Top

ഇന്നോവേഷൻ ചലഞ്ചിൽ ഒരു കോടിയുടെ സമ്മാനം നേടി ചേർത്തല ഇൻഫോ പാർക്കിലെ ടെക്ജെൻഷ്യ

കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിങ് ഇന്നവേഷൻ ചലഞ്ചിലെ വിജയിക്കുള്ള പുരസ്കാരം ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. കേന്ദ്ര ഐടി സെക്രട്ടറി ഡോ. അജയ് പ്രകാശ് സാഹ്നിയാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ പുരസ്കാരം പ്രഖ്യാപിച്ചുവെങ്കിലും കൊവിഡ് മൂലമാണ് സമ്മാനദാനം വൈകിയത്. ചലഞ്ചിൽ പങ്കെടുത്ത ആയിരത്തി എണ്ണൂറോളം കമ്പനികളെ പിന്തള്ളിയാണ് ചേർത്തല ഇൻഫോ പാർക്കിലെ ടെക്ജെൻഷ്യ ഒരു കോടിയുടെ സമ്മാനം നേടിയത്. കേരളത്തിലെ ഒരു സ്റ്റാർട്ട് അപ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. […]

30 July 2021 4:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നോവേഷൻ ചലഞ്ചിൽ ഒരു കോടിയുടെ സമ്മാനം നേടി ചേർത്തല ഇൻഫോ പാർക്കിലെ ടെക്ജെൻഷ്യ
X

കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിങ് ഇന്നവേഷൻ ചലഞ്ചിലെ വിജയിക്കുള്ള പുരസ്കാരം ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. കേന്ദ്ര ഐടി സെക്രട്ടറി ഡോ. അജയ് പ്രകാശ് സാഹ്നിയാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ പുരസ്കാരം പ്രഖ്യാപിച്ചുവെങ്കിലും കൊവിഡ് മൂലമാണ് സമ്മാനദാനം വൈകിയത്. ചലഞ്ചിൽ പങ്കെടുത്ത ആയിരത്തി എണ്ണൂറോളം കമ്പനികളെ പിന്തള്ളിയാണ് ചേർത്തല ഇൻഫോ പാർക്കിലെ ടെക്ജെൻഷ്യ ഒരു കോടിയുടെ സമ്മാനം നേടിയത്.

കേരളത്തിലെ ഒരു സ്റ്റാർട്ട് അപ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ടെക്ജെൻഷ്യ വികസിപ്പിച്ച വി കൺസോൾ ആണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോം. ഭാരത് വിസി എന്ന പേരിൽ നാഷണൽ ഇൻഫോമാറ്റിക്സ സെന്ററാണ് (എൻഐസി) ഈ സംവിധാനമൊരുക്കുന്നത്. പ്രധാനമന്ത്രിയടക്കമുള്ള മന്ത്രമാരും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഔദ്യോഗിക വീഡിയോ കോൺഫറൻസുകളെല്ലാം ഭാരത് വിസിയിലാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഒളിമ്പിക്സ് താരങ്ങളും കുടുംബങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദത്തിനും വേദിയായത് വി കൺസോൾ ആയിരുന്നു.

കേന്ദ്രസർക്കാരിന്റെ എല്ലാ ഓഫീസുകളുടെയും വീഡിയോ കോൺഫറൻസ് ഭാരത് വിസിയിലേയ്ക്ക് ആക്കുകയാണ് ലക്ഷ്യം. ഇതിന് നിലവിൽ ഉപയോഗിക്കുന്നതിന്റെ പത്തുമടങ്ങായി സെർവർ ശേഷി ഉയർത്താനൊരുങ്ങുകയാണ് എൻഐസി. ഇതോടെ കേന്ദ്രസർക്കാരിന്റെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടെയും വീഡിയോ കോൺഫറൻസ് ഭാരത് വിസിയിലേയ്ക്ക് മാറും.

കോടതികളും വി കൺസോളിലേയ്ക്ക് മാറുകയാണ്. കേരള ഹൈക്കോടതിയുടെ ഓൺ ലൈൻ സിറ്റിംഗുകൾ ഇപ്പോൾ വി കൺസോളിലാണ് നടക്കുന്നത്. കർണാടക ഹൈക്കോടതിയ്ക്കു വേണ്ടി ഹൈബ്രിഡ് കോർട്ട് രൂപകൽപന ചെയ്യുന്നതും ടെക്ജെൻഷ്യ ആണ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ, ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ, ഇന്ത്യൻ പ്ലാസ്മാ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും വി കൺസോളിലാണ് തങ്ങളുടെ വിഡീയോ കോൺഫറൻസുകൾ സംഘടിപ്പിക്കുന്നത്.

നാട്ടിലെ ഒരു ചെറിയ ഐടി കമ്പനി രൂപകൽപന ചെയ്ത ഉൽപ്പനം ബഹുരാഷ്ട്ര കമ്പനികളെ പുറംതള്ളി വൻതോതിൽ അംഗീകാരം നേടുന്നതിന്റെ അഭിമാനത്തിലാണ് കേരളത്തിലെ ഐടി മേഖല. തങ്ങളുടെ ഉൽപന്നത്തിന്റെ ഗുണമേന്മ ഇത്തരത്തിൽ അംഗീകരിക്കപ്പെടുന്നത് കേരളത്തിലെ ഐടി മേഖലയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

Next Story