തപ്‌സിയും ഷാറൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്നു; ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ

ബോളിവുഡ് താരങ്ങളായ തപ്‌സി പന്നുവും ഷാറൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമയാണ്. കുടിയേറ്റത്തെ കുറിച്ചുള്ള ചിത്രത്തില്‍ ഷാറൂഖാന്‍ പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ത്ത വ്യക്തിയുടെ വേഷമാണ് ചെയ്യുന്നത്. ഇരുവരും ആദ്യമായാണ് ഒരുമിച്ച് സിനിമ ചെയ്യുന്നത്.

ഷാറൂഖാന്‍ നിലവില്‍ പത്താന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. രണ്ട് വര്‍ഷത്തിന് ശേഷം ഷാറൂഖ് ഖാന്‍ അഭിനയിക്കുന്ന പത്താന്‍ ഒരു സപൈത്രില്ലറാണ്. ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നാണ് സൂചന. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍.

2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന ആനന്ദ് എല്‍ റായ് ചിത്രത്തിലാണ് ഷാറൂഖ് ഖാന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ഷര്‍മ്മ എന്നിവരായിരുന്നു നായികമാര്‍. ‘ലയണ്‍ കിങിന്റെ’ ഹിന്ദി പകര്‍പ്പില്‍ മുസാഫ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഷാറൂഖ് ഖാനായിരുന്നു.

അതേസമയം തപ്‌സി ലൂപ് ലപ്പേട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. നിലവില്‍ അനുരാഗ് കശ്യപിന്റെ ‘ദേ ബാരാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. അതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റര്‍ മിഥാലി രാജിന്റെ ബയോപിക്കിന്റെ ഷൂട്ടിങ് ആരംഭിക്കും.

സഞ്ജു എന്ന ചിത്രമാണ് രാജ്കുമാര്‍ ഹിരാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഷാറൂഖാന്‍ ചിത്രത്തിന് മുമ്പ് മുന്നാ ഭായി എംബിബിഎസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാനിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2003ല്‍ പുറത്തിറങ്ങിയ മുന്നാ ഭായ് എംബിബിഎസ് രാജ്കുമാര്‍ ഹിരാനിയുടെ മികച്ച സിനിമകളില്‍ ഒന്നാണ്.

Latest News