ടിരുന്നു,” ഒകായ്‌ൽ പറയുന്നു. “സൈന്യമാണ് എപ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്നത്‌ എന്നതിനാൽ തന്നെ സൂചനകൾ ഞാൻ മനസിലാക്കിയിരുന്നു. പ്രക്ഷോഭകർക്ക് പിന്തുണയുമായി സൈനിക ടാങ്കുകൾ തഹ്‌രീർ ചത്വരത്തിൽ എത്തിയപ്പോൾ ‘അവരും നമ്മുടെ കൂടെയാണ്’ എന്നാണ് പലരും പറഞ്ഞത്. എന്നാൽ എനിക്കറിയാമായിരുന്നു അവർ എങ്ങനെയാണ് കാര്യങ്ങളിൽ ഇടപെടുകയെന്ന്.”

“കാര്യങ്ങൾ പതുക്കെ രൂപപ്പെട്ടുവന്നപ്പോൾ, പടിഞ്ഞാറൻ രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്ക, പറഞ്ഞത് ജനാധിപത്യത്തിന്റെ പാതയിൽ ഉറച്ചുനിൽകണമെന്നും ഇരു കൂട്ടരും സംയമനം പാലിക്കണമെന്നുമാണ് – ഇരു കൂട്ടരുടെയും അധികാരം സമമായിരുന്നതുപോലെ. ‘പരിഭ്രമിക്കേണ്ട, തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റ് വരുന്നതോടെ കാര്യങ്ങളൊക്കെ പരിഹരിക്കപ്പെടും’ എന്നതായിരുന്നു സന്ദേശം.

ഏതാണ്ട് ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന സംഘർഷങ്ങളാൽ തകർന്ന് തരിപ്പണമായ സിറിയയിൽ വിപ്ലവത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രശോഭിതമായിരുന്ന രാഷ്ട്രീയ സാധ്യതകൾ ഇന്ന് ചിത്രത്തിലെവിടെയുമില്ല. 2003ലെ ഇറാഖിലെ അമേരിക്കൻ അധിനിവേശത്തെ തുടർന്ന നാശങ്ങളിൽ നിന്നും ഇനിയും കരകയറിയിട്ടില്ലായിരുന്ന പ്രദേശത്തെ യുദ്ധവും സംഘർഷങ്ങളും അങ്ങേയറ്റം താറുമാറാക്കി. സ്വയംനിർണയാവകാശം ഇനിയും കാതങ്ങൾ അകലെ.

“ഇറാഖ് യുദ്ധവും അറബ് വസന്തവും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ രൂപീകരണത്തിലേക്കും സിറിയൻ ആഭ്യന്തര കലാപത്തിലേക്കും നയിച്ചു, തദ്വാരാ യൂറോപ്പിൽ ഒരു അഭയാർത്ഥി പ്രതിസന്ധിയും. പടിഞ്ഞാറൻ രാജ്യങ്ങളിൽ പോപ്പുലിസത്തിന്റെ ഉദയത്തിലേക്കും യു കെ യൂറോപ്യൻ യൂണിയൻ വിടുന്നതിലേക്കും വരെ അത് സ്വാധീനിച്ചു,” ഇറാഖിലെ യുഎസ് കമാന്റർമാരുടെ ഉപദേശകയായിരുന്ന എമ്മ സ്‌കൈ അഭിപ്രായപ്പെടുന്നു. “അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാൻ അതിർത്തികളുടെ നിയന്ത്രണം തിരികെനേടുക എന്ന ആവശ്യം ബ്രെക്സിറ്റിന്റെ പ്രധാന ചാലകശക്തികളിൽ ഒന്നായിരുന്നു. പൊതുജനങ്ങൾക്ക് വ്യവസ്ഥകളോടും സംവിധാനങ്ങളോടും വിദഗ്‌ധാഭിപ്രായങ്ങളോടുമുള്ള വിശ്വാസം നഷ്ട്ടപ്പെടുന്നതിനും ഇറാഖ് യുദ്ധം കാരണമായി. അമേരിക്കയുടെ ശീതയുദ്ധാനന്തര ജയഘോഷം പശ്ചിമേഷ്യയിൽ തകർന്ന് വീണു. ഇറാഖ് യുദ്ധം അതിന് ഉത്പ്രേരകമായിരുന്നെകിൽ സിറിയയിൽ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ കഴിയാതിരുന്നത് അത് സ്പഷ്ടമാക്കി.

ഭരണകൂടങ്ങൾ ഇതിൽ നിന്നൊക്കെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഹെല്ല്യേർ അഭിപ്രായപ്പെടുന്നത്, “കുഴപ്പക്കാരായവരൊഴികെ.” രണ്ട് ഉപായം മാത്രമാണ് രാജ്യങ്ങൾ തങ്ങൾക്കുമുന്നിൽ കണ്ടത്. സാവധാനമോ അല്ലാതെയോ എല്ലാവരെയും ഉൾക്കൊള്ളുന്നവരായി രാജ്യം തങ്ങളുടെ വാതിലുകൾ തുറക്കുക. 21ആം നൂറ്റാണ്ടിൽ സുസ്ഥിരമായ, സുരക്ഷിതമായ, പൗരന്മാരുടെ അവകാശങ്ങൾക്ക്‌ വിലകൽപ്പിക്കുന്ന, ഭരണകൂടം കെട്ടിപ്പടുക്കാൻ പണിയെടുക്കുക. ഇതാണ് ആദ്യത്തേത്.

“രണ്ടാമത്തേത്, അധികാരത്തിൻെറ വാതിലുകൾ തുറക്കുക എന്നാൽ അധിനിവേശാനന്തര വരേണ്യ വർഗത്തെ ജനത ചവിട്ടിപ്പുറത്താക്കുക എന്നതാണെന്ന് തീരുമാനിക്കുക. അത് സംഭവിക്കാതിരിക്കാൻ നിയന്ത്രണങ്ങളും അധികാരങ്ങളും പരമാവധി കനപ്പിച്ച് എതിരഭിപ്രായത്തിന്റെ ചെറിയ ലാഞ്ചനകൾ പോലും അടിച്ചൊതുക്കുക.”

താൻ ഡയറക്റ്ററായിരുന്ന ഫ്രീഡം ഹൗസ് എന്ന മനുഷ്യാവകാശ സംഘടന വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആരോപണം കാരണമായി ഏതാണ്ട് എട്ടു വർഷത്തോളം അന്യനാട്ടിൽ കഴിയേണ്ടിവന്നയാണ് ഒകായ്‌ൽ. നേരിട്ട എല്ലാ പ്രതിബന്ധങ്ങൾക്കുമപ്പുറം അവരുടെ പോരാട്ടം “മൂല്യവത്തായിരുന്നു.”

“ചെറിയ വിജയങ്ങൾ നമ്മൾ നേടിയിട്ടുണ്ട്, പോരാട്ടം തുടരുകയുമാണ്,” അവർ പറയുന്നു. “എന്നാൽ നിലവിലെ സ്ഥിതി എത്രനാൾ തുടരുന്നോ, ഈ രാജ്യങ്ങൾ രക്ഷപ്പെടാൻ അത്രയും പ്രയാസമാകും. മനുഷ്യാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കാനുള്ള മാറ്റങ്ങൾക്ക് നമ്മൾ സർക്കാരുകളെ കാത്തിരുന്നിട്ട് കാര്യമില്ല. നമുക്ക് കരുത്തും വ്യത്യസ്ത സമീപനവുമാണ് വേണ്ടത്. അവിടെയാണ് യഥാർത്ഥ മാറ്റം സംഭവിക്കുന്നത്.”

(ഗാർഡിയൻ പത്രത്തിന്റെ പശ്ചിമേഷ്യൻ കറസ്‌പോണ്ടന്റായ മാർട്ടിൻ ചുലോവ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. )

Latest News