‘ഇനിമേല്‍ ഞാന്‍ ചീപ്പല്ല കേട്ടോ’; ഇന്‍കം ടാക്‌സ് റെയ്‌ഡോടെ കോടീശ്വരിയായി, കങ്കണയ്ക്ക് നേരെ ഒളിയമ്പുമായി തപ്‌സി
ഇൻകം ടാക്സ് റെയ്‌ഡുമായി ബന്ധപ്പെട്ട് തപ്‌സിയുടെ ആദ്യ പ്രതികരണമാണിത്.
6 March 2021 2:20 AM GMT
ഫിൽമി റിപ്പോർട്ടർ

നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ പരിഹസിച്ച് നടി തപ്‌സി പന്നു. മൂന്നു ദിവസം നീണ്ടു നിന്ന തീവ്രമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയ മൂന്നു കാര്യങ്ങൾ എന്ന തലക്കെട്ടോടെയുള്ള മൂന്ന് ട്വീറ്റുകളിലൂടെയാണ് നടിയുടെ പ്രതികരണം. ഇൻകം ടാക്സ് റെയ്‌ഡുമായി ബന്ധപ്പെട്ട് തപ്‌സിയുടെ ആദ്യ പ്രതികരണമാണിത്.
തപ്‌സിയുടെ ട്വീറ്റ്
മൂന്നു വസ്തുക്കൾ തേടിയുള്ള മൂന്ന് ദിവസം നീണ്ടു നിന്ന തീവ്രമായ അന്വേഷണം
എന്റെ പേരിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പാരിസിലെ ബംഗ്ലാവിന്റെ താക്കോൽ. സമ്മർ അവധി അടുത്ത് വരികയാണല്ലോ.
എന്റെ കൈയിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ചു കോടി രൂപയുടെ റെസീപ്റ്റ്. കാരണം പണ്ട് ഞാനത് നിഷേധിച്ചിരുന്നല്ലോ.
നമ്മുടെ ധനകാര്യ മന്ത്രി പറയുന്ന 2013ലെ റെയ്ഡിനെപ്പറ്റിയുള്ള ഓർമ്മ.
ഇനിമേല്‍ ഞാന്‍ ചീപ്പല്ല കേട്ടോ.

തപ്‌സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാല്‍ തുടങ്ങിയ താരങ്ങളുടെ മുംബൈയിലെ ഓഫീസുകളിലും വീടുകളിലുമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ 650 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. അനുരാഗ് കശ്യപ്, വികാസ് ബാല്‍, മധു മന്ദേന തുടങ്ങിയവര്‍ ഒരുമിച്ചതാണ് 2011 ല്‍ ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. വികാസ് ബാലിനെതിരായ ലൈംഗികാരോപണത്തെ തുടര്‍ന്ന് കമ്പനി പിന്നീട് പിരിച്ചുവിടുകയായിരുന്നു.
തപ്സി പന്നുവും അനുരാഗ് കശ്യപും കേന്ദ്രത്തിനെതിരെ പരസ്യമായി വിവിധ വിഷയങ്ങളില്‍ രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയവരില്‍ പ്രധാനികളായിരുന്നു തപ്‌സിയും അനുരാഗ് കശ്യപും.