Top

ബൈ ബൈ പറയുമോ വി പി എന്‍?; 'സര്‍ക്കാര്‍ നിലപാട് നിര്‍ണായകം'

ബാന്‍ ചെയ്യപ്പെട്ട പോണ്‍സൈറ്റുകള്‍ ലഭ്യമാക്കാന്‍ വിപിഎന്‍ ഉപയോഗിക്കുന്നവരും ഇന്ത്യയില്‍ കുറവല്ല.

8 Sep 2021 4:16 PM GMT
സി.വി അഭിജിത്ത്

ബൈ ബൈ പറയുമോ വി പി എന്‍?; സര്‍ക്കാര്‍ നിലപാട് നിര്‍ണായകം
X

വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് അഥവാ വിപിഎന്‍ എന്നത് ഇന്റര്‍നെറ്റിനെ അടുത്തറിയുന്നവര്‍ക്ക് വളരെ പരിചിതമായ പദമാണ്. ഉപയോക്താവിന്റെ സ്വകാര്യതയും അജ്ഞാതനായിരിക്കാനുള്ള താല്‍പര്യതയും സംരക്ഷിക്കാനാണ് വിപിഎന്‍ ഒരു പരിധിവരെ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഈയടുത്ത കാലത്താണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി വിപിഎന്‍ ബ്ലോക്ക് ചെയ്യാനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഇതിനിടെയാണ് വിപിഎനിന്റെ ഉപയോഗങ്ങളും സാധ്യതകളും വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നത്.

നിരോധിക്കപ്പെട്ട വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം, ഐഡന്റിറ്റി മറച്ചു വയ്ക്കാനുള്ള അവസരം തുടങ്ങിയ സൗകര്യങ്ങളുടെ ഒരു വിശാലമായ വാതിലാണ് വിപിഎന്‍ സര്‍വ്വീസുകളായ നോര്‍ഡ് വി പി എന്‍, എക്സ്പ്രസ് വിപിഎന്‍, ഐപി വാനിഷ് തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഇവ കൂടാതെ, ചില രാജ്യങ്ങളില്‍ മാത്രം ലഭ്യമാകുന്ന നെറ്റ്ഫ്ലിക്സ് കണ്ടന്റുകള്‍ കാണാന്‍ വിപിഎന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നവരും സുലഭമാണ്. ഡാര്‍ക് നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന വെബ്സൈറ്റുകള്‍ തപ്പിയിറങ്ങുന്നവര്‍ തെരഞ്ഞെടുക്കുന്ന ഒന്നുകൂടിയാണ് വിപിഎന്‍ എന്നതും ശ്രദ്ധേയമാണ്. ബാന്‍ ചെയ്യപ്പെട്ട പോണ്‍സൈറ്റുകള്‍ ലഭ്യമാക്കാന്‍ വിപിഎന്‍ ഉപയോഗിക്കുന്നവരും ഇന്ത്യയില്‍ കുറവല്ല.


ഒരു വൈഫൈ ഹോട്ട് സ്പോട്ടിനേക്കാള്‍ അധികം സ്വകാര്യത നല്‍കുന്നു എന്നതാണ് വിപിഎനിന്റെ പ്രധാന സവിശേഷത. ബിസിനസ് സ്ഥാപനങ്ങളിലടക്കം ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമാക്കുന്നതിലും വിപിഎന്‍ പ്രയോജനപ്പെടുന്നുണ്ട്. 'തേര്‍ഡ് പാര്‍ട്ടി'യുടെ കടന്നുകയറ്റവും ഇതുവഴി ഒഴിവാക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ വിചാരിച്ചാല്‍ വിപിഎന്‍ നിരോധനം സാധ്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാധാരണയായി ഉപയോഗിക്കുന്ന വിപിഎന്‍ പ്രോട്ടോക്കോളുകളും പോര്‍ട്ടുകളും റദ്ദു ചെയ്യാന്‍ ഇന്റര്‍നെറ്റ് ദാതാക്കളോട് ആവശ്യപ്പെടുക എന്നതാണ് ഇതിനുള്ള എളുപ്പ വഴിയായി കണക്കാക്കപ്പെടുന്നത്. ഇതിനായി ഉപയോഗിക്കുന്നത് 'ഡീപ് പാക്കറ്റ് ഇന്‍സ്പെക്ഷന്‍' എന്ന സാങ്കേതിക വിദ്യയാണ്.

എന്തുകൊണ്ടാണ് വിപിഎന്‍ നിരോധനം എന്ന ആശയം ഇപ്പോള്‍ രൂപപ്പെടാന്‍ കാരണം എന്നതിന് ഉത്തരങ്ങള്‍ പലതാണ്. ഇന്റര്‍നെറ്റ് ഉപയോഗം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വിപിഎന്‍ വഴിയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രധാന വെല്ലുവിളിയാണ്. ഐഡന്റിറ്റി വെളിപ്പെടുത്താതെയുള്ള ഇന്റര്‍നെറ്റ് ഉപയോഗം നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് വിലയിരുത്തപെടുന്നത്. വിപിഎന്‍ ഉപയോഗിക്കുന്നതോടെ ഉപയോക്താവിന്റെ വെബ്‌സൈറ്റ് സന്ദര്‍ശനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും മറയ്ക്കപ്പെടുകയും ഇത് പലപ്പോഴും കുറ്റവാളികളിലേക്ക് എത്താനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്.


അറ്റ്ലസ് വിപിഎനിന്റെ കണക്ക് പ്രകാരം ഇന്ത്യയാണ് വിപിഎന്‍ ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍. അതിനാല്‍ വിപിഎന്‍ നിരോധിച്ചാല്‍ ബദല്‍ സംവിധാനങ്ങള്‍ ഉയര്‍ന്നുവരുമെന്നത് തീര്‍ച്ചയാണ്. കുറ്റകൃത്യങ്ങള്‍ക്ക് സഹായകമാവുന്ന തരത്തിലുള്ള വിപിഎന്‍ ഉപയോഗത്തെ നിയന്ത്രിക്കുന്ന ഏതൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക എന്നത് കണ്ടറിയേണ്ടതാണ്.

Next Story

Popular Stories