‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പൈറേറ്റഡ് കോപ്പി ടെലഗ്രാമില്‍ കണ്ടവര്‍ പണമയക്കുന്നു’; സിനിമ മനുഷ്യരെ സ്വാധീനിക്കുമല്ലേയെന്ന് സംവിധായകന്‍

മലയാള സിനിമയുടെ ചരിത്രത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഉണ്ടാക്കിയ സാമൂഹിക ചലനം കാലാതീതമായ ചർച്ചകൾക്ക് വഴിവെയ്ക്കാനാണ് സാധ്യത. സിനിമയെക്കുറിച്ച് റിവ്യൂകൾ എഴുതാത്തവർ പോലും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് സിനിമയെക്കുറിച്ച്‌ എഴുതി തുടങ്ങി. അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നീംസ്ട്രീമിലൂടെ 140 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്താല്‍ അഞ്ച് ദിവസം ചിത്രം കാണാന്‍ സാധിക്കും.

എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ വർധിച്ചതോടെ ചില സാങ്കേതികമായ തടസ്സങ്ങൾ നേരിടുകയും സിനിമ കാണുന്നതിനായി പ്രേക്ഷകർ ടെലിഗ്രാമിനെ ആശ്രയിക്കുവാനും തുടങ്ങി. സിനിമ ടെലെഗ്രാമിൽ കണ്ട പ്രേക്ഷകർ നിർമ്മാതാവിന് 140 അയച്ചു തുടങ്ങിയതായി സംവിധായകൻ ജിയോ ബേബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം:

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു കൊണ്ടിരിക്കുന്നു.അവർ അക്കൗണ്ടിൽ പണം ഇടുകയും ചെയ്യുന്നു. സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ

The Great Indian Kitchen Movie ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു…

Posted by Jeo Baby on Thursday, 21 January 2021

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.

Latest News