ബീഹാര്‍ വിധിയെഴുതുമ്പോള്‍… തേജസ്വി യാദവിന്റെ ജീവിതത്തിലെ അപൂര്‍വ്വമായ പടവുകള്‍
8 Nov 2020 10:38 PM GMT
അനുപമ ശ്രീദേവി

ഇരമ്പുന്ന ജനക്കൂട്ടങ്ങളെ സൃഷ്ടിച്ച് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ യുവത്വം തിരിച്ചുപിടിച്ച തേജസ്വി യാദവിന് ഇന്ന് 31 വയസ്സ് തികയുന്നു. ക്രിക്കറ്റില്‍ നിന്ന് രാഷ്ടീയത്തിലേക്ക്, ലാലു പ്രസാദ് യാദവിന്റെ മകന് എന്നതില്‍ നിന്ന് തേജസ്വി യാദവ് എന്ന രാഷ്ടീയക്കാരനിലേക്ക്, ഇന്ന് ആര്‍ജെഡിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയിലേക്ക്, ചിലപ്പോള്‍ നാളെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവില്‍ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയിലേക്ക്- ഈ 31 കാരന്ന്റെ യാത്ര ഇന്നെത്തിനില്‍ക്കുന്നത് അപൂര്‍വ്വമായ പടവുകള്‍ കടന്നാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ്- 2020 മഹാസഖ്യം തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ അതില്‍ ഒരു പങ്ക് തേജസ്വിയെ തങ്ങളുടെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്ന ബിഹാറിലെ യുവത്വത്തിന്റേതാണ്. അതുകൊണ്ടു തന്നെ 35 വയസില്‍ താഴെ പ്രായമുള്ള ബിഹാര്‍ വോട്ടര്‍മാര്‍ ആര്‍ജെഡി നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ നവംബര്‍ 27ലേക്ക് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ നീട്ടിവച്ച സാഹചര്യത്തില്‍ തേജസ്വിയുടെ ജന്മദിനത്തിനും അടുത്ത ദിവസത്തെ വിധി പ്രഖ്യാപനത്തിനും സാക്ഷ്യം വഹിക്കാന്‍ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന തേജസ്വിയുടെ പിതാവുണ്ടാകില്ല.
- 15 വര്‍ഷം ബിഹാര്‍ ഭരിച്ച മാതാപിതാക്കളുടെ മകന്

1989 നവംബര്‍ 10 ന് ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടേയും മകനായാണ് തേജസ്വി യാദവിന്റെ ജനനം. ലാലു പ്രസാദ് യാദവിന്റെ ഒന്‍പത് മക്കളില്‍ ഏറ്റവും ഇളയ മകനായാണ് തേജസ്വിയാദവിന്റെ ജനനം. ലാലുപ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയാവുന്നതിന് നാല് മാസം മുന്‍പായിരുന്നു തേജസ്വി യാദവ് ജനിക്കുന്നത്. അമ്മ റാബ്രി ദേവി 1997 മുതല്‍ 2005 വരെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു. ബിഹാര്‍ രാഷ്ട്രീയത്തിലെ 15 സുപ്രധാന വര്‍ഷങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നു ഇരുവരും. ഈ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നയിക്കുന്ന മഹാഗഡ്ബന്ധന് വിജയം നേടുകയാണെങ്കില്‍ ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് വീണ്ടും പടി കയറുന്ന യാദവ് കുടുംബത്തില്‍ നിന്നുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയായിരിക്കും തേജസ്വി യാദവ്. എന്നാല്‍ ഈ യാത്രയില്‍ പിതാവ് ലാലു പ്രസാദ് യാദവ് ഒരുക്കിയ പാതയിലൂടെ കടന്നു വന്ന ചരിത്രമല്ല തേജസ്വിയുടേത്.
- ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ തേജസ്വി യാദവിന് അന്ന് അഭിനിവേശം ക്രിക്കറ്റിലായിരുന്നു. ബിഹാറിന്റെ സംസ്ഥാന ക്രിക്കറ്റ് ടീമിലെ മികച്ച പ്രകടനങ്ങളിലൂടെ ക്രിക്കറ്റര്‍ ജീവിതം ആരംഭിച്ച തേജസ്വി നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അതേ കാലത്ത് ഡല്‍ഹിയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു. ജാര്‍ഖണ്ഡിന് വേണ്ടി രഞ്ജി ട്രോഫി മത്സരത്തിലും കളിച്ചിട്ടുണ്ട്. തുടര്‍ന്ന് 2008 ഐപിഎല്ലില്‍ ഡല്‍ഹി ഡേര്‍ഡെവിള്‍സ് ടീം തേജസ്വിയെ സ്വന്തമാക്കി. പിന്നീട് 2008 മുതല്‍ 2012 വരെ ഡല്‍ഹി ഡേര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായിരുന്നു . എന്നാല്‍ ഇക്കാലയളവില്‍ ഒരു മത്സരത്തില്‍ പോലും തേജസ്വിക്ക് കളിക്കാനായിരുന്നില്ല. പിന്നീട് 2012 ല്‍ തന്റെ 23ാമത്തെ വയസില്‍ തേജസ്വി യാദവ് ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു. ആ വര്‍ഷം മുതലാണ് പിതാവ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയിലൂടെ മുഴുവന്‍ സമയ രാഷ്ടീയത്തിലേക്ക് തേജസ്വി കടക്കുന്നത്.
- രാഷ്ട്രീയത്തിലേക്ക്

എന്നാല്‍ 2013 സെപ്റ്റംബറില്‍ ലാലു പ്രസാദ് യാദവ് അറസ്റ്റിലായപ്പോഴും തേജസ്വിയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അംഗീകരിക്കാന്‍ ആര്‍ജെഡി തയ്യാറായിരുന്നില്ല. പിന്നീട് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 25 വയസ് തികഞ്ഞില്ലായെന്ന കാരണത്താല്‍ തേജസ്വിയ്ക്ക് മത്സരിക്കാനായില്ല. ആ തെരഞ്ഞെടുപ്പില്‍ 40ല്‍ നാല് സീറ്റു മാത്രം നേടിയ ആര്‍ജെഡി ബിഹാറില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച അമ്മ റാബ്രി ദേവിയും സഹോദരി മിസ ഭാരതിയും തോറ്റു. അടുത്ത വര്‍ഷം 2015 ല്‍ തന്റെ 26ാമത്തെ വയസ്സില്‍ തേജസ്വി യാദവ് ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടു. രാഗോപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച തേജസ്വി, നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ആര്‍ജെഡി-ജെഡിയു മന്ത്രിസഭയുടെ ഉപമുഖ്യമന്ത്രിയായി. ജെഡിയുവിനേക്കാള്‍ 11 സീറ്റ് അധികം സ്വന്തമാക്കിയ ആര്‍ജെഡി തെരഞ്ഞെടുപ്പിലൂടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചു. മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ഈ സഖ്യമുപേക്ഷിച്ച് 2017 ജൂലൈയില്‍ ബിജെപി സഖ്യത്തിലേക്ക് നിതീഷ് കുമാര്‍ ചുവടുമാറിയതോടെ ബീഹാര്‍ രാഷ്ട്രീയത്തിന്റെ ഗതി മാറി. മഹാഗഡ്ബന്ധന് തകര്‍ന്നു. എന്നാല്‍ പിന്നാലെ നടന്ന 2018 ലെ അറാറിയ, ജെഹാന്ബാദ് ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച് ആര്‍ജെഡി തങ്ങളുടെ ബലം തെളിയിച്ചു. 2017 മുതല്‍ നിതീഷ് കുമാര്‍ നയിക്കുന്ന ബിജെപി- ജെഡിയു സഖ്യസര്‍ക്കാരിന്റെ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്ന തേജസ്വി യാദവ് 2020 ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ മുഖ്യമന്തി സ്ഥാനാര്‍ഥിയായി ജനവിധി തേടി. .
- ബിഹാര്‍ തെരഞ്ഞെടുപ്പ് 2020

പ്രസംഗിച്ച് മടുപ്പിക്കാതെ നേരിട്ട് കാര്യങ്ങളിലേക്ക് കടക്കാം. നിങ്ങളിലെത്രപേര്‍ തൊഴില്‍ രഹിതരാണ്?…
തേജസ്വി യാദവ് -തെരഞ്ഞെടുപ്പില്‍ റാലിയില്‍ നിന്ന്
മൂന്നുഘട്ടങ്ങളായി നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് നവംബര്‍ 10 ന് വിധി പറയുമ്പോള്‍ 31 കാരനായ തേജസ്വി യാദവ് തെരഞ്ഞെടുപ്പ് റാലികളിലുണ്ടാക്കിയ ആരവങ്ങള്‍ പോളിംഗ് ബൂത്തിലെത്തിയിരുന്നോ എന്നറിയാം. ഇതുവരെ 200 ഓളം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത തേജസ്വിയ്ക്ക് ഒരു ദിവസം 19 റാലികളില്‍ പങ്കെടുത്ത റെക്കോര്‍ഡും സ്വന്തമാണ്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവുമധികം റാലികളില്‍ പങ്കെടുത്ത റെക്കോര്‍ഡ് ലാലു പ്രസാദ് യാദവിന്റേതായിരുന്നു. 16 റാലികള്‍ എന്ന പിതാവിന്റെ ഈ റെക്കോര്‍ഡാണ് തേജസ്വി പിന്നിലാക്കിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര ഗവണ്മെന്റിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലപ്പുറം 'ബിഹാറിന്റെ വികസനം വ്യാജവാഗ്ദാനമല്ലെ'ന്ന് വിളിച്ചുപറയുന്ന തേജസ്വിയിക്കായി ജനക്കൂട്ടങ്ങള്‍ ഇരമ്പുന്നത് എന്‍ഡിഎ നേതാക്കളെ ചെറുതല്ലാതെ അസ്വസ്ഥരാക്കുന്നുമുണ്ട്. തേജസ്വിയാദവിനെ നേരിട്ട് ആക്രമിക്കാന്‍ 'ജംഗിള്‍ രാജിന്റെ രാജകുമാരന്' എന്ന വിശേഷണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതും അതിനാലാണ്. എന്നാല്‍ തോല്‍വിയിലും ഭയപ്പെടാനൊന്നുമില്ലെന്നാണ് തേജസ്വയുടെ നിലപാട്: 'തനിക്കൊന്നും നഷ്ടപ്പെടാനില്ല, നന്മയ്ക്ക് വേണ്ടി പോരാടുന്നതാണ് സന്തോഷം, പ്രായം എന്റെ ഭാഗത്താണ്'- അതിനാല്‍ തന്നെ വിധി ദിനം തേജസ്വി ഭയപ്പെടുത്തുന്നില്ല, പ്രായം 31 മാത്രമാണ്.