Top

അമരത്വം സാധ്യമോ?; റോക്കറ്റ് സയന്‍സിന് പിന്നാലെ മരണത്തെ മറികടക്കാന്‍ ആമസോണ്‍ സ്ഥാപകന്‍

മരണമില്ലാത്ത മനുഷ്യനായിരിക്കണോ, പരീക്ഷണങ്ങളുമായി വരൂ, സഹായത്തിന് ജെഫ് ബേസോസുണ്ട്

9 Sep 2021 5:23 PM GMT
സി.വി അഭിജിത്ത്

അമരത്വം സാധ്യമോ?; റോക്കറ്റ് സയന്‍സിന് പിന്നാലെ മരണത്തെ മറികടക്കാന്‍ ആമസോണ്‍ സ്ഥാപകന്‍
X

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമായ ആമസോണിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബേസോസിനെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. അടുത്തകാലത്ത് ബഹിരാകാശ യാത്രകളിലും റോക്കറ്റ് സയന്‍സിലും തത്പരനായിരുന്ന ബേസോസിന്റെ പുതിയ മോഹം 'ചിരഞ്ജീവി'യാകുകയാണ്.

വാര്‍ദ്ധക്യം ബാധിക്കാത്ത, മരണമില്ലാത്ത മനുഷ്യനായിരിക്കുക. അതിനായുള്ള പരീക്ഷണങ്ങളുമായി വരൂ, സാമ്പത്തിക സഹായവുമായി രംഗത്തുണ്ട് ജെഫ് ബേസോസ്.


മരണം എന്ന അവസ്ഥയെ മറികടക്കാന്‍ നിരന്തരം പരീക്ഷണ നിരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിലിക്കണ്‍ വാലിയിലെ ആന്റി ഏജിംഗ് സ്റ്റാർട്ട് അപ്പ് ആള്‍ട്ടോസ് ലാബിനെയാണ് ജെഫ് ബെസോസ് ഇപ്പോള്‍ ആ ഉദ്യമത്തില്‍ കയ്യയച്ച് സഹായിക്കുന്നത്. ലക്ഷ്യം ഒന്നു മാത്രം, മരണമില്ലാത്ത അവസ്ഥയിലെത്താനുള്ള സാങ്കേതിക വിദ്യ കണ്ടെത്തുക.

ഈ വര്‍ഷം ആദ്യത്തോടെ അമേരിക്കയിലും യുകെയിലും പരീക്ഷണങ്ങളാരംഭിച്ച ആള്‍ട്ടോസ് ജപ്പാനടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചുവരികയാണ്. പരീക്ഷണങ്ങള്‍ക്കായി ലോകത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റികളില്‍ നിന്നാണ് വലിയ പ്രതിഫലം നല്‍കി ആള്‍ട്ടോസ് ശാസ്ത്രജ്ഞരെയെത്തിക്കുന്നത്.


കഴിഞ്ഞ വര്‍ഷം, വാര്‍ദ്ധക്യത്തെ 'റിവേഴ്‌സ്' ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രണ്ടുദിവസത്തെ കോണ്‍ഫറന്‍സ് ചേര്‍ന്നിരുന്നു. ആള്‍ട്ടോസ് ലാബിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൃഗങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു സമ്മേളനത്തിലെ ചര്‍ച്ചകള്‍.

മരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും അതുവഴി മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയുമാണ് കമ്പനിയുടെ പരീക്ഷണങ്ങളുടെ ലക്ഷ്യം. വാര്‍ദ്ധക്യമില്ലാത്ത, മരണമില്ലാത്ത ലോകത്തെ സൃഷ്ടിക്കാന്‍ സാമ്പത്തികസഹായവും കമ്പനി ആവശ്യപ്പെടുന്നുണ്ട്.


അതേസമയം, ഈ സാങ്കേതികവിദ്യയ്ക്കായി പണം മുടക്കുന്ന ആദ്യ വ്യക്തിയല്ല ജെഫ് ബേസോസ്. ലോകത്തിലെ നിരവധി ശതകോടീശ്വരന്മാര്‍ മരണമില്ലാത്ത അവസ്ഥയുടെ കണ്ടുപിടുത്തത്തിനായി പണം മുടക്കുന്നുണ്ട്. റഷ്യന്‍ ശതകോടീശ്വരനും ടെക് നിക്ഷേപകനുമായ യൂറി മിൽനറും ഭാര്യ ജൂലിയയും ബെസോസിനൊപ്പം ആള്‍ട്ടോസ് ലാബില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, സ്പോട്ടിഫൈ, എയർബിഎൻബി തുടങ്ങിയ കമ്പനികളിലെ നിക്ഷേപങ്ങളിലൂടെ പ്രസിദ്ധരായ മിൽനറിന് ഏകദേശം 4.8 ബില്യൺ ഡോളർ ആസ്തിയുണ്ടെന്ന് ഫോർബ്സ് കണക്കാക്കുന്നു.

Next Story

Popular Stories