Top

എഐഎഡിഎംകെ കൈപ്പിടിയിലൊതുക്കാന്‍ ത്രികോണമല്‍സരം; എടപ്പാടിയും പനീര്‍ശെല്‍വവും ശശികലയും കൊമ്പുകോര്‍ത്ത്

തമിഴ്നാട്ടില്‍ അധികാരം നഷ്ടപ്പെട്ട എഐഎഡിഎംകെയില്‍ പാര്‍ട്ടി കൈപ്പിടിയിലൊതുക്കാന്‍ കടുത്ത ത്രികോണ മല്‍സരമാണ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഒ പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും ജയലളിതയുടെ ഉറ്റതോഴി വി കെ ശശികലയും എഐഎഡിഎംകെയുടെ അധികാര ശ്രേണികള്‍ കയ്യടക്കാനുള്ള പോരാട്ടത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ചനേരിട്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ അധികാരത്തിനുള്ള പോരാട്ടം തുടരുകയാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വെറും 66 സീറ്റില്‍ എഐഎഡിഎംകെക്ക് ഒതുങ്ങേണ്ടിവന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്ത് എടപ്പാടി വിഭാഗത്തിനാണ് ഇപ്പോഴുള്ളത്. പാര്‍ട്ടി നിയമസഭാകക്ഷി നേതാവും എടപ്പാടി തന്നെയാണ്. കൂടാതെ എടപ്പാടിയുടെ അടുത്ത […]

19 Jun 2021 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എഐഎഡിഎംകെ കൈപ്പിടിയിലൊതുക്കാന്‍ ത്രികോണമല്‍സരം; എടപ്പാടിയും പനീര്‍ശെല്‍വവും ശശികലയും കൊമ്പുകോര്‍ത്ത്
X

തമിഴ്നാട്ടില്‍ അധികാരം നഷ്ടപ്പെട്ട എഐഎഡിഎംകെയില്‍ പാര്‍ട്ടി കൈപ്പിടിയിലൊതുക്കാന്‍ കടുത്ത ത്രികോണ മല്‍സരമാണ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഒ പനീര്‍
ശെല്‍വവും എടപ്പാടി പളനിസ്വാമിയും ജയലളിതയുടെ ഉറ്റതോഴി വി കെ ശശികലയും എഐഎഡിഎംകെയുടെ അധികാര ശ്രേണികള്‍ കയ്യടക്കാനുള്ള പോരാട്ടത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ചനേരിട്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ അധികാരത്തിനുള്ള പോരാട്ടം തുടരുകയാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വെറും 66 സീറ്റില്‍ എഐഎഡിഎംകെക്ക് ഒതുങ്ങേണ്ടിവന്നു.

പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്ത് എടപ്പാടി വിഭാഗത്തിനാണ് ഇപ്പോഴുള്ളത്. പാര്‍ട്ടി നിയമസഭാകക്ഷി നേതാവും എടപ്പാടി തന്നെയാണ്. കൂടാതെ എടപ്പാടിയുടെ അടുത്ത അനുയായി എസ് പി വേലുമണിയാണ് നിയമസഭയിലെ പാര്‍ട്ടി ചീഫ് വിപ്പ്. എന്നാല്‍ നിയമസഭയില്‍ എടപ്പാടിയുടെ ഡപ്യൂട്ടി സ്ഥാനത്ത് പനീര്‍ശെല്‍വം ഒതുക്കപ്പെടുകയും ചെയ്തു. 67കാരനായ എടപ്പാടി പളനിസ്വാമി ജയലളിതയുടെ മരണശേഷം പാര്‍ട്ടിയില്‍ പിടിമുറുക്കുകയായിരുന്നു. ഒ പനീര്‍ശെല്‍വം ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായെങ്കിലും പിന്നീട് മാറ്റപ്പെടുകയും എടപ്പാടി 2017 മുതല്‍ നാലുവര്‍ഷം തമിഴ്നാട് ഭരിക്കുകയും ചെയ്തു. ഇതെല്ലാം എടപ്പാടിയ്ക്ക് എഐഎഡിഎംകെയില്‍ മേല്‍ക്കൈ നല്കുന്നതാണ്.

ഇതിനിടയിലേക്കാണ് ജയലളിതയുടെ ഉറ്റതോഴിയും ഒരുകാലത്ത് പാര്‍ട്ടിയുടെ അധികാര കേന്ദ്രവുമായ വി കെ ശശികലയുടെ കടന്നുവരവ്.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിഞ്ഞിരുന്ന വി കെ ശശികല മോചിതയായത് തമിഴ്രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന സ്വപ്നം മുന്‍ നിര്‍ത്തിതന്നെയാണ്. എന്നാല്‍ തമിഴകത്തേക്ക് പ്രവേശിപ്പിക്കപ്പെട്ട ശശികലയെ എ ഐ എ ഡി എം കെയിലെ ഇരുപക്ഷവും ഒരുപോലെ എതിര്‍ക്കുന്നതാണ് പിന്നീട് കണ്ടത്. ഈയടുത്ത് പാര്‍ട്ടി പ്രവര്‍ത്തകനോടുള്ള മറുപടിയായി തന്റെ രാഷ്ട്രീയ പ്രവേശനം ശരിവെക്കുന്ന ശശികലയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.

എടപ്പാടിയുടേയും പനീര്‍ശേല്‍വത്തിന്റേയും ഇടയില്‍ നിലനില്ക്കുന്ന വിള്ളല്‍ തന്റെ പ്രവേശനത്തിന് ഗുണം ചെയ്യുമെന്നാണ് ശശികലയുടെ കണക്ക് കൂട്ടലുകള്‍. എന്നാല്‍ ഇക്കാര്യം മുന്നില്‍ കണ്ട ഇരുപക്ഷവും ശശികലയുടെ അനുയായികളായി അറിയപ്പെടുന്ന പാര്‍ട്ടിയിലെ 16 പേരെയാണ് ഇക്കഴിഞ്ഞകാലത്ത് പുറത്താക്കിയത്. പാര്‍ട്ടി വക്താവ് വി പുകഴേന്തി, മുന്‍ മന്ത്രിമാരായ എ ആനന്ദന്‍, മുന്‍ എം പി ചിന്നസ്വാമി എന്നിവരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടിയില്‍ വളരുന്ന വിഷമയമായ കളകളെയാണ് പുറത്താക്കിയതെന്നാണ് ജൂണ്‍ 14ന് നടന്ന പാര്‍ട്ടി യോഗം ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്.

പാര്‍ട്ടിയെ പിടിച്ചടക്കാനുള്ള ശശികലയുടെ ശ്രമങ്ങളേയും യോഗം അപലപിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ തുടരുന്ന ത്രികോണമല്‍സരം അടുത്ത് നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ബാധിച്ചേക്കുമെന്നും രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ് രാഷ്ട്രീയ കളത്തില്‍ ജയലളിതയ്ക്ക് ശേഷം ആര് എന്നതിന് ഇനിയുള്ള കാലം എഐഎഡിഎംകെ ആരു നയിക്കുമെന്നതാണ് ചോദ്യം.

Next Story

Popular Stories